വായു പുത്രന്‍റെ ലങ്കാദഹനം

Wednesday 3 August 2016 6:49 pm IST

പിതാവിന്റെ ദുഃഖം അകറ്റാന്‍ സുന്ദരമായൊരു രഥത്തില്‍ ഹനുമാന്റെയടുത്തേക്കു നീങ്ങി. കാത്തുനിന്നിരുന്നപോലെ ഹനുമാന്‍ ചാടി വീണ് രഥം തകര്‍ത്തു. ഇന്ദ്രജിത് സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. മറ്റൊരു രഥത്തിലേറി മാരുതിക്കുനേരെ അസംഖ്യം അസ്ത്രങ്ങളയച്ചു. മാരുതി എല്ലാത്തില്‍നിന്നും സമര്‍ത്ഥമായി ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നുവെങ്കിലും ഓരോ രോമകൂപവും നാലായി കീറി. അവസാനം ഇന്ദ്രിജിത്ത് ബ്രഹ്മാസ്ത്രം തൊടുത്തു. അത് ഹനുമാനെ കൊല്ലാനല്ല ബന്ധനസ്ഥനാക്കാനായിരുന്നു. ബ്രഹ്മാസ്ത്രത്തെ ബഹുമാനിച്ചുകൊണ്ട് മാരുതി ബോധംകെട്ടു വീണു. എന്നാല്‍ നേരത്തെ ബ്രഹ്മാവിന്റെ വരമുണ്ടായിരുന്നതിനാല്‍ ബോധം തെളിയുകയും ചെയ്തു. എന്നാല്‍ ബന്ധനത്തില്‍നിന്ന് മുക്തനാകാന്‍ കഴിയുമായിരുന്നില്ല. അപ്പോള്‍ ബോധക്കേടഭിനയിച്ച് ഹനുമാന്‍ ഇതു രാവണനെ കാണാന്‍ നല്ല ഒരു അവസരമാക്കാമല്ലൊ എന്നുചിന്തിച്ച് അനങ്ങാതെ കിടന്നു. ബ്രഹ്മാസ്ത്രത്തെപ്പറ്റിയറിയാത്ത വാനരര്‍ തത്സമയം അദ്ദേഹംത്തെ കയറുകള്‍ കൊണ്ട് കെട്ടി. അതോടെ ബ്രഹ്മാസ്ത്രത്തിന്റെ ബന്ധനവുമൊഴിഞ്ഞു. ഹനുമാനെ രാവണനു മുന്നില്‍ കൊണ്ടുവന്നപ്പോഴാണ് രാക്ഷസന്മാര്‍ കാട്ടിയ തെറ്റ് ഇന്ദ്രജിത്ത് കണ്ടത്. രണ്ടാമത് ബ്രഹ്മാസ്ത്രം പ്രയോഗിക്കാനുമാവില്ല. വരുന്നപോലെ കാണാം എന്നയാള്‍ ചിന്തിച്ചു. ഹനുമാനോട് ചോദ്യം ചോദിക്കാന്‍ പ്രഹസ്തനോട് രാവണന്‍ പറഞ്ഞു. ''നീയാര്? എന്തിനിവിടെ വന്നു, പേടിക്കേണ്ട. എല്ലാം തുറന്നുപറഞ്ഞാല്‍ നിന്നെ കൊല്ലാതെ വിടാം'' എന്നെല്ലാം പ്രഹസ്തന്‍ പറഞ്ഞപ്പോള്‍ ''ഞാന്‍ മാരുതനന്ദനന്‍ ഹനുമാന്‍. രാജാവ് സുഗ്രീവന്റെ മന്ത്രി. സുഗ്രീവരാജാവ് ശ്രീരാമചന്ദ്രന്‍ എന്നിവര്‍ പറഞ്ഞതനുസരിച്ച് ഇവിടെയെത്തി. സീതാദേവിയെ കാണാനാണ് വന്നത്. സ്വപ്രകൃതം കാരണം പ്രമദവനത്തിലും ചൈത്യവനത്തിലും കടന്നപ്പോള്‍ രാക്ഷസന്മാര്‍ആക്രമിച്ചതിനാലാണ് അവരെ കൊന്നത്. വേഗം തന്നെ പതിവ്രതാരത്‌നമായ സീതയെ ശ്രീരാമനെ ഏല്‍പ്പിച്ച് ശരണം പ്രാപിച്ചില്ലെങ്കില്‍ രാവണനും ലങ്കയും രാക്ഷസവംശവും നാമാവശേഷമായിപ്പോകും. ശ്രീരാമചന്ദ്രന്‍ മഹാപ്രതാപിയാണ് മൂന്നുലോകങ്ങള്‍ക്കും അധിപതിയാണ്. ആ രാമനെ നിങ്ങള്‍ ശരണം പ്രാപിക്കുക. എന്നെ സംബന്ധിച്ചിടത്തോളം നൂറായാരം രാവണന്മാര്‍ ചേര്‍ന്നാലും എനിക്കൊപ്പമാവില്ല എന്നുധരിച്ചോളൂ. എന്നിങ്ങനെ മാരുതിയുടെ മറുപടികേട്ട് രാവണന്റെ ക്രോധം കത്തിക്കാളി. ''ആരുമില്ലോ ഈധിക്കാരിയായ കള്ള വാനരനെ വെട്ടിനുറക്കാന്‍. ദേവന്മാര്‍പോലും ഭയക്കുന്ന എന്റെ മുന്നിലിരുന്ന് ഒപ്പം സംസാരിക്കുന്ന ഇവനെ ഇക്ഷണം വധിക്കുക.'' എന്ന് രാവണന്‍ അലറി. അപ്പോള്‍ വിഭീഷണന്‍ ഇടപെട്ട് ദൂതനെ കൊല്ലരുതെന്നാണ് പാരമ്പര്യവും ശാസ്ത്രങ്ങളും പറയുന്നത്. ഇവനെ അംഗവൈകല്യം വരുത്തിവിടാം. അങ്ങ് രാക്ഷസേന്ദ്രനും ശാസ്ത്രജ്ഞാനിയുമായിട്ട് ഒരു ദൂതനെ കൊന്നു എന്നു വരുത്തേണ്ട. എന്ന് ഉപദേശിച്ചു. കോപം ഒന്നുശമിപ്പിച്ച് രാവണന്‍ ''അനിയന്‍ പറഞ്ഞത് നേരാണ് ഇവന്റെ വാലില്‍ തീകൊളുത്തുവിന്‍. വാലുകരിഞ്ഞ ഇവനെകണ്ട് വാനരന്മാര്‍പോലും കൂടെ കൂട്ടില്ല. '' എന്ന് ആജ്ഞകൊടുത്തു. ഹനുമാനേയുംകൊണ്ട് രാക്ഷസര്‍പോയി. വാലിന്മേല്‍ തുണിചുറ്റുന്തോറും വാല്‍ വളര്‍ന്നുകൊണ്ടിരുന്നു. കുറെകഴിഞ്ഞ് തുണികളെല്ലാം തീര്‍ന്നപ്പോള്‍ എണ്ണഒഴിച്ച് വാലിന് തീകൊളുത്തി. ഹനുമാനേയുംകൊണ്ട് ആര്‍ത്തുവിളിച്ച് അരക്കര്‍യാത്രയായി. പുറത്തെത്തിയതും ശരീരം ലഘുവാക്കി ഹനുമാനെ ബന്ധമുക്തനാക്കി. വാലിലെ അഗ്നി ഹനുമാനെ ബാധിച്ചില്ല. ഹനുമാന്റെ വാലില്‍ തീയുംകൊളുത്തി ഏടുത്തു വരുന്നതതുകണ്ട സീതാദേവിയുടെ പ്രാര്‍ത്ഥനയുടെ ഫലമായിരുന്നു ഇത്. സീതയേയും വായു തീയിന്റെ ചൂടില്‍നിന്നും സംരക്ഷിച്ചു. ബന്ധന മുക്തനായ ഹനുമാന്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടി ഓരോരോ ഭവനത്തിന് തീകൊളുത്തി. തീയാളികത്തിയപ്പോള്‍ സ്വര്‍ണ്ണം വെള്ളി എന്നിവ ഉരുകിയൊലിച്ചു. രാക്ഷസസ്ത്രീകള്‍ ശരീരം വെന്ത് പാഞ്ഞു നടക്കുമ്പോള്‍ ഒരുത്തന്റെ തെറ്റിന് എല്ലാവരും കഷ്ടപ്പെടണം'. എന്നു രാവണനെ ശപിച്ചു. വാലിലെ തീയണച്ച് സീതാദേവിയേയും കണ്ടുവണങ്ങി ഹനുമാന്‍ തിരിച്ചുയാത്രയായി. ഹനുമാന്റെ അലര്‍ച്ചകേട്ടതും വാനരന്മാര്‍ക്ക് അദ്ദേഹം കാര്യവിജയം നേടി യെന്നുറപ്പായി. വിവരങ്ങള്‍ ചോദിക്കുന്നതിന്മുമ്പുതന്നെ 'വാനരവീരരെ കണ്ടു ഞാന്‍സീതയെ' എന്ന ഒറ്റവാക്കിലേ ഉത്തരം പറഞ്ഞു. പിന്നീട് ജാംബവാന്‍ ചോദിച്ചപ്പോള്‍ വിസ്തരിച്ചെല്ലാം പറഞ്ഞു. ഉടെ അംഗദന്‍ എന്നാല്‍ നാമെല്ലാവരും ഉടനെ കിഷ്‌കിന്ധയിലേക്കുപുറപ്പെടാം. എന്നുപറഞ്ഞ് ഉത്സാഹത്തോട അവരെല്ലാവരും മടങ്ങി. 'മധുവനത്തില്‍ ഹനുമാനും യുവരാജാവും വാനരന്മാരുംപ്രവേശിച്ച് മധുപാനംചെയ്ത്, എല്ലാം പറിച്ചു തിന്നുന്നു. കാവല്‍ക്കാര്‍ തടഞ്ഞപ്പോള്‍ അവരേയും ഞാന്‍ ചെന്നപ്പോള്‍ എന്നേയും മര്‍ദ്ദിച്ചവശനാക്കി.' ദധിമൂഖന്‍ എന്ന വനപാലിക പ്രമുഖന്‍ പറഞ്ഞ വിവരംകേട്ട് സുഗ്രീവന്‍ സന്തോഷിച്ചു. ലക്ഷ്മണനോട് 'കുമാരാ, ഹനുമാനും കൂട്ടരും സീതാദേവിയെ കണ്ടുവന്നതിന്റെ ആഘോഷത്തിലാണ്. എന്നു പറഞ്ഞ് ദധിമുഖനെ യാത്രയാക്കി. അംഗദനും ജാമ്പവാനും സഹിതം ഹനുമാനെത്തി രാജാവിനെ അഭിവാദ്യം ചെയ്തു. ശ്രീരാമനെ പ്രണമിച്ചു. ''കണ്ടു മഹാപ്രഭോ സീതാദേവിയെ കണ്ടു'' ഹനുമാന്‍ വിവരമറിയിച്ചു. ഇന്നത്തെ സുഭാഷിതം നിത്യന്‍ നിരാകാരനാത്മാ പരബ്രഹ്മം വിധി ഹരിഹരാദികള്‍ക്കും തിരിയാതവൻ വേദാന്തവേദ്യനവ്യേദനജ്ഞാനിനാം സകലജഗദിദമറിക മായാ മയം പ്രഭോ!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.