പാലം തകര്‍ന്ന് വീണ് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

Thursday 4 August 2016 12:25 pm IST

മുംബൈ: റായ്ഗഡിലെ മുംബൈ- ഗോവ ദേശീയ പാതയില്‍ പാലം തകര്‍ന്ന് വീണ് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി.അതോടെ മരണസംഖ്യ നാലായി. നദിയില്‍ വീണ ബസ്സിന്റെ ഡ്രൈവറുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്.അപകടം നടന്നസ്ഥലത്ത് നിന്ന് 100 കിലോമീറ്റര്‍ അകലെ അഞ്ചരളി ഗ്രാമത്തില്‍ നിന്നാണ് ഡ്രൈവര്‍ എസ്. എസ് കാംബ്ലിയുടെ മൃതദേഹം കണ്ടെടുത്തത്. സ്ത്രീയുടെ മൃതദേഹം കിട്ടിയത് 15 കിലോമീറ്റര്‍ അകലെനിന്നുമാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്. ദേശീയദുരന്തപരിഹാര സേനയിലെ മുങ്ങല്‍വിദഗ്ധരും തെരച്ചിലില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കര, നാവിക, വ്യോമസേനകളും അപകട സ്ഥലത്ത് സഹായത്തിനെത്തിയിട്ടുണ്ട്. 300 കിലോഗ്രാം ഭാരമുള്ള കാന്തത്തിന്റെ സഹായത്തോടെയാണ് വാഹനങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. കാന്തം ഭാരമുള്ള എന്തിലോ തട്ടി നിന്നതിനെത്തുടര്‍ന്ന് വസ്തു ഉയര്‍ത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പാലം തകര്‍ന്ന് വീണത്.രണ്ട് ബസുകളോടൊപ്പം രണ്ട് കാറുകളും ഒഴുക്കില്‍പെട്ടിരുന്നതായി ദൃക്സാക്ഷികള്‍ വ്യക്തമാക്കി. കനത്ത മഴയെത്തുടര്‍ന്ന് സാവിത്രി നദി കരകവിഞ്ഞൊഴുകിയതാണ് പാലം തകരാന്‍ കാരണമായത്. രണ്ട് സമാന്തരപാലങ്ങളില്‍ ഒന്നാണ് തകര്‍ന്നു വീണത്. ഇത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പണിത പാലമാണ്. ഗോവയില്‍ നിന്നും മുംബൈയിലേക്കുള്ള വാഹനങ്ങള്‍ മാത്രമായിരുന്നു ഈ പാലം വഴി കടത്തിവിട്ടിരുന്നത്. മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള വാഹനങ്ങളാണ് സമാന്തരപാലം വഴി കടത്തിവിട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.