പഴയ പഞ്ചായത്ത് കെട്ടിടം തകര്‍ച്ചയുടെ വക്കില്‍

Friday 5 August 2016 10:24 am IST

പരപ്പനങ്ങാടി: തൊട്ടടുത്ത റെയില്‍വേ ട്രാക്കിലൂടെ ട്രെയിനുകള്‍ കടന്നു പോകുമ്പോള്‍ ഇളകി അടര്‍ന്ന് വീഴുന്ന ഭിത്തികളുമായി ആസന്നമായ പതനം പ്രതീക്ഷിച്ച് നിലകൊള്ളുകയാണ് പരപ്പനങ്ങാടിയിലെ ഈ പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടം. ഈ കെട്ടിടത്തിന്റെ അടിയിലുള്ള ബസ് ബേയിലൂടെയാണ് നിന്നു തിരിയാന്‍ ഇടമില്ലാത്ത ബസ് സ്റ്റാന്റിലേക്ക് ബസുകള്‍ കയറുന്നത്. കെട്ടിടത്തിന് താഴെ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടോളം വ്യാപാര സ്ഥാപനങ്ങളുണ്ട്. 2004ല്‍ പുതിയ പഞ്ചായത്ത് ഓഫീസ് കം ഷോപ്പിങ്ങ് കോംപ്ലക്‌സ് കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി. അന്നും അപകടാവസ്ഥയിലായിരുന്ന ഈ കെട്ടിടത്തിന്റെ മുകള്‍ നില എക്‌സൈസ് റേഞ്ച് ഓഫീസിന് വാടകക്ക് നല്‍കുകയായിരുന്നു. അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ തൊട്ടു താഴെയാണ് ഓട്ടോ സ്റ്റാന്‍ഡും ഉള്ളത്. നിരവധി കാല്‍നടയാത്രക്കാര്‍ കടന്നു പോകുന്ന ഈ വഴിയില്‍ പതിയിരിക്കുന്നത് വന്‍ ദുരന്തമാണ്. മാസങ്ങള്‍ക്ക് മുമ്പ് കാല്‍നടയാത്രക്കാരിയുടെ ശരീരത്തിലേക്ക് ഈ ബില്‍ഡിങ്ങിന്റെ പ്ലാസ്റ്ററിങ്ങ് അടര്‍ന്നുവീണ് പരിക്കേറ്റിരുന്നു. കോണ്‍ക്രീറ്റ് ഭാഗങ്ങളും മറ്റും അടര്‍ന്നുവീണു താഴത്തെ കടകളുടെ ഇറക്കി കെട്ടിയ ഷീറ്റുകള്‍ തകര്‍ന്നിട്ടുമുണ്ട്. എപ്പോള്‍ വേണമെങ്കിലുംകടപുഴകിയേക്കാവുന്ന ഈ കെട്ടിടം ഈ നാടിന് ആശങ്കയേറ്റുകയാണ്. വാടകയിനത്തില്‍ ലഭിക്കുന്ന വരുമാനം പ്രതീക്ഷിച്ച് ഒരു സമൂഹത്തിന് മേല്‍ ഭീതി വിതക്കുകയാണ് അധികൃതര്‍.പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിനോടടുത്ത ഈ കെട്ടിടം പൊളിച്ചു കഴിഞ്ഞാല്‍ പുതിയ കെട്ടിട നിര്‍മാണത്തിന് റയില്‍വേ അനുമതി ലഭ്യമാകുകയില്ല എന്നതും അധികാരികളെ പിന്നോക്കം വലിക്കുന്നുണ്ട്. നൂറുകണക്കിന് ബസുകള്‍ വന്നു പോകുന്ന പരപ്പനങ്ങാടിയില്‍ പൂര്‍ണ സൗകര്യങ്ങളോട് കൂടിയ ഒരു ബസ് സ്റ്റാന്റ് ഇല്ലാത്തത് ഭരണക്കാരുടെ നേട്ടങ്ങളുടെ പട്ടികയില്‍ കറുത്ത അടയാളമായി മാറുക യാണ്. മന്ത്രി വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ഇനിയും നടക്കാത്ത സ്വപ്‌നമായി മാറുകയാണ് പരപ്പനങ്ങാടിക്കാര്‍ക്ക് ബസ് സ്റ്റാന്‍ഡ് എന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.