മുംബയ്-ഗോവ ഹൈവേയിലെ പാലം തകര്‍ന്ന് രണ്ട് മരണം

Wednesday 3 August 2016 5:03 pm IST

മുംബയ്: കനത്ത മഴയിലും പ്രളയത്തിലും മഹാരാഷ്ട്രയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സാവിത്രി നദിക്ക് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. അപകടത്തില്‍ രണ്ട് ബസുകളുള്‍പ്പടെ നാല് വാഹനങ്ങളും അതിലുണ്ടായിരുന്ന ഇരുപതോളം പേരെയും കാണാതായി. ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഒരു പാലവും പുതിയതായി നിര്‍മിച്ച മറ്റൊരു പാലവുമാണ് ഉണ്ടായിരുന്നത്. അതില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലമാണ് തകര്‍ന്നത്. നദി കര കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് പാലത്തിന്റെ തൂണികള്‍ തകര്‍ന്നതും അപകടം സംഭവിച്ചതും. സംഭവസ്ഥലത്ത് എത്തിയ ജില്ലാ അധികൃതരും പോലീസും അടുത്തായുള്ള മറ്റൊരു പാലത്തിലൂടെ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. മുങ്ങല്‍ വിദഗ്ദധര്‍ അടക്കം ദേശീയ ദുരന്ത നിവാരണ സേനയുടെ എണ്‍പതു ഉദ്യോഗസ്ഥര്‍ അടങ്ങുന്ന മൂന്നു സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. അവര്‍ നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസുകളാണ് വെള്ളത്തില്‍ ഒലിച്ചു പോയതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.