കൂടൊരുക്കി മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിപ്പുലി കുടുങ്ങി

Friday 5 August 2016 10:55 am IST

മണ്ണാര്‍ക്കാട്: പൊന്‍പാറയില്‍ വനം വകുപ്പ് കെണി സ്ഥാപിച്ച് മണിക്കൂറുകള്‍ക്കുസള്ളില്‍ തന്നെ പുലിക്കുട്ടി കുടുങ്ങി. എന്നാല്‍ സമീപത്തു തന്നെ അമ്മപ്പുലിയെ കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്. എടത്തനാട്ടുകര പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ചിന് സമീപം ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് കെണി സ്ഥാപിച്ചത്. രാത്രി പത്ത് മണിയോടെ കെണിയില്‍ രണ്ടര വയസ്സുള്ള ആണ്‍ പുലി അകപ്പെട്ടു. ശബ്ദം കേട്ട് കൂടിനടുത്തേക്ക് നാട്ടുകാര്‍ എത്തിയതോടെ സമീപത്ത് അമ്മപ്പുലി പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ ആളുകളെത്തിയതോടെ അമ്മപ്പുലി കാട്ടിലേക്ക് കടക്കുകയായിരുന്നു. ഡെപ്യൂട്ടി റെയ്ഞ്ചര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സെക്ഷന്‍ ഫോറസ്റ്റര്‍ ഹരികുമാര്‍, ആര്‍.ആര്‍. ടി ഫോറസ്റ്റര്‍ മോഹന്‍ദാസ് എന്നിവരും നാട്ടുകല്‍ പോലീസും എത്തി പുലിയെ കൊണ്ടുപോയി സൈലന്റ് വാലി വനത്തില്‍ വിട്ടു. പുലിക്കുഞ്ഞിനെ തേടി പ്രദേശത്ത് അമ്മപ്പുലി ഇനിയും വരാനുള്ള സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ഭയപ്പാടോടെയാണ് കഴിയുന്നത്. തുടര്‍ച്ചയായി ചളവ, പൊന്‍പാറ തുടങ്ങിയ ഭാഗങ്ങളില്‍ പുലിയെ നേരില്‍ കണ്ടതോടെയാണ് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് വനം വകുപ്പ് കെണി സ്ഥാപിച്ചത്. പാന്‍പാറ കുറൂപാടത്ത് കോളനിക്ക് സമീപമാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി പുലിയെ കണ്ടിരുന്നത്. തിങ്കളാഴ്ച്ച രാത്രി എട്ടരക്ക് തോട്ട്പുറത്ത് മുഹമ്മദാണ് വീടിന് സമീപം അയല്‍വാസി തെക്കും തടത്തില്‍ ടോമിയുടെ വളര്‍ത്തുമൃഗങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന പുലിയെ കണ്ടത്. ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതോടെ സാവധാനം മുകളിലേക്ക് കയറി പോവുകയായിരുന്നു പുലി. ചൊവ്വാഴ്ച്ച രാത്രി വീണ്ടും കാപ്പുങ്ങല്‍ ഹംസയുടെ റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടതോടെ വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. ഓലപ്പാറയില്‍ മാമച്ചന്റെ രണ്ട് ആടുകളെ കൊന്നതിനെ തുടര്‍ന്ന് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെ പുലി പേടിയിലായിരുന്നു പ്രദേശം.ഒരു മാസത്തിനുള്ളില്‍ ചോലമണ്ണ്, പൊന്‍പാറ,ഓലപ്പാറ എന്നിവിടങ്ങളില്‍ നിന്നായി ഇരുപതോളം ആടിനെയും നായകളെയും പുലി കടിച്ച് കൊണ്ട് പോയിരുന്നു. ചിരട്ടകുളം ആലടിപ്പുറം, കണ്ണംക്കുണ്ട്, യതീംഖാന തുടങ്ങിയ പ്രദേശങ്ങളില്‍ വനം വകുപ്പ് സ്ഥലത്തെത്തി മുമ്പ് പരിശോധന നടത്തിയിരുന്നു. തടിയംപറമ്പില്‍ പുലി കെണി ഒരുക്കിയെങ്കിലും പിടികൂടാനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.