എബിവിപി മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം; ഒരു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

Friday 5 August 2016 1:16 am IST

  തിരുവനന്തപുരം: ഇയര്‍ഔട്ടില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. മാര്‍ച്ചിന് നേരെ പ്രകോപനം കൂടാതെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ശക്തമായി ജലം ചീറ്റിയടിച്ച് നെഞ്ചില്‍ പരിക്കേറ്റ കെ. സുബിത്ത് എന്ന വിദ്യാര്‍ഥിയെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ട്രിനിറ്റി എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ആകാശ് വിജയന്റെ മരണത്തില്‍ പ്രതിഷേധിച്ചാണ് എബിവിപി സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുക, കെയുറ്റി വൈസ് ചാന്‍സിലര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഇയര്‍ഔട്ട് സമ്പ്രദായം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. എന്നാല്‍ വിദ്യാര്‍ഥികളുടെ സമാധാനപരമായ പ്രതിഷേധത്തിനു നേരെ പ്രകോപനം കൂടാതെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. വെള്ളം ചീറ്റിയടിച്ചപ്പോഴാണ് അതില്‍പ്പെട്ട് സുബിത്തിന് പരിക്കേറ്റത്. കുഴഞ്ഞുവീണ സുബിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ ആദ്യം പോലീസ് തയ്യാറായില്ല. തുടര്‍ന്ന് സുബിത്തിനെ റോഡില്‍ കിടത്തി വിദ്യാര്‍ഥികള്‍ റോഡുപരോധിച്ചു. ഗതാഗതതടസ്സമുണ്ടായപ്പോഴാണ് പോലീസ് ഇടപെട്ട് ആംബുലന്‍സ് വരുത്തി സുബിത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. എബിവിപി സംസ്ഥാനസമിതി അംഗമാണ് സുബിത്ത്. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന വിദ്യാര്‍ഥികളെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച സുബിത്തിന് ആന്തരികമായ പരിക്കാണ് സംഭവിച്ചതെന്ന് പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. വിദഗ്ധ ചികിത്സയ്ക്കായി സുബിത്തിനെ അഡ്മിറ്റു ചെയ്തിരിക്കുകയാണ്.മാര്‍ച്ച് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ഷിജില്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലറുടെ ധിക്കാരപരമായ നിലപാടാണ് ഒരു വിദ്യാര്‍ഥിയുടെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് ഷിജില്‍ പറഞ്ഞു. ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തെ തുരങ്കം വയ്ക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത്. വിദ്യാഭ്യാസവകുപ്പിന്റെ തെറ്റായ നയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഫലമാണ് ആകാശിന്റെ രക്തസാക്ഷിത്വം. ആകാശിന്റെ മരണം കൊലക്കുറ്റമായി കണ്ട് വൈസ് ചാന്‍സിലര്‍ക്കെതിരെ കേസെടുക്കണം. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണം. വിദ്യാര്‍ഥികളെ ദ്രോഹിക്കാന്‍ വേണ്ടി മാത്രം കൊണ്ടുവന്ന ഇയര്‍ഔട്ട് സമ്പ്രദായം എത്രയും വേഗം പിന്‍വലിക്കണം. അല്ലാത്തപക്ഷം ശക്തമായ സമരവുമായി എബിവിപി മുന്നോട്ടുപോകുമെന്നും ഷിജില്‍ മുന്നറിയിപ്പു നല്‍കി. എബിവിപി സംസ്ഥാനസമിതി അംഗം എ.എസ്. അഖില്‍ ആമുഖപ്രഭാഷണം നടത്തി. ഇന്ന് എഞ്ചിനീയറിങ് കോളേജുകളില്‍ വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ് ആചരിക്കും. തിരുവനന്തപുരത്ത് നരുവാംമൂട് ട്രിനിറ്റി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥി ആകാശ് വിജയന്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ മുഴുവന്‍ എഞ്ചിനീയറിംഗ് കോളേജുകളിലും എബിവിപി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.