ജിഎസ്ടി ബില്‍ രാജ്യസഭ പാസാക്കി

Thursday 4 August 2016 7:25 am IST

ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്ലുമായി ബന്ധപ്പെട്ട 122-ാം ഭരണഘടനാ ഭേദഗതി രാജ്യസഭ ഏകകണ്ഠമായി വോട്ടുചെയ്ത് പാസാക്കി. ഭരണ-പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് രാജ്യസഭ ബില്‍ പാസാക്കിയത്. സഭയില്‍ ഹാജരായിരുന്ന 197 അംഗങ്ങളില്‍ 197 പേരും ബില്ലിനനുകൂലമായി വോട്ട് ചെയ്തു. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലിനെതിരായി ഭേദഗതികളും വോട്ടിനിട്ട് തള്ളി. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് വന്‍ വളര്‍ച്ച സാധ്യമാക്കുന്ന ബില്‍ പാസാക്കാനായത് കേന്ദ്രസര്‍ക്കാരിന്റെ വലിയ നേട്ടമായി. ഏകീകൃത നികുതി നടപ്പില്‍ വരുന്നതോടെ രാജ്യവ്യാപകമായി ചരക്കു സേവന നികുതി ഘടനയില്‍ വലിയ മാറ്റമാണ് സംജാതമാകുന്നത്. ജിഎസ്ടി നടപ്പായതോടെ സാധാരണക്കാരുടെ നികുതി ഭാരത്തില്‍ 3-4 ശതമാനത്തിന്റെ കുറവുണ്ടാകും . രാജ്യസഭ മാറ്റങ്ങളോടെ പാസാക്കിയ ബില്‍ ഇന്നുതന്നെ ലോക്‌സഭയില്‍ വീണ്ടും പാസാക്കി രാഷ്ട്രപതിക്ക് അയക്കാനാണ് കേന്ദ്രതീരുമാനം. ഉല്‍പ്പാദക സംസ്ഥാനങ്ങള്‍ക്ക് ഒരു ശതമാനം അധിക നികുതിയെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് വരുന്ന നഷ്ടം ആദ്യ മൂന്നുവര്‍ഷം 100 ശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കും. നാലാം വര്‍ഷം 75 ശതമാനവും അഞ്ചാം വര്‍ഷം 50 ശതമാനവും നഷ്ടപരിഹാരം നല്‍കാനും തീരുമാനിച്ചു. ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി 60 ദിവസത്തിനുള്ളില്‍ ജിഎസ്ടി കൗണ്‍സില്‍ രൂപീകരിക്കും. കേന്ദ്രധനമന്ത്രി അധ്യക്ഷനായ ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാന ധനമന്ത്രിമാരാണ് അംഗങ്ങള്‍. ഭാരത ചരിത്രത്തിലെ ഏറ്റവും മഹത്വപൂര്‍ണ്ണമായ നികുതി പരിഷ്‌ക്കരണമാണ് ജിഎസ്ടിയെന്ന് ബില്‍ അവതരിപ്പിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. അധിക നികുതിയില്ലാതെ രാജ്യമെങ്ങും ചരക്കു നീക്കം സാധ്യമാകും. ഏകീകൃത നികുതി നിരക്കുള്ള സാമ്പത്തിക രംഗമായി ഭാരതത്തെ ഉയര്‍ത്താന്‍ ജിഎസ്ടി സാധ്യമാക്കും. സംസ്ഥാന ധനകാര്യമന്ത്രിമാരുടെ സമിതിയുമായി അതതു സമയം ചര്‍ച്ച നടത്തിയിട്ടുണ്ട്. ജിഎസ്ടി കൗണ്‍സിലില്‍ മൂന്നില്‍ രണ്ട് അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. ചരക്കു സേവന നികുതി നടപ്പാകുന്നത് സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തും. സംസ്ഥാനങ്ങളുടേയും കേന്ദ്രത്തിന്റെയും നികുതി വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകും. നികുതിക്കുമേല്‍ നികുതി ഇല്ലാതാകും. ഗുരുതരാവസ്ഥയിലുള്ള സാമ്പത്തികരംഗത്തിന് ജിഎസ്ടി കുതിപ്പേകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഗൗരവമേറിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ബില്‍ പാസാക്കണമെന്നും 18 ശതമാനത്തില്‍ കൂടുതല്‍ നികുതി ഈടാക്കരുതെന്നും ബില്ലിനെ പിന്തുണച്ച് മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം പറഞ്ഞു. ബില്ലിനെ പിന്തുണച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍, തൃണമൂല്‍ അംഗം ഡെറക് ഒബ്രെയിന്‍, ജെഡിയു നേതാവ് ശരത് യാദവ് എന്നിവര്‍ സംസാരിച്ചു. ടിഡിപി അംഗം സി.എം. രമേശ്, സഞ്ജയ് റാവത്ത്, സിതാറാം യെച്ചൂരി, ഡി.രാജ, ആനന്ദ് ശര്‍മ്മ, സതീഷ് ചന്ദ്രമിശ്ര, പ്രഫുല്‍ പട്ടേല്‍, ഡോ. നരേന്ദ്ര യാദവ്, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.