തൊഴില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് സൗദിയുടെ ഉറപ്പ്

Friday 5 August 2016 12:47 am IST

  ന്യൂദല്‍ഹി: സൗദിയിലെ നിര്‍മ്മാണ മേഖലയിലുണ്ടായ തൊഴില്‍ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് സൗദി സല്‍മാന്‍ രാജാവ് ഉറപ്പു നല്‍കിയതായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാജ്യസഭയെ അറിയിച്ചു. തൊഴിലാളികള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കണമെന്ന നിര്‍ദ്ദേശം സൗദി തൊഴില്‍മന്ത്രാലയത്തിന് രാജാവ് നല്‍കിയതായും സുഷമ അറിയിച്ചു. തൊഴിലാളികളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഭാരതം ഉന്നയിച്ച നാലു കാര്യങ്ങളിലും എത്രയും വേഗം പരിഹാരം കാണുമെന്നും സൗദി ഭരണാധികാരികള്‍ ഭാരതത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സൗദിയില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം എക്‌സിറ്റ് വിസ നല്‍കുമെന്ന് സൗദി അറിയിച്ചിട്ടുണ്ട്. ഭാരത സര്‍ക്കാര്‍ വിമാനമയക്കുന്നതിന് പകരം സൗദി തന്നെ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. തുടര്‍ന്നും സൗദിയില്‍ തന്നെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമ തടസ്സങ്ങളില്ലാതെ മറ്റു കമ്പനികളില്‍ ജോലിക്ക് അവസരമുണ്ടാക്കും. മടങ്ങിപ്പോകുന്ന ഭാരത പൗരന്മാര്‍ക്ക് എല്ലാവിധ നിയമ പരിരക്ഷയുമുണ്ടാക്കും. ഇതുവഴി കിട്ടാനുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കും. ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം, മരുന്ന്, ശുചിത്വം എന്നിവയും സൗദി സര്‍ക്കാര്‍ ഉറപ്പുവരുത്തും. ഭാരത തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിച്ച സൗദിക്ക് രാജ്യത്തിന്റെ നന്ദി അറിയിക്കുന്നതായി സുഷമാ സ്വരാജ് പറഞ്ഞു. ആര്‍ക്കൊക്കെ സൗദിയില്‍ തുടരണമോ അവര്‍ക്കെല്ലാം അവിടെത്തന്നെ തുടരാമെന്നും അല്ലാത്തവരെയെല്ലാം മടക്കിക്കൊണ്ടുവരുമെന്നും സുഷമ പറഞ്ഞു. വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ് സൗദിയില്‍ തന്നെയുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട ശേഷം മാത്രമേ അദ്ദേഹം മടങ്ങൂ എന്നും സുഷമാ സ്വരാജ് സഭയെ അറിയിച്ചു. സൗദിയില്‍ കുടുങ്ങിയ തൊഴിലാളികളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗങ്ങള്‍ പ്രശംസിച്ചു. നിയമപരമായിത്തന്നെ എല്ലാ തൊഴിലാളികള്‍ക്കും മറ്റു കമ്പനികളിലേക്ക് മാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സൗദി തൊഴില്‍ മന്ത്രി വിദേശകാര്യമന്ത്രി വി.കെസിങുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇഖാമ പുതുക്കുന്നതിനോ സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതിനോ ഫീസ് ഈടാക്കില്ല. ശമ്പള കുടിശിക അടക്കമുള്ള ആനുകൂല്യങ്ങള്‍ കമ്പനികളില്‍ നിന്നും വാങ്ങിയെടുത്തു നല്‍കുമെന്നും സൗദി തൊഴില്‍മന്ത്രാലയം വ്യക്തമാക്കി. തൊഴില്‍ പ്രശ്‌നം രണ്ടു ദിവസത്തിനകം തീര്‍ക്കണമെന്ന സൗദി രാജാവിന്റെ നിര്‍ദ്ദേശം വന്നതോടെയാണ് കാര്യങ്ങളുടെ വേഗത വര്‍ദ്ധിച്ചത്. അതിനിടെ കേന്ദ്ര മന്ത്രി വി.കെ സിങ് സൗദിയിലെ ഓജര്‍ ലേബര്‍ക്യാമ്പ് സന്ദര്‍ശിച്ചു. സൗദിയില്‍ നിന്ന് മടങ്ങുന്ന തൊഴിലാളികളുടെ യാത്ര ഇന്നലെ നടന്നില്ല. ഹജ്ജ് വിമാനത്തില്‍ തൊഴിലാളികളെ കൊണ്ടുപോകുന്നതിന് സൗദി വ്യോമയാന മന്ത്രാലയ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് യാത്ര വൈകിയത്. ഇവരുടെ യാത്ര ഇന്ന് സാധ്യമാകുമെന്നാണ് പ്രതീക്ഷ. അതേസമയം സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന് വിദേശകാര്യ മന്ത്രാലയം നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.