ഇന്ന് കര്‍ക്കിടക വാവ്; പിതൃതര്‍പ്പണത്തിന് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍

Tuesday 2 August 2016 10:17 am IST

മലപ്പുറം: ഇന്ന് കര്‍ക്കിടക വാവ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പിതൃതര്‍പ്പണം നടക്കും. ക്ഷേത്രങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സമൂഹ പിതൃതര്‍പ്പണം നടക്കും. വഴിക്കടവ് തൃമൂര്‍ത്തി സംഗമസ്ഥാനം, എടക്കര ബലിക്കടവ് എന്നീ സ്ഥലങ്ങളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. വള്ളിക്കുന്ന്: വാവുബലി കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തയ്യിലകടവില്‍ ബലിതര്‍പ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മുതല്‍ ആറ് വരെ ബലിതര്‍പ്പണം നടക്കും. കരുവാരക്കുണ്ട്: കക്കറ ആലുങ്ങള്‍ ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ആലുങ്ങല്‍ കടവില്‍ ബലി തര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കി. രാവിലെ ആറ് മുതല്‍ നടക്കുന്ന ബലിതര്‍പ്പണം നടക്കും തിരുന്നാവായ: ശ്രീനവാമുകന്ദക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് ക്ഷേത്രനട തുറക്കുന്നതോടെ ബലിതര്‍പ്പണം ആരംഭിക്കും. ആയിരകണക്കിന് ആളുകള്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം നടത്താനാകും. ദേവസ്വത്തിന്റെ കീഴില്‍ നിയോഗിച്ച 16 കര്‍മ്മിള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. നിള ഓഡിറ്റോറിയത്തിലും പടിഞ്ഞാറെ ആല്‍ത്തറക്ക് സമീപവും പിതൃകര്‍മ്മ കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വയം ബലിയിടുന്ന ഭക്തജനങ്ങള്‍ക്കായി പടിഞ്ഞാറെ ആല്‍ത്തറകടവും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണസേന പുഴയില്‍ നിലയുറപ്പിക്കും. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി നാല് തോണിയും, ഒരു യന്ത്രവല്‍കൃത തോണിയും മുങ്ങല്‍ വിദ്ഗധരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ പോലീസ്, ഫയര്‍ഫോഴ്്‌സ്, മെഡിക്കല്‍ സംഘം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ക്ഷേത്രങ്ങളിലേ എക്‌സിക്യൂട്ടിവ് ഓഫീസര്‍മാര്‍, ക്ഷേത്രജീവനക്കാര്‍, ദേവസ്വം ഏര്‍പ്പെടുത്തിയ വളണ്ടിയേഴ്‌സ്, 300 സേവാഭാരതി പ്രവര്‍ത്തകര്‍ എന്നിവരെ സജ്ജമാക്കിയിട്ടുണ്ട്. കൊളത്തൂര്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടക്കും. ബലിദ്രവ്യങ്ങള്‍ ക്ഷേത്രക്കടവില്‍ വിതരണം ചെയ്യും. രാവിലെ അഞ്ച് മണി മുതല്‍ നടക്കുന്ന പിതൃതര്‍പ്പണത്തിന് ഏങ്ങണ്ടിയൂര്‍ അനില്‍ശാസ്ത്രിയും, തിലഹോമത്തിന് മേല്‍ശാന്തി കൃഷ്ണമുരാരിഭട്ടും മുഖ്യകാര്‍മ്മികത്വം വഹിക്കും. പരപ്പനങ്ങാടി: അരിയല്ലൂര്‍ എന്‍സി ഗാര്‍ഡന്‍സിന്റെ തെക്കുഭാഗം അരിയല്ലൂര്‍ കടപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതല്‍ ഏഴ് മണി വരെ പിതൃകര്‍മങ്ങള്‍ നടക്കും. കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് ചിറമംഗലം ഉണ്ണികൃഷ്ണനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.