ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവാന്‍ യോഗ്യതയില്ലാത്തവന്‍: ബരാക് ഒബാമ

Wednesday 3 August 2016 10:07 am IST

വാഷിങ്‌ടെണ്‍: അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രംഗത്ത്. പ്രസിഡന്റാകാനുള്ള  യോഗ്യത ട്രംപിനില്ലെന്ന് അദ്ദേഹം ഓരോവട്ടവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും ഒബാമ പറഞ്ഞു.  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ എന്തിന് ട്രംപിനെ പിന്തുണക്കുന്നുവെന്ന് ഒബാമ പ്രതികരിച്ചു. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഒബാമ ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കഴിഞ്ഞയാഴ്ച ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അത് സത്യമാണെന്ന് തെളിയിക്കുകയാണ് ട്രംപ്. ഒബാമ പറഞ്ഞു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങിയ നിര്‍ണായക പ്രശ്നങ്ങളെ കുറിച്ചുള്ള സാമാന്യമായ അറിവ് പോലും ട്രംപിന് ഇല്ലെന്ന് ഒബാമ വിമര്‍ശിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത് ഒബാമ അഭിപ്രായപ്പെട്ടു. ട്രംപിന്റെ തുടര്‍ച്ചയായുള്ള വിവാദ പരാമര്‍ശങ്ങളെ ജോണ്‍ മകെയിന്‍ ഉള്‍പ്പെടെയുള്ള പല പാര്‍ട്ടി നേതാക്കളും തുടര്‍ച്ചയായി അപലപിക്കുകയാണ്. ഈ സാഹചര്യത്തില്‍ ട്രംപിനെ എന്തിന് പിന്തുണയ്ക്കണം എന്ന് അവര്‍ സ്വയം ചോദിക്കണമെന്നും ഒബാമ പറഞ്ഞു. ഇറാക്കില്‍ കൊല്ലപ്പെട്ട യുഎസ് ആര്‍മി ക്യാപ്റ്റന്‍ ഹുമയുണ്‍ഖാന്റെ കുടുംബത്തെക്കുറിച്ച് ആദരവില്ലാതെ ട്രംപ് സംസാരിച്ചത് ഒട്ടും ശരിയായില്ല. യൂറോപ്പ്, പശ്ചിമേഷ്യ, ഏഷ്യന്‍ മേഖലകളെക്കുറിച്ച് ട്രംപിന് കാര്യമായ ജ്ഞാനമില്ല. എന്നിട്ടും അദ്ദേഹം ഓരോ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ്. ട്രംപിന്റെ നിലപാടുകളോടും പ്രസ്താവനകളോടും എതിര്‍പ്പുണ്ടെന്നു പ്രസ്താവിക്കുന്ന റിപ്പബ്ലിക്കന്‍ നേതാക്കള്‍ അദ്ദേഹത്തെ തുടര്‍ന്നും പിന്തുണയ്ക്കുന്നതു ശരിയല്ലെന്ന് പത്രസമ്മേളനത്തില്‍ ഒബാമ പറഞ്ഞു. കഴിഞ്ഞ ദിവസം ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. ഹിലരിയെ ചെകുത്താനെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.