​ഉ​ദ്യാ​ന​ഭ​ഞ്ജ​നം​

Tuesday 2 August 2016 8:47 pm IST

രാവണന്‍ സീതയോട് അനുനയത്തില്‍ സംസാരിക്കുന്നു. ''ഞാന്‍ നിന്നെക്കൊണ്ടുവന്നത് നിന്നില്‍ സ്‌നേഹം തോന്നിയിട്ടാണ്. നിനക്കിവിടെ എന്റെ പട്ടമഹിഷിയായി മണ്ഡോദരിയെപ്പോലെ സുഖമായി കഴിയരുതോ? ഒന്നിനും പറ്റാത്ത രാമനെയങ്ങു മറന്നു കളയണം. ''പതിവ്രയായ എന്നോട് ഇങ്ങനെ സംസാരിക്കരുത്. ഞാനൊരു ഉന്നത കുലജാതയാണ്. രാമന്റെ നിഴലിനോളം മഹത്വമില്ല രാക്ഷസ രാജാവിന്. ''സീതയിങ്ങനെ പറഞ്ഞപ്പോള്‍'' ഒരുമാസം ഞാന്‍ തരുന്നു. അതിനകം മനസ്സു മാറ്റിയാല്‍ നന്ന്. ഇല്ലെങ്കില്‍ ഞാന്‍ കഷ്ണം കഷ്ണമാക്കും. ഇവിടെക്ക് ഒരാള്‍ക്കും നിന്നെ സഹായിക്കാനാവില്ല. അതിനാല്‍ വഴിക്കുവരുന്നതാണ് നല്ലത്. എന്ന് രാക്ഷസന്‍ പരുഷമായി പറഞ്ഞു. രാക്ഷസിമാരോട്, നിങ്ങള്‍ സ്‌നേഹത്തോടെയും അല്ലാതെയും ഇവളുടെ മനസ്സ് മാറ്റിയെടുക്കണം. എന്ന് പറഞ്ഞ് രാവണന്‍ യാത്രയായി. രാവണന്‍ പോയതും രാക്ഷസിമാര്‍ സീതയോട് പലതും പറഞ്ഞു തുടങ്ങി. പൊട്ടിക്കരഞ്ഞുകൊണ്ട് സീത രാമനെ വിളിച്ച് കരഞ്ഞു. സന്ധ്യ കഴിഞ്ഞ് മദ്യവും മാംസവും കഴിച്ച് രാക്ഷസിമാര്‍ കൂര്‍ക്കംവലി തുടങ്ങിയപ്പോള്‍ ഹനുമാന്‍ മൃദുസ്വരത്തില്‍ രാമചരിതം പറഞ്ഞു. ഉറക്കം വരാത്ത സീതയതു കേട്ടു. ആരാണിത്? എന്നു പറഞ്ഞുനോക്കിയപ്പോള്‍ ഹനുമാനെ കണ്ട് ഇത് രാക്ഷസന്‍ തന്നെയെന്നു ചിന്തിച്ചു. തുളസീദാസ രാമായണത്തില്‍ ആത്മഹത്യക്ക് ചിത കൊളുത്താന്‍ കനലന്വേഷിക്കുന്ന സീതയുടെ മുന്നിലേക്ക് ശ്രീരാമന്‍ തന്ന മുദ്ര മോതിരം ഹനുമാന്‍ ഇട്ടുകൊടുക്കുന്നു. അതെടുത്ത സീത ഇതെങ്ങനെയെത്തിയെന്നു വിസ്മയിക്കുമ്പോള്‍ ഹനുമാന്‍ മുന്നിലെത്തുന്നു. രാക്ഷസനെന്നു കരുതി സംശയിക്കുന്ന സീതയോട് ഹനുമാന്‍ സീതാപഹരണം മുതല്‍ സുഗ്രീവസഖ്യം, ബാലിവധം, സമുദ്രലംഘനം മുതലായവ എല്ലാം പറഞ്ഞു കേള്‍പ്പിച്ചു. വിശ്വാസം വന്നു തുടങ്ങിയ സീത രാമന്റെയും ലക്ഷ്മണന്റെയും വിശേഷങ്ങള്‍ ചോദിക്കയും രാമനിങ്ങു വരാന്‍ എന്തുവഴി ശങ്കിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നു തന്നെ ഇവന്‍ മായാവിയാണെങ്കിലോ എന്നു സംശയിച്ച് മൗനം ധരിച്ചു. എന്നാല്‍ ഹൃദയം സന്തോഷംകൊണ്ട് തിങ്ങി നിറയുന്നത് അനുഭവപ്പെടുകയും ചെയ്തു. അപ്പോഴാണ് ഹനുമാന്‍ മോതിരവും അടയാളവാക്യവും കൊടുക്കുന്നത്. മാത്രമല്ല, ദേവിയെ ഞാന്‍ ഉടനെ കൊണ്ടുപോകാമെന്നും പറഞ്ഞു. എന്നെ അപഹരിച്ചതിന് രാവണന്‍ ശിക്ഷിക്കപ്പെടണമെന്നും പരപുരുഷസ്പര്‍ശം വര്‍ജിതമാണെന്നും ശ്രീരാമന്റെ യശസ്സിന് ഞാനിവിടെനിന്ന് ഒളിച്ചോടിയാല്‍ കോട്ടംതട്ടുമെന്നു പറഞ്ഞ് സീത ആ നിര്‍ദ്ദേശം നന്ദിപൂര്‍വം തിരസ്‌കരിച്ചു. ഹനുമാന്റെ കൈയില്‍ ചൂഡാരത്‌നവും ജയന്തന്റെ കഥ അടയാളവാക്യമായും കൊടുത്തു. ഹനുമാന്റെ മനസ്സില്‍ ഉടനെ ഒരു കാര്യം വന്നു. അശോകവനികയും അടുത്തുള്ള ചൈത്യവനവും നശിപ്പിച്ചാല്‍ രാവണന്‍ വിവരമറിഞ്ഞ് തന്നെ പിടിക്കാനാളയ്ക്കും. അതുവഴി രാക്ഷസന്മാരുടെ കരുത്തും സൈനിക വിവരങ്ങളും അറിയാനാവും. ഈ വിവരങ്ങള്‍ സുഗ്രീവ രാജാവിനും ശ്രീരാമഭഗവാനും പിന്നീട് സഹായകമാവും. ഇങ്ങനെ ചിന്തിച്ച് ഓരോ മരങ്ങളെ പിഴുതിടാന്‍ തുടങ്ങി. വായു ഭഗവാനും പുത്രനെ സഹായിക്കാന്‍ ആഞ്ഞുവീശി മരങ്ങള്‍ പിഴുതു. രാക്ഷസിമാര്‍ ഞെട്ടിയുണര്‍ന്ന് രാവണനെ വിവരമറിയിച്ചു. ഹനുമാനെ പിടിക്കാന്‍ ആദ്യം ചെല്ലുന്നത് കിങ്കരന്മാരാണ്, 80,000 പേര്‍. അവരെ മാരുതി ചുരുങ്ങിയനേരം കൊണ്ട് കൊന്നുകളഞ്ഞു. രാവണന്‍ അഹങ്കാരത്തിന്റെ മൂര്‍ത്തിയാണ്. അഹങ്കാരയുക്തമായ കര്‍മ്മസംസ്‌കാരമാണ് കിങ്കരന്മാര്‍, അവയെ ഊര്‍ദ്ധ്വ േരതസ്സായ പ്രാണായാമ പരാംഗതനായ സത്വബുദ്ധി വളരെ പെട്ടെന്ന് ഇല്ലായ്മ ചെയ്യുന്നു. ഇതാണീ സംഭവത്തിന്റെ സാരമെന്നും കരുതാം. പിന്നെ ഏറ്റുമുട്ടാന്‍ ചെല്ലുന്നത് അഞ്ചു സേനാപതികളുടെ നേതൃത്വത്തിലുള്ള രക്ഷോസൈന്യമാണ്. അരക്കരുടെ ആത്മവിശ്വാസം നിറഞ്ഞ, .അവരിതേവരെ ഭയമറിഞ്ഞിട്ടില്ലല്ലോ, ആരവം കേട്ട മാരുതിയും അട്ടഹാസം ചെയ്തു. അതുകേട്ട് പക്ഷികള്‍ ചത്തുവീഴുകയും നിരവധി രാക്ഷസര്‍ ബോധം കെടുകയും ചെയ്തു. അമ്പേറ്റ് മുറിവുപറ്റിയ ഹനുമാന്‍ അവരെയെല്ലാം പെട്ടെന്നു തന്നെ കൊന്നു. ''ഇന്നുവരെ ദേവന്മാര്‍ക്കുപോലും തോല്‍പ്പിക്കാനാവാത്തവരെ ഒരു കുരങ്ങന്‍ കൊല്ലുകയോ? ഇതെന്താ എല്ലാ ദേവന്മാരുടെ കരുത്തും കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയ സത്ത്വമോ? എന്നു രാവണന്‍ അതിശയിക്കുന്നു. പിന്നീട് രാവണ പുത്രന്‍ അക്ഷകുമാരന്‍ ഹനുമാനോട് പൊരുതി. അവന്റെ അമ്പെയ്ത്തു പാടവം കണ്ട് വിസ്മയിച്ച ഹനുമാന്‍ ഒരു അഭ്യാസിയെപ്പോലെ ഒഴിഞ്ഞുമാറി. അവന്റെ കുട്ടിത്തം കണ്ട് കൊല്ലാന്‍ തോന്നുന്നില്ല എന്നു മനസ്സില്‍ കരുതുകയും ചെയ്തു. അവസാനം അവന്റെ കാലില്‍ പിടിച്ചു ചുഴറ്റി നിലത്തടിച്ചു. പുത്രന്‍ മരിച്ച വിവരമറിഞ്ഞ് രാവണന്‍ പരിതപിച്ചു. ഇന്ദ്രജിത്തിനെ വരുത്തി. ഇത്രയും വീരരെ കൊന്ന ഇവനെതിരെ സൈന്യബലം മാത്രം പോരാ. തന്ത്രവും വേണം, നീ കരുതലോടെ പോവണം, എന്നുപറഞ്ഞ് ഹനുമാനെ പിടിക്കാനയച്ചു. തന്റെ ഏറ്റവും വലിയ ആയുധത്തെ ശത്രുവിന് കാട്ടിക്കൊടുക്കുന്നത് യുദ്ധതന്ത്രത്തില്‍ പരാജയമാണ്. ഇതാണ് രാവണനിവിടെ ചെയ്യുന്നതും. ഇതാണ് ഹനുമാന്‍ ആഗ്രഹിച്ചതും. ഇന്നത്തെ സുഭാഷിതം കാര്യേകര്‍മ്മണി നിവൃത്തോ യോ ബഹൂന്യപി സാധയേത് പൂര്‍വകാര്യാവിരോധേന സകാര്യം കര്‍ത്തുമര്‍ഹതി പ്രമുഖ കര്‍ത്തവ്യം നിറവേറ്റിയശേഷം മറ്റു പല കാര്യങ്ങളും കൂടെ ചെയ്യുന്നവനും. ആദ്യ കാര്യത്തിനു തടസം വരുത്താത്തവനും ആരോ, അവന്‍ സുഗമമായി കാര്യം ചെയ്യുന്നവനാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.