ട്രോളിങ് കഴിഞ്ഞെത്തിയ ആദ്യ ബോട്ടുകള്‍ക്ക് മത്സ്യകൊയ്ത്ത്

Wednesday 3 August 2016 10:06 am IST

കൊല്ലം: ട്രോളിങ് നിരോധനം കഴിഞ്ഞെത്തിയ ബോട്ടുകള്‍ക്കു ചാകര. കഴന്തനും കിളിയും കണവയും ഹാര്‍ബറിലെത്തിയതില്‍ മിക്കവയും ഇടത്തരം ബോട്ടുകളാണ്. കരിക്കാടി കൊഞ്ചിന് ഒരു കുട്ടയ്ക്ക് 2500 മുതല്‍ 3000 രൂപ വരെയായിരുന്നു നീണ്ടകര ഹാര്‍ബറില്‍ വില്‍പ്പന. കഴന്തന് 3500 രൂപയ്ക്ക് മുകളില്‍ വില ലഭിച്ചു. സാധാരണ നിലയില്‍ ചെറിയ കരിക്കാടിയാണ് ആദ്യദിനങ്ങളില്‍ ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിലയില്‍ കുറവുണ്ട്. നീണ്ടകരയില്‍ ചില ബോട്ടുകളില്‍ ചെറിയ അളവില്‍ കിളിമീന്‍ ലഭിച്ചിരുന്നു. ഒരു കുട്ടയ്ക്ക് 10000 രൂപ വരെ ഇവിടെ വില ലഭിച്ചു. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ടുകളില്‍ ചിലത് ഇന്ന് കര്‍ക്കിടക വാവായതിനാല്‍ പുലര്‍ച്ചയോടെ തീരത്തെത്തിയേക്കും. ഇന്നലെ കിളിമീന്‍ ലഭിച്ച ചില ബോട്ടുകള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ ലഭിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മത്സ്യലഭ്യതയിലും വിലയിലും ചെറിയ കുറവുണ്ടെങ്കിലും വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്നാണ് ബോട്ടുകാര്‍ പറയുന്നത്. ഇന്നലെ രാവിലെമുതല്‍ തന്നെ നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍ മല്‍സ്യം വാങ്ങാനെത്തുന്ന കച്ചവടക്കാരുടെയും തിരക്കായിരുന്നു. ട്രോളിങ് നിരോധനം പിന്‍വലിക്കുന്ന ആദ്യത്തെ ഒരാഴ്ചയോളം ചാകര പെയ്ത്തുണ്ടാകാറുണ്ട്. കൊഞ്ചുകളോടൊപ്പം കിളിമീന്‍, ചൂര, സ്രാവ് തുടങ്ങിയ മീനുകളാണ് കൂടുതലായി ലഭിക്കുന്നത്. ട്രോളിങ് നിരോധനംപിന്‍വലിച്ചതോടെ നീണ്ടകര ഹാര്‍ബര്‍ വീണ്ടും സജീവമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.