ഇടുക്കിയില്‍ മൃഗവേട്ട വ്യാപകം; രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് രണ്ട് കള്ളത്തോക്കുകള്‍

Thursday 4 August 2016 10:54 pm IST

ഇടുക്കി: ഇടുക്കിയില്‍ മൃഗവേട്ട വ്യാപകൃ. രണ്ടാഴ്ച മുന്‍പ് കുളമാവില്‍ നാടന്‍ തോക്കുമായി രണ്ട് പേരെ പിടികൂടിയിരുന്നു. ഇവരെ വനംവകുപ്പിന് കൈമാറി. മഴക്കാലത്ത് വനംവകുപ്പ് ഉള്‍വനങ്ങളില്‍ പട്രോളിങ് നടത്താത്തതാണ് കാരണം. രണ്ടാഴ്ചയ്ക്കിടെ കുമളി മേഖലയില്‍ നിന്നും കാട്ടുപന്നിയുടെയും വരയാടിന്റെയും ഇറച്ചി തൊടുപുഴയില്‍ അതീവ രഹസ്യമായി വില്‍പ്പനയ്‌ക്കെത്തിയിരുന്നു. ഒരു കിലോ ഇറച്ചിക്ക് 400 രൂപയായിരുന്നു. മൃഗവേട്ട കൂടുതല്‍ കുമളിയിലാണ്. കൃഷിയിടങ്ങളില്‍ എത്തുന്ന കാട്ടുപന്നികളെ പന്നിപ്പടക്കം വച്ച് പിടിച്ച് വേട്ട സംഘത്തിന് വില്‍ക്കുന്ന സംഭവങ്ങളുമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് കാട്ടുപോത്തിറച്ചിയുമായി രണ്ട് പോലീസുകാരെ ദേവികുളത്തുനിന്നും വനംവകുപ്പ് പിടികൂടിയിരുന്നു. ഈ കേസ് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിന് ശേഷം വലിയ ഒരു കേസുപോലും വനംവകുപ്പെടുത്തിട്ടില്ല. പോലീസുകാര്‍ക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥന് കടുത്ത ഭീഷണിയും നേരിടേണ്ടിവന്നു. വനംവകുപ്പില്‍ നിന്ന് പോലും കാര്യമായ സഹായം ഉദ്യോഗസ്ഥന് ലഭിച്ചില്ല. ഇത്തരം അനുഭവമുള്ളതിനാലാണ് മൃഗവേട്ടക്കാര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകാത്തത്. മുള്ളന്‍പന്നി, കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, മാന്‍ എന്നിവയെയാണ് പ്രധാനമായും വേട്ടയാടുന്നത്. കൃഷിയിടത്തിലും ഏലത്തോട്ടത്തിലും എത്തുമ്പോള്‍ പടക്കം ഉപയോഗിച്ചാണ് പിടിക്കുന്നത്. പടക്കം കടിച്ച് തലചിതറിപ്പോകുന്ന മൃഗങ്ങളെ ഇടപാടുകാര്‍ക്ക് എത്തിച്ചുകൊടുക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ ഇത്തരം ഇറച്ചികളെത്തുന്നുണ്ട്. മ്ലാവിറച്ചിക്കാണ് ഏറെ പ്രിയം. ഓരോ വര്‍ഷവും ഇടുക്കിയില്‍ നിന്ന് കള്ളത്തോക്കുമായി ബന്ധപ്പെട്ട് പതിനഞ്ചോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ തോക്കുകള്‍ നായാട്ടിന് ഉപയോഗിക്കുന്നവയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.