സമാധാനമാണോ അക്രമമാണോ ട്രംപ് ഉദ്ദേശിക്കുന്നത്?

Friday 5 August 2016 12:31 pm IST

വാഷിങ്ടണ്‍: എന്തുകൊണ്ട് അണ്വായുധം പ്രയോഗിച്ചുകൂടെന്ന് തന്‍റെ വിദേശനയ ഉപദേശകനോട് ചോദിച്ച യുഎസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ സമാധാനത്തിന്‍റെ വക്താവായിരിക്കുന്നു. ലോക സമാധാനം കൈവരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യമെന്നാണ് ട്രംപിന്‍റെ പുതിയ നിലപാട്. പോര്‍ട്ട്‌ലന്‍ഡ് പ്രസ് ഹെറാള്‍ഡ് എന്ന മാധ്യമത്തിന്റെ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു സമാധനത്തെ കുറിച്ചുള്ള ട്രംപിന്‍റെ വാചകക്കസര്‍ത്ത്. സമാധാനം കൈവരിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. മറ്റാരേക്കാളും നന്നായി തനിക്ക് അതിന് സാധിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. ട്രംപിന് 70 വയസ് പ്രായമുണ്ട്. എന്നാല്‍ പ്രായം തനിക്ക് ഒരു പ്രശ്‌നമായി തോന്നിയിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു. യുഎസ് പ്രസിഡന്റുമാരില്‍ മികച്ച ഒരാളായിരുന്ന റൊണാള്‍ഡ് റീഗനെക്കാള്‍ പ്രായ കുറവാണ് തനിക്ക്. ഒരുപക്ഷെ തനിക്കെതിരെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഹിലരിയെക്കാളും പ്രായം കുറവാണ്. പ്രസിഡന്റാകുന്നതിന് പറ്റിയ പ്രായമിതാണെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് വാദിച്ചു. രസകരമായ കാര്യം ഇതൊന്നുമല്ല. ഇന്ന് സമാധാനമാണ് ഏറ്റവും വലിയ കാര്യമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നേരത്തെ അണ്വായുധങ്ങള്‍ നമുക്കുണ്ടെങ്കില്‍ എന്തുകൊണ്ട് അതു പ്രയോഗിച്ചുകൂടെന്ന് ട്രംപ് ചോദിച്ചിരുന്നു. ട്രംപിന്റെ വിദേശനയ ഉപദേശകനോടാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചതെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നുതവണയോളം ഇക്കാര്യം ട്രംപ് ചോദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ട്രംപിന്റെ പ്രചാരണവിഭാഗം ഇക്കാര്യം നിഷേധിച്ചു. അതേസമയം, ലോകത്തെ ഏറ്റവും ശക്തമായ സൈന്യമുള്ള രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ മനോനിലയെക്കുറിച്ച് ആശങ്കയുളവാക്കുന്ന വാക്കുകളാണിതെന്നാണ് വിലയിരുത്തല്‍. ലോകകാര്യങ്ങളെക്കുറിച്ചും വിദേശനയത്തെക്കുറിച്ചും ട്രംപിനുള്ള വിവരമില്ലായ്മയും വിവേകമില്ലാത്ത അഭിപ്രായ പ്രകടനവുമാണ് ഇത്തരം വാദത്തിനു പിന്നില്‍. യുഎസിന്റെ സംരക്ഷണം തേടാതെ ജപ്പാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ സ്വന്തമായി അണ്വായുധം നേടണമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനും (ഐഎസ്) മറ്റു ഭീകരസംഘടനകള്‍ക്കുമെതിരെ അണ്വായുധം പ്രയോഗിക്കുന്ന കാര്യം ട്രംപ് തള്ളിക്കളഞ്ഞിരുന്നില്ല. ഇതിനെതിരെ ട്രംപിന്റെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ വരെ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ ട്രംപ് യോഗ്യനല്ലെന്നാണ് കഴിഞ്ഞദിവസം പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചത്. വികാരപരമായും മാനസികമായും മുരടിച്ച അവസ്ഥയിലാണ് ട്രംപ് എന്നും വിമര്‍ശനമുയര്‍ന്നിരുന്നു. മാനസിക പരിശോധനയ്ക്ക് ട്രംപ് തയാറാകണമെന്ന് ആവശ്യപ്പെട്ട് ഒരു ഓണ്‍ലൈന്‍ പെറ്റീഷനും കലിഫോര്‍ണിയയില്‍നിന്നുള്ള ഒരു പാര്‍ലമെന്റംഗം ആരംഭിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.