ധ​ന്യ​മാ​യ​ ജീ​വി​തം​ ന​യി​ക്കാ​ൻ​

Thursday 4 August 2016 8:02 pm IST

കിംക്ഷണന്മാർക്കു വിദ്യയുണ്ടാകയില്ലയല്ലോ കിംകണന്മാരായുള്ളോർക്കർത്ഥവുമുണ്ടായ് വരാ കിമൃണന്മാർക്കു നിത്യസൗഖ്യവുമുണ്ടായ്‌വരാ കിംദേവന്മാർക്കു ഗതിയും പുനരതുപോലെ. എന്ന് പാർവ്വതീ ദേവി മഹാദേവനോടുള്ള സംഭാഷണമദ്ധ്യേ പറയുന്നതായി എഴുത്തച്ഛന്റെ രാമായണത്തിൽ പറയുന്നു. ക്ഷണനേരത്തെ നിസ്സാരമായി കണക്കാക്കുന്നവർക്ക് വിദ്യായുണ്ടാകുകയില്ലെന്നും കണത്തിന് (ചെറിയൊരംശം) വില കൽപിക്കാത്തവന് അർത്ഥമുണ്ടാവുകയില്ലെന്നും കടങ്ങളെ ഗൗനിക്കാത്തവർക്ക് നിത്യമായ സുഖമുണ്ടാവില്ലെന്നും ദേവന്മാരെ സ്വീകരിക്കാത്തവർക്ക് യാതൊരുവിധ ഗതിയും ഉണ്ടാവുകയില്ല എന്ന്‌സാരം. ഒരു വിദ്യാർത്ഥിക്ക് നിശ്ചയമായും അവന്റെ സമയത്തിൽ ബോധമുണ്ടായിരിക്കണം. ഒരു നിമിഷത്തിന്റെ ഒരു അൽപാംശമെങ്കിലും വിദ്യാർത്ഥിക്ക് വിലപ്പെട്ടതാണ്. ജനിച്ചത് മുതൽ ജീവിതത്തിന്റെ ഭൂരിഭാഗവും വിദ്യാഭ്യാസത്തിനാണ് ചെലവാക്കപ്പെടുന്നത്. ജീവിതത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നത് ആദ്യംതന്നെ മാതാവിൽനിന്നും അമ്മിഞ്ഞപ്പാലിനൊപ്പം പകർന്നു തരുന്നതും ഗുരുവിലൂടെയും സാമൂഹിക സാഹചര്യങ്ങളിലൂടെ പരിപോഷിപ്പിക്കപ്പെടുന്നതുമായ വിദ്യയാണ്. നമ്മുടെ ജീവിതം ശരിയായ ദിശയിൽ മുന്നോട്ടു നയിക്കേണ്ടുന്നവന് തീർച്ചയായും സമയത്തിന്റെ മൂല്യത്തിലുള്ള ബോധം ഉണ്ടായിരിക്കണം. വെറുതെയിരിക്കുക എന്ന ശൈലി യുക്തമല്ല. കാരണം നാം വെറുതെയിരിക്കുകയാണെന്ന് മറ്റുള്ളവർക്കുതോന്നുമ്പോഴും നാം ആ സമയത്ത് പ്രകൃതിയാകുന്ന ഗ്രന്ഥം വായിക്കുകയും അപഗ്രഥിക്കുകയും വിദ്യായാർജ്ജിക്കുകയുമൊക്കെയായിരിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും ബോധമുള്ളവന്റെ സമയം നഷ്ടമാവുന്നില്ല. അവന് തന്റെ മുമ്പ് ആർജ്ജിച്ച സത്ചിന്തകളെ അയവിറക്കുകയോ പ്രകൃതിയെ അപഗ്രഥനോത്സുകതയോടെ വീക്ഷിക്കുകയോ ചെയ്യാം. അതിലൂടെ ബുദ്ധിയെ, വിവേചനശക്തിയെ കൂടുതൽ മൂർച്ഛയുള്ളതാക്കാം. ഇങ്ങനെ ഓരോ നിമിഷവും അമൂല്യമാണെന്ന് മനസ്സിലാക്കിയാൽ സ്വയം ഉയരാൻ സാധിക്കുമെന്നതിൽ സംശയമില്ല. ചെറിയൊരു കണത്തെപ്പോലും വിലകൽപ്പിക്കാത്തവർക്ക് അർത്ഥലഭ്യതയുണ്ടാവുകയില്ല. ഇവിടെ അർത്ഥം എന്നു പറയുമ്പോൾ നാം ഭൗതികമായ സമ്പത്തിനെ മാത്രം കണക്കാക്കിയാൽ പോര. ജീവിതത്തിലെ സകല ധനത്തെയും (ഗുണത്തെയും) മനസ്സിലാക്കണം. പണ്ടൊരിക്കൽ ഒരു മഹാത്മാവുണ്ടായിരുന്നത്രെ. അദ്ദേഹം ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ഒരു സൂചിയും ചെറിയൊരു പാത്രത്തിൽ ജലവും തന്റെ സമീപത്ത് വെയ്ക്കാറുണ്ടായിരുന്നു. എന്തിനാണെന്നല്ലെ. ഭക്ഷണം കഴിക്കുമ്പോൾ ആഹാരപദാർത്ഥങ്ങൾ ഒരു മണിയായാലും പുറത്തുപോകാനിടയായാൽ അതു സൂചികൊണ്ട് കുത്തിയെടുത്ത് പാത്രത്തിലുള്ള ജലത്തിൽ കഴുകി ഭക്ഷിക്കുമായിരുന്നു. ഇത് പിശുക്കുകൊണ്ടാണെന്നു തോന്നിയേക്കാം. അല്ല. മഹാത്മാക്കൾ പലപ്പോഴും വാക്കിലുടെ മാത്രമല്ല ഉപദേശിക്കാറ്. പ്രവൃത്തിച്ചു കാണിച്ചുതരാറും പതിവുണ്ട്. ഇത് നമ്മെ കാണിക്കാൻ വേണ്ടിയാണ്. ഒരു മണി ധാന്യം നമ്മുടെ ഭക്ഷണമായി നമ്മുടെ പാത്രത്തിലെത്തണമെങ്കിൽ എത്രയെത്ര ആളുകളുടെയും പ്രയത്‌നങ്ങളുടെയും ദൈവാധീനത്തിന്റെയും സമൂഹ്യ സാഹചര്യങ്ങളുടെയും ചേർച്ചയുണ്ടാവണം. ധാരാളിത്തം ഇതിനെ സാധൂകരിക്കുന്നതല്ല. ഇതിനെ ഉൾക്കൊള്ളാൻ സാധിച്ചാൽ പ്രകൃതി സ്‌നേഹവും ആത്മസംതൃപ്തിയും ഉണ്ടാവും. ഋണത്തെ (കടത്തെ) നിസ്സാരമായി കരുതുന്നവർക്ക് നിത്യസുഖമുണ്ടാവുകയില്ല. ഋണം പലതാണ്. കേവലം സാമ്പത്തികമായ കടം മാത്രമല്ല. മാതാവിൽ നിന്നുജനിച്ച നമുക്ക് പിതൃക്കളോട് കടമുണ്ട്, വളർന്ന സാഹചര്യത്തോട്, സമൂഹത്തോട് കടമുണ്ട്, നമുക്ക് വിദ്യ പകർന്നുതന്ന ഗുരുക്കന്മാരോടെന്നുവേണ്ട, ഈ പ്രപഞ്ചത്തിലെ സകലതിനോടും നാം കടപ്പെട്ടിരിക്കുന്നു. ജീവിതദശയിൽ നാം കടം വീട്ടിയേ മതിയാവൂ. അല്ലാത്തപക്ഷം, ആത്മസംതൃപ്തിയുണ്ടാവില്ലെന്ന് മാത്രമല്ല, ഇതിനേക്കാൾ (മനുഷ്യജന്മത്തേക്കാൾ) നീചമായ ജന്മത്തെ പ്രാപിക്കേണ്ടതായും വരും. നമുക്ക് ജന്മംനല്കിയ മാതാപിതാക്കളോട് നമുക്ക് നിശ്ചയമായും കടമുണ്ട്. ശ്രീമദ് ആദിശങ്കരാചാര്യ സ്വാമികൾ മാതാവിന്റെ പ്രസവാസ്ഥയുടെ ഒരു ചിത്രം വരച്ചുകാണിച്ചിട്ടുണ്ട് - ആസ്താം താവദിയം പ്രസൂതി സമയേ .......... എന്നു തുടങ്ങുന്ന ശ്ലോകത്തിൽ ഒരു മാതാവിന്റെ അവസ്ഥയെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇതിൽനിന്നും ഒരു മാതാവ് അനുഭവിക്കുന്ന വ്യഥകൾ നാം മനസ്സിലാക്കണം. തീർച്ചയായും അവരോട് കടപ്പെട്ടവരായിട്ടുണ്ട്. ഇതുതന്നെയാണ് പിതാവിനോടും ഉണ്ടാവേണ്ടത്. മാതാപിതാക്കളെ ജീവിച്ചിരിക്കുമ്പോൾ സശ്രദ്ധം തന്റെ കഴിവിന്റെ പരമാവധി ശുശ്രൂഷാദികൾ ചെയ്തും മരണാനന്തരം ബലിതർപ്പണാദികൾ ചെയ്തും തൃപ്തിപ്പെടുത്തുകമാത്രമേ അവരോടുള്ള കടം വീട്ടാൻ മാർഗ്ഗമുള്ളു. നാം ജനിച്ചതിന് ശേഷം നാം വളർന്നത് അനേകം ഗുരുനാഥന്മാരുടെ അകൈതവമായ അനുഗ്രഹഫലമായിട്ടാണ്. അവർ വിദ്യാദാനത്തിലൂടെ നമ്മെ അനുഗ്രഹിച്ചു, നേർവഴിയിലൂടെ നയിച്ചു. അനാദിയായ ഗുരുപരമ്പരയോട് നമുക്ക് ഋണമുണ്ട് - ഋഷിഋണം. നമുക്കു പകർന്നു തന്നിട്ടുള്ള വിദ്യ തന്നാലാവുംവിധം നമ്മുടെ തലമുറയ്ക്ക് പകർന്നുകൊടുക്കൽ തന്നെ ഋഷിമാരോടുള്ള കടം വീട്ടൽ. ഇതു ശരിയായി നിർവ്വഹിക്കുകവഴി നമ്മുടെ അന്തഃകരണം തന്നെയാണ് ശുദ്ധമാവുന്നതും വിശാലമാവുന്നതും. ഇതിലൂടെ നാം എന്തെന്നില്ലാത്ത അനുഭൂതി അനുഭവിക്കുകയും ചെയ്യുന്നു. നാം ജീവിച്ച സമൂഹത്തോടും നമുക്ക് ഋണമുണ്ട്. നാം നാമായി വളരുന്നതിൽ സാമൂഹികസാഹചര്യങ്ങൾ നമ്മെ അതിയായി സ്വാധീനിച്ചിട്ടുണ്ട്. ഈ പ്രകൃതിയോടും ദേവതയോടും നമുക്ക് കടമുണ്ട്. അങ്ങനെ പോകുന്നു കടങ്ങളുടെ പട്ടിക. അതിനെയെല്ലാം വേണ്ടുംവിധം പരിഗണിച്ച് വീട്ടുകയാണെങ്കിൽ നിശ്ചയമായും നിത്യസൗഖ്യമുണ്ടാവും. അതുതന്നെ ജീവിതസാഫല്യവും. ദേവതകളെ ഗൗനിക്കാതെ, നിസ്സാരമായി കണക്കാക്കുന്നവർക്ക് നിത്യസുഖ്യമുണ്ടാവുകയില്ല എന്നു പറയുന്നു. ഓരോ പ്രാപഞ്ചിക പ്രതിഭാസങ്ങൾക്കും ഓരോ അധിദേവതയുണ്ട്. അധിദേവതകളുടെ അനുകൂലതകൊണ്ടാണ്, അനുഗ്രഹഫലമായാണ് ഈ പ്രപഞ്ചത്തെ അനുഭവിക്കാൻ സാധിക്കുന്നത്. ദൈവാനുഗ്രഹം എന്നു നാം ഇതിനെ വിളിക്കും. ഓരോ അധിദേവതയുടെയും നിയതമായ നിലകൊള്ളലിലൂടെയാണ് സർവ്വ ക്രിയകളും നടക്കുന്നത്. ഓരോന്നും നിയന്ത്രിക്കുന്ന, പരിപോഷിപ്പിക്കുന്ന ദേവതകളെ, ശക്തികളെ നാം ശ്രദ്ധാപൂർവ്വം പരിചരിക്കുകയും സേവിക്കുകയും നമിക്കുകയും ചെയ്യണം. എങ്കിൽ അഹങ്കാരം വിട്ടൊഴിയും. ഇതിനെയെല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ടെന്നു മനസ്സിലാക്കിയാൽ, അതിൽ സമർപ്പിച്ച് കർമ്മം ചെയ്ത് ജീവിച്ചാൽ നിത്യസുഖമല്ലാതെന്ത്? ഇങ്ങനെ, ഇപ്പറഞ്ഞതെല്ലാം മനസ്സിലാക്കി ശ്രദ്ധാപൂർവ്വം ജീവിച്ചാൽ ജീവിതം ധന്യമായി. ദുഃഖത്തിൽനിന്നുള്ള മുക്തിയായി - ഇതുതന്നെ മോക്ഷവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.