കാഞ്ഞിരപ്പള്ളി മിനി ബൈപാസ്; തുടക്കവും ഒടുക്കവും അറിയാതെ അധികൃതര്‍

Thursday 4 August 2016 10:14 pm IST

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിക്ക് മിനി ബൈപാസിന് ഇതുവരെ ചിലവാക്കിയത് ഒരുകോടി പത്തുലക്ഷം രൂപ. നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഇനിയും ചിലവ് പ്രതീക്ഷിക്കുന്നത് ഒന്നര കോടിയോളം. കാഞ്ഞിരപ്പള്ളിയിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണുന്നതിന് ആരംഭിച്ച പദ്ധതിക്ക് എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലും ആശങ്കയിലുമാണ് നാട്ടുകാര്‍. മുന്‍ പഞ്ചായത്ത് ഭരണസമിതികള്‍ വീക്ഷണമില്ലാതെ പദ്ധതികള്‍ നടപ്പാക്കിയതു മൂലം കാഞ്ഞിരപ്പള്ളി മിനി ബൈപാസ്സ് നിര്‍മ്മാണം അവതാളത്തിലാക്കിയതായി ആക്ഷേപം ഉയര്‍ന്നു. ചിറ്റാര്‍ പുഴയുടെ തീരം കെട്ടിയെടുത്ത് മിനി ബൈപാസ് നിര്‍മ്മിക്കുകയെന്നതായിരുന്നു പദ്ധതി. ബൈപാസിന്റെ ആരംഭം എവിടെ നിന്ന് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തൊനാകാതെ ഉദ്യോഗസ്ഥരും, പുതിയ ജനപ്രതിനിധികളും വിഷമിക്കുമ്പോള്‍ പഴയ അംഗങ്ങള്‍ക്കു മാത്രമെ ഇതിനെക്കുറിച്ച് അറിയൂ എന്നാണ് എല്ലാവരുടെയും മറുപടി. പണം തട്ടിയെടുക്കാനായി ഉണ്ടാക്കിയ പദ്ധതിയാണിതെന്നും, പദ്ധതിയില്‍ എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടോയെന്ന് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും പഞ്ചായത്ത് ഭരണകക്ഷി അംഗമായ സുരേന്ദ്രന്‍ കാലയില്‍ നേരത്തെ കമ്മറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. നാല് സ്‌റ്റേജുകളിലായി ഒരു കോടി പത്തു ലക്ഷം മുടക്കിയ മിനി ബൈപാസിന് ഇനി പണി തീരാന്‍ ഒന്നരകോടിയോളം രൂപ വേണ്ടി വരും. 2011 ല്‍ പദ്ധതി തയ്യാറാക്കി 2012 ല്‍ നിര്‍മ്മാണം ആരംഭിച്ചു. ലോക ബാങ്കിന്റെയും, ധനകാര്യ കമ്മീഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് പണികള്‍ നടത്തിയത്. ഇപ്പോള്‍ ആന്റോ ആന്റണി എം.പി യുടെ ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചതിന്റ പണികളാണ് നടക്കുന്നത്. ചില ഭൂമാഫിയാകളെ സഹായിക്കാനായിട്ടാണ് മുന്‍ ഭരണ സമിതി ഈ പദ്ധതി നടപ്പിലാക്കിയതെന്ന് ആരോപണമുണ്ട്. ആറ്റു പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തി മണ്ണിട്ട് നിറച്ച് സംരക്ഷണ ഭിത്തിയും ഭാഗികമായി നിര്‍മ്മിച്ചു കഴിഞ്ഞു. നിര്‍മ്മാണ ജോലികള്‍ ഇനി തുടരാന്‍ പദ്ധതിയില്‍ നിന്നും പണം മാറ്റിവെയ്ക്കാന്‍ ഭരണ കക്ഷിയംഗങ്ങള്‍ തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞൂ. ബൈപാസിന്റെ തുടക്കവും, അവസാനവും എവിടെയെന്ന് തീരുമാനിച്ചതിന് ശേഷം മാത്രം പണം വകകൊള്ളിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ്. മിനി ബൈപാസ് നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം കമ്മറ്റിയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം ആരംഭിച്ചാല്‍ നിര്‍മ്മാണ ജോലികള്‍ പാതി വഴില്‍ നിലയ്ക്കുമൊയെന്നും ആശങ്കയിലാണ് ഭരണസമിതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.