ചാലക്കുടിയില്‍ വീണ്ടും അപകട പരമ്പര; ഒരാള്‍ മരിച്ചു

Wednesday 6 July 2011 10:23 am IST

ചാലക്കുടി : ദേശീയപാതയില്‍ വീണ്ടും അപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക്‌ പരിക്കേറ്റു. പൊട്ട പനമ്പിള്ളി കോളേജിന്‌ സമീപം നിയന്ത്രണം വിട്ട ബൈക്ക്‌ കാനയിലേക്ക്‌ മറിഞ്ഞ്‌ ബൈക്കില്‍ യാത്രചെയ്തിരുന്ന ഊരകെ തിരുവുള്ളക്കാവ്‌ പുത്തന്‍വീട്ടില്‍ മോഹനന്‍ (46) ആണ്‌ മരിച്ചത്‌. ബൈക്ക്‌ ഓടിച്ചിരുന്ന ഊരകം മനയില്‍ കുളങ്ങര നാഗലിംഗത്തിന്റെ മകന്‍ സോമന്‍ (45)നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട്‌ നാലുമണിയോടെയാണ്‌ അപകടം. എറണാകുളത്തുള്ള മോഹനന്റെ അമ്മാവന്റെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ്‌ അപകടം.
ചാലക്കുടി : കാര്‍ മോട്ടോര്‍ ബൈക്കിലിടിച്ച്‌ ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആറ്റപ്പാടം പേരേപ്പാടന്‍ ആന്റണി (63) ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയില്‍ ചാലക്കുടി പാലത്തിനു സമീപമാണ്‌ അപകടം. രാവിലെ പതിനൊന്നുമണിക്കായിരുന്നു സംഭവം. കാര്‍ ബൈക്കിലിടിച്ചതിനെത്തുടര്‍ന്ന്‌ ബൈക്ക്‌ 30അടി താഴ്ചയിലേക്ക്‌ മറിയുകയായിരുന്നു. പരിക്കേറ്റ ഇയാളെ ചാലക്കുടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാലക്കുടി : ദേശീയപാത മുരിങ്ങൂര്‍ ജംഗ്ഷന്‌ സമീപം കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ്‌ രണ്ടുപേര്‍ക്ക്‌ പരിക്കേറ്റു. അങ്കമാലി, കിടങ്ങൂര്‍ മൂലന്‍വീട്ടില്‍ പൗലോസ്‌ മകന്‍ ജോയ്‌ (31), കാച്ചപ്പിള്ളി അഗസ്റ്റിന്‍ മകന്‍ ബാബു (50) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ചാലക്കുടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.