ബേക്കറികളില്‍ മധുരം പുരട്ടിയ മാരക വിഷം

Friday 5 August 2016 12:27 pm IST

കോട്ടയം: ബേക്കറികളില്‍ നിന്നു വാങ്ങുന്ന മധുര പലഹാരങ്ങളില്‍ വ്യാപകമായ തോതില്‍ മായം ചേര്‍ക്കുന്നു. ലഡു, ജിലേബി തുടങ്ങിയ മധുരപലഹാരങ്ങളിലാണ് വ്യാപകമായി മായം ചേര്‍ക്കുന്നത്. മധുര പലഹാരങ്ങളുടെ നിറം കൂട്ടുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമാണ് പലഹാരങ്ങളില്‍ ചേര്‍ക്കാന്‍ പാടുള്ളതും അല്ലാത്തതുമായ ഒട്ടേറെ നിറങ്ങളും രാസവസ്തുക്കളും ഉപയോഗിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായാണ് പലഹാരങ്ങളില്‍ കൂടുതലും നിറങ്ങള്‍ ചേര്‍ക്കുന്നത്. കുട്ടികള്‍ ഇത് കഴിക്കുന്നത് മൂലം ദഹനസമ്പന്തമായ രോഗങ്ങള്‍ക്കും മറ്റ് മാരകമായ രോഗങ്ങള്‍ ഉണ്ടാവാനും ഇടയാക്കുന്നു. ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ അളവില്‍ നിറം നല്‍കാന്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാമെന്ന വ്യവസ്ഥ മറികടന്നാണു പലരും മായം ചേര്‍ക്കുന്നത്. ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന നിറങ്ങളില്‍ സ്വാഭാവികമായതും കൃത്രിമമായതുമുണ്ട്. ക്ലോറോഫില്‍, കരാമല്‍ തുടങ്ങിയവയൊക്കെയാണു പ്രകൃതിയില്‍ നിന്നു ലഭ്യമായ സ്വാഭാവിക നിറങ്ങള്‍. ആരോഗ്യത്തിനു ഹാനികരമായതു നിരോധിച്ചിട്ടുമുണ്ട്. കുറഞ്ഞ അളവില്‍ അപകടകരമല്ലാത്ത പദാര്‍ഥങ്ങളാണ് ചേര്‍ക്കാവുന്നവ. ഇതു നിശ്ചിത അളവ് വരെ ചേര്‍ക്കുന്നതിനു വിലക്കില്ല. ടാര്‍ട്രാസിന്‍, സണ്‍സെറ്റ് യെല്ലോ, കാര്‍മോസിന്‍, പൊന്‍ക്യൂ4 ആര്‍, എറിത്രോസിന്‍, ബ്രില്യന്റ് ബ്ലൂ ഇന്‍ഡിഗോകാര്‍മൈന്‍, ഫാസ്റ്റ് ഗ്രീന്‍ എന്നിങ്ങനെയുള്ള എട്ട് നിറങ്ങളാണു ഉപയോഗിക്കാന്‍ പറ്റുന്നത്. ഇവ ഒരു കിലോഗ്രാമില്‍ 100 ഗ്രാം മാത്രമാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ഈ നിയമങ്ങള്‍ ഒന്നും പാലിക്കാതെ വൃത്തിഹീനമായ ചുറ്റുപാടിലാണ് ഒട്ടുമിക്കയിടത്തും ബേക്കറി ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിച്ചതും താഴ്ന്നതരം എണ്ണ ചേര്‍ത്തും, അനുവദീനയമായതിലും അധികം നിറങ്ങളും രാസവസ്തുക്കളും ചേര്‍ത്തുമാണ് ഇത്തരത്തില്‍ മധുരപലഹാരങ്ങള്‍ നിര്‍മിക്കുന്നത്. നിറത്തിനുവേണ്ടി അമിതമായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതു മൂലം ഇത് കഴിക്കുന്ന ആള്‍ക്കാരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്. കൊളസ്‌ട്രോള്‍, പ്രമേഹം, പൊണ്ണത്തടി, കരള്‍ രോഗങ്ങള്‍, ഹൃദയാഘാതം തുടങ്ങി കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നവയാണ് ഇത്തരം രാസവസ്തുക്കള്‍. ഇങ്ങനെയുള്ള മധുരപലഹാരങ്ങള്‍ക്ക് രുചി കൂടുതല്‍ ഉള്ളതിനാല്‍ വന്‍തോതിലുള്ള കച്ചവടമാണ് ജില്ലയിലെ വിവിധ ബേക്കറികളില്‍. ഇത്തരത്തില്‍ മായം ചേര്‍ക്കുന്ന മധുരപലഹാരങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന് പരാതി കൂടുമ്പോള്‍ പേരിനു മാത്രമാണ് അധികൃതര്‍ പരിശോധന നടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.