ചരക്കു സേവന നികുതി ബില്‍ ഇന്ന് രാജ്യസഭയില്‍

Tuesday 2 August 2016 11:56 pm IST

  ന്യൂദല്‍ഹി: രാജ്യത്തിന്റെ സമ്പദ് വളര്‍ച്ചയ്ക്ക് വന്‍ കുതിപ്പേകാന്‍ സഹായിക്കുന്ന ചരക്കു സേവന നികുതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ബില്ലിനെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ സഹകരണത്തോടെ പാസാക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയിലെത്തി. ജിഎസ്ടി പാസാകുന്നതോടെ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ ഒന്നര ശതമാനത്തിന്റെ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് കണക്ക്. എല്ലാ എംപിമാരും ഇന്ന് സഭയിലുണ്ടാകണമെന്ന് നിര്‍ദ്ദേശിച്ച് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വിപ്പ് കൈമാറി. 243 അംഗങ്ങളുള്ള രാജ്യസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന് 162 വോട്ടുകളാണ് വേണ്ടത്. ഭരണഘടനാ ഭേദഗതി ബില്ലായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വേണം ബില്‍ സഭ പാസാക്കേണ്ടത്. എന്‍ഡിഎയുടെ 65 അംഗങ്ങള്‍ക്ക് പുറമേ എസ്പിയുടെ 19, തൃണമൂല്‍ കോണ്‍ഗ്രസിന്റെ 12, ബിഎസ്പിയുടെ ആറ്, നോമിനേറ്റഡ് അംഗങ്ങളുടെ പത്ത് എന്നിങ്ങനെ അമ്പതോളം പേരുടെ പിന്തുണയും എന്‍ഡിഎ ക്യാമ്പ് കണക്കുകൂട്ടുന്നു. 60 അംഗങ്ങളുള്ള കോണ്‍ഗ്രസുമായി കേന്ദ്ര സര്‍ക്കാര്‍ ഇതിനകം ധാരണയിലെത്തി. എന്നാല്‍, സഭയ്ക്കകത്ത് കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജിഎസ്ടി വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്തു. കോണ്‍ഗ്രസ് ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും ജിഎസ്ടി ഭരണഘടനാ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആനന്ദ് ശര്‍മ്മ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ബില്ലിനെ ഇന്ന് സഭയില്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നതിന്റെ വ്യക്തമായ സന്ദേശമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിനെ കണക്കാക്കുന്നത്. രാജ്യത്തൊട്ടാകെ ഏകീകൃത നികുതി ഘടന കൊണ്ടുവരികയെന്ന ലക്ഷ്യത്തിനായി ലോക്‌സഭ പാസാക്കിയ 122-ാം ഭരണഘടനാ ഭേദഗതി ബില്ലായാണ് ജിഎസ്ടി രാജ്യസഭയിലെത്തുന്നത്. ലോക്‌സഭ പാസാക്കിയ ബില്ലിലെ ചില വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം അധിക നികുതി ഈടാക്കുന്നതടക്കം ഒന്‍പതോളം ഭേദഗതികളാണ് കേന്ദ്രധനമന്ത്രാലയം കൊണ്ടുവന്നത്. നികുതി പരിധി പതിനെട്ടു ശതമാനമായി നിജപ്പെടുത്തുന്ന നിര്‍ണ്ണായക വ്യവസ്ഥ ഭരണഘടനാ ബില്ലിന്റെ ഭാഗമായി ഉണ്ടാകില്ലെന്നാണ് സൂചന. കോണ്‍ഗ്രസ് ബില്ലിനനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ധാരണയിലെത്തിയെങ്കിലും ഇടതു പാര്‍ട്ടികള്‍ ഇതുവരെ നിലപാടെടുത്തിട്ടില്ല. കേരള സര്‍ക്കാര്‍ ജിഎസ്ടിയെ അനൂകൂലിച്ച് തീരുമാനം പറഞ്ഞെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം തീരുമാനമെടുത്തിട്ടില്ല. സിപിഎമ്മിന് എട്ടു പേരും സിപിഐക്ക് ഒരംഗവുമാണ് രാജ്യസഭയിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.