കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍; പ്രതീക്ഷയോടെ മലപ്പുറത്തെ പ്രവാസി കുടുംബങ്ങള്‍

Monday 1 August 2016 9:40 pm IST

മലപ്പുറം: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് സൗദിയില്‍ കുടുങ്ങിയ ഭാരതീയരെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി മലപ്പുറത്തെ പ്രവാസി കുടുംബങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. പൗരന്മാരുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന ധൈര്യം ഓരോ പ്രവാസിയുടെയും കുടുംബങ്ങള്‍ക്കുണ്ട്. 3.6 ദശലക്ഷം പ്രവാസികള്‍ കേരളത്തിലുണ്ട്. ഇതില്‍ 20.5 ശതമാനവും മലപ്പുറം ജില്ലക്കാരാണ്. 2013ലെ നിതാഖത്തില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരില്‍ ഏറെയും മലപ്പുറത്തുകാരാണ്. നോര്‍ക്കയുടെ കണക്കനുസരിച്ച് 1,616 പേര്‍ കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയിട്ടുണ്ട്. ഇതില്‍ 1,065 പേരും മലപ്പുറം ജില്ലക്കാരാണ്. ഇത്തവണയും നിരവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അവരെ തിരിച്ചെത്തിക്കാന്‍ പരിശ്രമിക്കുമ്പോള്‍, പുനരധിവസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കു പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രവാസികള്‍ നേരിട്ടത് കൊടിയ ദുരിതം. അടിക്കടി വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനയും നിതാഖത്തും തുടങ്ങി നൂറായിരം പ്രശ്‌നങ്ങള്‍. അന്നത്തെ പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയെ പ്രവാസി സംഘടനാ നേതാക്കള്‍ പലതവണ നേരിട്ട് കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും അനുകൂല നിലപാടുണ്ടായില്ല. പുനരധിവസിപ്പിക്കുമെന്ന പ്രഖ്യാപനങ്ങളും വെറുതെയായി. സ്വയം തൊഴില്‍ വായ്പകളും ലഭിച്ചില്ല. യൂണിയന്‍ ബാങ്കും എസ്ബിടിയും മാത്രമാണ് അല്‍പമെങ്കിലും വായ്പകള്‍ അനുവദിക്കാന്‍ ശ്രമിച്ചത്. നോര്‍ക്കയുടെ നിര്‍ദ്ദേശമുണ്ടായിട്ടും ബാങ്കുകള്‍ പ്രവാസികളില്‍ നിന്ന് അകലം പാലിച്ചു. സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ മുഖാന്തിരം പോയവരാണ് ഇപ്പോള്‍ സൗദിയിലുള്ളവരില്‍ ഭൂരിഭാഗവും. അടിയന്തര സാഹചര്യം മനസിലാക്കി ഇടപെട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമെന്നും തിരിച്ചെത്തുന്നവരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരള പ്രവാസി ഫെഡറേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി സി.ടി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.