കൃഷിയിടം കാണാന്‍ പ്രകാശന്‍ വിളിച്ചു; തൊഗാഡിയ വയനാട്ടിലെത്തി

Wednesday 3 August 2016 10:52 am IST

തൊഗാഡിയ ജൈവവള നിര്‍മ്മാണ പരിശീലനം നല്‍കുന്നു. പ്രകാശന്‍ സമീപം

കോഴിക്കോട്: വയനാട് പുല്‍പ്പള്ളിയിലെ മുള്ളന്‍കൊല്ലിപഞ്ചായത്തില്‍ ചണ്ണോത്ത് കൊല്ലിയിലെ പടിയഞ്ചേരിയില്‍ പ്രകാശന്‍ വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. പ്രവീണ്‍ തൊഗാഡിയയെ വിളിച്ചു. ഹൈന്ദവ സമ്മേളനത്തിനോ സത്സംഗത്തിനോ പങ്കെടുക്കാനല്ല. സമൃദ്ധി വിളയുന്ന തന്റെ കൃഷിയിടം കാണാന്‍ തിരക്കുകള്‍ക്കിടയിലും തൊഗാഡിയ ഇക്കഴിഞ്ഞ ദിവസം പ്രകാശനെ തേടിയെത്തി. കര്‍ഷകരെ രക്ഷിക്കാന്‍ ഡോ. പ്രവീണ്‍ തൊഗാഡിയ ആവിഷ്‌കരിച്ച സമൃദ്ധ കിസാന്‍ പദ്ധതി നടപ്പിലാക്കിയതിലൂടെ പ്രകാശന്‍ അദ്ദേഹത്തിന്റെ പദ്ധതിയുടെ അംബാസിഡര്‍ ആവുകയായിരുന്നു.
ആത്മഹത്യയുടെ മുനമ്പില്‍ നിന്ന് കര്‍ഷകരെ, ചെലവ് രഹിത – ചെലവ് കുറഞ്ഞ കൃഷി സമ്പ്രദായത്തിലൂടെ രക്ഷിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഡോ.പ്രവീണ്‍ തൊഗാഡിയ സമൃദ്ധ കിസാന്‍ അഭിയാന്‍ ആവിഷ്‌കരിച്ചത്. ഗുജറാത്തിലെ സൗരാഷ്ട്രയിലെ ഒരുകര്‍ഷക കുടുംബത്തില്‍ ജനിച്ച പ്രവീണ്‍ തൊഗാഡിയക്ക് കൃഷി ഒരു പുതിയ പാഠമായിരുന്നില്ല. കൃഷിയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത ഭൂതകാലത്തില്‍ നിന്നാണ് മെഡിക്കല്‍ ബിരുദവും തുടര്‍ന്ന് പ്രശസ്തനായ അര്‍ബുദ ചികിത്സകനുമായി തൊഗാഡിയ മാറുന്നത്.
യുപി, ബിഹാര്‍, മഹാരാഷ്ട്ര,കേരളം തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ കൂട്ടആത്മഹത്യ പതിവായപ്പോഴാണ് അവരെ രക്ഷിക്കാന്‍ പ്രവീണ്‍ തൊഗാഡിയ പദ്ധതി ആവിഷ്‌കരിച്ചത്. സീറോ ബജറ്റ് കൃഷിയിലൂടെ കര്‍ഷകരെ സമൃദ്ധരാക്കുക, രാസവളവും കീടനാശിനികളും ഉപയോഗിക്കാത്ത കൃഷിയിലൂടെ മണ്ണും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുക ഇതാണ് തൊഗാഡിയയുടെ കാര്‍ഷിക രീതിയുടെ സവിശേഷതകള്‍. 2015 ജൂണില്‍ തിരുവല്ലയില്‍ നടന്ന പരിശീലനത്തില്‍ നിന്നാണ് പുല്‍പ്പള്ളി സ്വദേശി പ്രകാശന്‍ സമൃദ്ധി കിസാന്‍ പദ്ധതിയെയും പ്രവീണ്‍ തൊഗാഡിയയെയും പരിചയപ്പെടുന്നത്. കൃഷി നഷ്ടത്തിലായി. പുറത്ത് കൂലിപ്പണിക്ക് പോയി തുടങ്ങിയകാലവുമായിരുന്നു അത്. തെങ്ങിന് മണ്ഡരി ബാധിച്ചു. കുരുമുളക് ചതിച്ചു. നെല്ല് വിളയുന്നത് പാതിയായി. എന്നാല്‍ തൊഗാഡിയ നല്‍കിയ പാഠങ്ങള്‍ അക്ഷരം പ്രതി പാലിച്ച് മണ്ണിരകമ്പോസ്റ്റ്, അമൃതഭൂമി, ജീവാമൃതം, ബീജാമൃതം, പഞ്ചഗവ്യം, തുടങ്ങിയ കൃഷി രീതികള്‍ നടപ്പാക്കുകയും ചെയ്യുകയായിരുന്നു പ്രകാശന്‍. അതിലൂടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കൃഷിയില്‍ നിന്നും പ്രകാശന്‍ നേട്ടങ്ങള്‍ കൊയ്യാന്‍ തുടങ്ങി.
‘ഒരു വര്‍ഷം കൊണ്ട് രണ്ടു ലക്ഷം രൂപയുടെ അധികനേട്ടമാണ് പ്രകാശന്‍ ഉണ്ടാക്കിയത് ഒരു ക്വിന്റല്‍ കുരുമുളക് ലഭിച്ചിടത്ത് പ്രകാശന് നാല് ക്വിന്റല്‍ കുരുമുളക് കിട്ടി, നെല്ല് ഉല്‍പാദനത്തിലും വര്‍ദ്ധനവുണ്ടായി മണ്ഡരി ബാധിച്ച തെങ്ങ് വിളവ് നല്‍കാന്‍ തുടങ്ങി. പ്രകാശന്റെ കൃഷിയിടം കാണാനും അവിടെ മറ്റ് കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനുമാണ് തൊഗാഡിയ കഴിഞ്ഞ ദിവസം വയനാട്ടിലേക്ക് പോയത്. നൂറ് ഗ്രാമങ്ങളില്‍ നിന്ന് എത്തിയ ഇരുനൂറോളം കര്‍ഷകര്‍ അവിടെയുണ്ടായിരുന്നു. അവര്‍ക്കും കൃഷിരീതികളില്‍ പരിശീലനം നല്‍കിയിട്ടുണ്ട് – ഡോ. പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. ‘
കൃഷി ഭാരതീയന് ലാഭമുണ്ടാക്കാനുള്ള ഒരു മത്സരമായിരുന്നില്ല. ധര്‍മ്മാധിഷ്ഠിതമായ ഒരു കാര്‍ഷിക വൃത്തിയാണ് നമുക്കുള്ളത്. കൃഷിയിലൂടെ പ്രകൃതിയേയും സംരക്ഷിക്കുക എന്നുള്ളതായിരുന്നു നമ്മുടെ രീതി. എന്നാല്‍ പുതിയ കൃഷി രീതികള്‍ നമ്മുടെ നാടിനെ യും മണ്ണിനെയും തകര്‍ത്തു. ഇന്ന് രാജ്യത്തെ അമ്പത്തിരണ്ട് ശതമാനം കര്‍ഷകര്‍ കടക്കെണിയിലാണ്. 90 ന് ശേഷം കാര്‍ഷികോത്പാദന നിരക്ക് കുത്തനെ കുറഞ്ഞു. അമിതമായ രാസവള പ്രയോഗം മണ്ണിനെയും കര്‍ഷകനെയും ദരിദ്രമാക്കി. ഇതില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗ്ഗമാണ് സമൃദ്ധ കിസാന്‍ പദ്ധതി. ആദ്യ ഘട്ടത്തില്‍ ആന്ധ്ര, രാജസ്ഥാന്‍, ഗുജറാത്ത്, കേരളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഭാരതത്തിലെ എല്ലാ ജില്ലകളിലെയും ഇത് വ്യാപിപ്പിക്കും. കേരളത്തില്‍ വയനാട് ജില്ല പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് പദ്ധതി വിജയകരമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.