ചങ്ങലയാൽ തളയ്ക്കപ്പെട്ട മനസ്സുകൾ

Sunday 9 April 2017 5:01 pm IST

ചെന്നൈയിൽ സി.പി രാമസ്വാമി ഫൗണ്ടേഷനിൽ വെച്ച് ‘ചങ്ങലയാൽ തളക്കപ്പെട്ട ദൈവങ്ങൾ’ (Gods in shackles) എന്ന ഒരു ഡോക്യുമെന്‍ററി കണ്ട് കടുത്ത ഹൃദയ വ്യഥയോടെയാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്. ഈ ഡോക്യുമെന്‍ററി വളരെ നന്നായി ചെയ്തിട്ടുണ്ട് എന്ന് ചില മൃഗസ്നേഹികള്‍ക്ക് തോന്നാം. എന്തെന്നാൽ നാട്ടാനകളെയെല്ലാം ആന പരിപാലന താവളങ്ങളിലേക്ക് കൊണ്ടുപോയി പീഡനത്തിൽ നിന്നും മോചിപ്പിക്കണം എന്നാണ് അവരുടെ വാദം. പക്ഷേ ആനകളെ സ്നേഹിച്ചു ചെറുപ്പം മുതലേ നമ്മുടെ ആചാരനുഷ്ഠാനങ്ങളെയും അമ്പലങ്ങളെയും കണ്ടു വളർന്ന ഒരാൾക്ക് ഇത് ഒരു ചതിയായിട്ടാണ് തോന്നുക. ആനകളെ അടുത്തറിഞ്ഞിട്ടുള്ള ഒരാളെന്ന നിലയ്ക്ക് ആനകളെ പൂർണ്ണമായും നിരോധിക്കുക എന്ന നടപടിയോട് ഒരിക്കലും യോജിക്കാനാവില്ല. അതിനും ശാസ്ത്രീയമായവ ഉൾപ്പെടെ അനവധി കാരണങ്ങൾ ഒന്നിന് പിറകെ ഒന്നായി നിർത്താൻ കഴിയും. എന്നാൽ അതിനു മുന്നേ, മേൽപ്പറഞ്ഞ ഹ്രസ്വചിത്രത്തിൽ എന്തെല്ലാം പ്രതിപാദ്യം ചെയ്യപ്പെട്ടിരിക്കുന്നു എന്നത് ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. അതിലേറെ വസ്തുതയുടെ പേരിൽ വിളംബിയ ഒരു പറ്റം നുണകളെ ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ആദ്യാവസാനം ഉത്സവങ്ങളുടെ ദോഷവശങ്ങളെ മാത്രം ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ എന്നാൽ, കേരളത്തിന്റെ തനതായ പാരമ്പര്യം, പുരാതനവും സമ്പന്നവുമായ സംസ്കാരികപൈതൃകം, ഒരുപക്ഷെ ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും പണ്ടുകാലം മുതലേ നടപ്പിലുണ്ടായിരുന്നതുമായ ഗജ പരിപാലന രീതികൾ (ഭാരതത്തിലെ തന്നെ എറ്റവും ഉത്തമമായതെന്ന് ഏവരും സമ്മതിക്കുന്നത്) തുടങ്ങിയവയെക്കുറിച്ച് യാതൊരു തരത്തിലുള്ള പരാമർശവും കണ്ടില്ല. നൂറ്റാണ്ടുകൾക്ക് മുൻപ് തമിഴ് സംഘകാലം മുതൽ തന്നെ ഇവിടെ ആനകളെ നന്നായി നോക്കിയിരുന്നു. ഇതിനുള്ള വ്യക്തമായ തെളിവുകൾ നമുക്കുണ്ട്. എന്നാൽ മറിച്ചുള്ള വശങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുകയും ചിത്രീകരിക്കുകയും ചെയ്ത ഈ ഡോക്യുമെന്‍ററി ഒരു ചർച്ചക്കുള്ള വാതിൽ തുറന്നിരിക്കുന്നു - ഇതിനു പുറകിലുള്ള ഉദ്ദേശ്യശുദ്ധി എന്ത് എന്നതിന്റെ ചൊല്ലി ? താഴെ പറയുന്ന കുറേ കാര്യങ്ങൾ ഇതിന്റെ ഉദ്ദേശ്യശുദ്ധിയേക്കുറിച്ച് സംശയം ജനിപ്പിക്കുന്നു. ജാതിമതഭേദമന്യേ ദേവാലയങ്ങളിൽ ഇന്ന് ആനകളെ ഉപയോഗിക്കുന്നുണ്ടെങ്കിലും ക്ഷേത്രാചാരങ്ങളെ കുറിച്ച് മാത്രം പരാമർശിച്ചും വിമർശിച്ചും നേരം നീക്കിയ ഈ ചിത്രം പള്ളി പെരുന്നാളുകളിലും നേർച്ചകളിലും തലപ്പൊക്കമത്സരങ്ങളുടെ പേരിൽ ക്രൂശിക്കപ്പെടുന്ന ആനകളെ കണ്ടതായി തോന്നിയില്ല. അതോ കണ്ടില്ലെന്നു നടിച്ചതോ? ഈ ചിത്രത്തിന്റെ സംവിധായിക, ശ്രീമതി സംഗീത അയ്യർ ഇതിന്റെ പ്രദർശനത്തിനു ശേഷം നടന്ന ഒരു ചോദ്യാത്തര വേളയിൽ വ്യക്തമായി പറയുന്നു - "ആചാരങ്ങളെയും സംസ്കാരത്തിനെയും പറ്റി പറയാനാണ് ഞാൻ ഉദ്ധേശിക്കുന്നത്, നാമെല്ലാം ക്ഷേത്രങ്ങളെ ബഹിഷ്കരിക്കണം" എന്ന്! കേരളത്തിലെ ഹിന്ദു ആരാധനാലയങ്ങളെല്ലാം മനുഷ്യരെയും ആനകളെയും പീഡിപ്പിക്കുന്ന കേന്ദ്രങ്ങളാണ് എന്നാണോ അവർ പറയുന്നത്? ഒരു നുണയെ ആയിരം വട്ടം ആവർത്തിച്ചു സത്യമാക്കുക എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം നാഴികയ്ക്ക് നാല്പതു വട്ടം ഗുരുവായൂരും തിരുവമ്പാടിയും മറ്റനേകം ക്ഷേത്രങ്ങളും മൂന്നാം മുറ പ്രയോഗ കേന്ദ്രങ്ങൾ ആണെന്ന് ശ്രീമതി അയ്യർ രേഖപെടുത്തുന്നു. ഒരു കൂട്ടം നുണകളെ ആശ്രയിച്ചു മാത്രം ജീവിതം തള്ളി നീക്കുന്ന ഇവർക്ക് എന്തും ആവാമായിരിക്കും, എന്തും പറയാമായിരിക്കും. അങ്ങനെ പറയാൻ കാരണമുണ്ട്. 2013ൽ ഈ ചിത്രത്തിന്റെ ആദ്യ ശകലങ്ങളുമായി പുറത്ത് വന്നപ്പോൾ കാനഡയിൽ ജനിച്ചു വളർന്ന താൻ ഒട്ടനവധി കഷ്ടതകൾ സഹിച്ചാണ് ഇതെല്ലാം ചിത്രീകരിച്ചത് എന്ന് പറഞ്ഞ ശ്രീമതി അയ്യർ ഇന്ന് അവകാശപ്പെടുന്നത് താൻ പാലക്കാട്ട് ഒരു അഗ്രഹാരത്തിൽ ജനിച്ചു, ബാല്യം കേരളത്തിൽ ചിലവഴിച്ചു എന്നാണ്. ഇതിൽ ഏതാണ് വസ്തുത എന്നത് അവർക്കു മാത്രം അറിയാവുന്ന ഒന്ന് തന്നെ. അർദ്ധ സത്യങ്ങളും നുണകളും കരുപ്പിടിപ്പിച്ച് ഹിന്ദു ആരാധനാലയങ്ങളുടെയും ചിരപുരാതനമായ പൈതൃക സമ്പ്രദായങ്ങൾക്കെതിരെ കേരളത്തിൽ കാര്യമായി ജീവിച്ചിട്ടില്ലാത്ത, ആനകളെ ശരിക്കും കണ്ടിട്ടില്ലാത്ത ഒരു വ്യക്തി ഇങ്ങനെ ഒരു ഫിലിം എടുത്തതിന്റെ ഔചിത്യം എന്തായിരിക്കും? കുറേക്കൂടി നല്ല രീതിയിൽ കാര്യങ്ങളെ പഠിച്ച് വസ്തുനിഷ്ഠമായ ഒരു കഥയാണ് പറയുന്നതെങ്കിൽ അത് കുടുതൽ ആസ്വാദ്യമായേനെ. മാത്രമല്ല ആനകൾ ഇന്നനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് കാര്യമായ ചില മാറ്റങ്ങളും വന്നിരിക്കാം. പക്ഷെ ഈ ഡോക്യുമെന്‍ററി മുഴുവനും കപട ആനപ്രേമികളായ മൃഗസ്നേഹി ആക്ടിവിസ്റ്റുകള്‍ക്ക് വേണ്ടിയാണെന്ന് ഏതൊരാൾക്കും മനസ്സിലാകും. നിങ്ങളുടെ പ്രചരണം വളരെ വിപുലമായിരിക്കാം - പക്ഷെ സത്യം പോലെ തന്നെ അസത്യവും എന്നും മറക്കുള്ളിൽ ഇരിക്കില്ല - ഒരുനാൾ പുറത്തു വരും. ഈ ഫിലിമിന്റെ ഡയറക്ടർ കപട മൃഗസ്നേഹികളുടെ ഇച്ഛാനുസ്സാരം ഒരു തിരക്കഥ ചമച്ചിരിക്കുന്നു. കേരളത്തിലെ ആന ഉടമസ്ഥരും ഇടനിലക്കാരും അവരുടെ വഴികളിൽക്കൂടി ജനങ്ങളുടെ 'ആനപ്രേമത്തെ ' ചൂഷണം ചെയ്യുന്നുണ്ട് എങ്കിലും ആന ആക്ടിവിസ്റ്റുകളും എത്രയോ മില്യൺ വിദേശ പണം ലക്ഷ്യമിട്ടല്ലേ പ്രവർത്തിക്കുന്നത്? കേരളത്തിന്‌ ഒരു സുവര്‍ണ്ണ കാലഘട്ടം ഉണ്ടായിരുന്നു - ആനകള്‍ ഒരു കുടുംബാംഗത്തെ പോലെയായിരുന്നു. ആനക്കാരനും ആനയും തമ്മില്‍ ഒരു പിതൃ - പുത്ര ബന്ധമായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ആനകളെ ഉപയോഗിക്കുന്നതിനായുള്ള ആവശ്യം ഗണ്യമായി വര്‍ദ്ധിച്ചത്. ഇതിനു കാരണം പുതുതായി രൂപം കൊണ്ട ഉത്സവങ്ങളും കൂടാതെ ക്രിസ്ത്യന്‍ - മുസ്ലിം പള്ളികളും അവരുടെ പെരുന്നാളുകള്‍ക്ക് ആനകളെ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയതുമാണ്. 1970ല്‍ ആനപ്പിടിത്തം നിരോധിക്കപെട്ടതോടെ കേരളത്തിലെ ആവശ്യങ്ങള്‍ക്ക് ആനകളെ ബീഹാര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൊണ്ട് വരേണ്ടി വന്നു. ഇതെല്ലാം കാരണം കഴിവുള്ള ആനക്കാരുടെ എണ്ണം കുറഞ്ഞു. ആനത്തൊഴില്‍ ഒരു കലയാണ്‌. പണ്ട് ഇത് അച്ഛനില്‍ന്നിന്ന് മകനിലേക്ക്‌ കൈ മാറി വന്ന ഒരു തൊഴിലായിരുന്നു. ആ കാലഘട്ടങ്ങളില്‍ "തോട്ടി" പ്രയോഗം വളരെ വളരെ വിരളമായിട്ടെ ആനക്കാര്‍ ഉപയോഗിച്ചിരുന്നുള്ളു. ആന ആനക്കാരന്റെ നേരെ തിരിഞ്ഞാല്‍ സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം. നൂറ് പറഞ്ഞു ആറോങ്ങി ഒരടി എന്ന ഗജപാലകതത്വം ഏറെ നിഷ്കർഷയോടെ തന്നെ പാലിക്കപ്പെട്ടിരുന്നു എന്ന് സാരം. ഒരു നല്ല ആനക്കാരന്‍ ആവാന്‍ വര്‍ഷങ്ങളുടെ നിരന്തര അഭ്യാസം ആവശ്യമാണ്‌. സാധാരണയായി പ്രധാന ആനക്കാരന്റെ ശിഷ്യന്‍ ആയിട്ടാണ് ഒരാള്‍ ആനപ്പണിയില്‍ തുടക്കം കുറിക്കുന്നത്. ചെയ്യുന്ന ജോലി ആകട്ടെ, ആനയെ കെട്ടുന്ന തറ വൃത്തിയാക്കുക, തീറ്റ കൊടുക്കുക, ചങ്ങല മാറ്റിക്കെട്ടുക, കഴുകാന്‍ സഹായിക്കുക മുതലായവയാണ്. ഇങ്ങനെ കുറേനാള്‍ ഒന്നാമന്റെ മേല്‍നോട്ടത്തില്‍ ശിക്ഷണം നേടിയതിനു ശേഷമാണ് ഒരാനയുടെ ഒന്നാം ആനക്കാരന്‍ ആവാനുള്ള യോഗ്യത ലഭിക്കുന്നത്. അയാളെ സംബന്ധിച്ചിടത്തോളം ഒന്നാമനും ആനയും തന്നെ ഗുരുക്കന്മാരാണ്. കേരളത്തില്‍ ഇതുപോലെ ശിക്ഷണം ലഭിച്ച ഒന്നാംതരം ആനക്കാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ആനകളെ ഒരു നോട്ടം കൊണ്ടോ, ചൂണ്ടു വിരല്‍ കൊണ്ടോ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ആനകളുടെ എണ്ണം വര്‍ദ്ധിച്ചതോടുകൂടി ആനക്കാരുടെ ശിക്ഷണത്തിലും കഴിവുകളിലും മാറ്റം വന്നു തുടങ്ങി. അവര്‍ കടുത്ത ശിക്ഷ നല്‍കുവാനും, ലഹരി വസ്തുക്കള്‍, മയക്കു മരുന്നുകള്‍ എന്നിവയിൽ അഭയം പ്രാപിക്കാനും തുടങ്ങി. ഈ വസ്തുതകള്‍ എല്ലാം കേരളത്തില്‍ ജനിച്ച് ആനകളെ കണ്ട് നിരീക്ഷിച്ച ഏതൊരു വ്യക്തിക്കും മനസ്സിലാക്കാവുന്നതെയുള്ളു. എന്നാല്‍ പാശ്ചാത്യ മൂല്യങ്ങളെ വച്ചുകൊണ്ട് ഡോക്യുമെന്ററി ഫിലിം ചെയ്യുന്ന ഒരാള്‍ക്ക്‌ ഈ വസ്തുതകളൊന്നും മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇപ്പോഴും ആനകളെ വളരെ നന്നായി നോക്കുന്ന ആനക്കാരുണ്ട്. ഇതൊന്നും ഡോക്യുമെന്ററിയില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ല. എന്നാല്‍ ഒരാനയുടെ ചങ്ങലയും കാലിലെ വ്രണങ്ങളും മാത്രമാണ് ഉള്‍ക്കൊള്ളിചിട്ടുള്ളത്. ഇത് വരാനുള്ള കാരണം എന്താണെന്നോ, എങ്ങനെ വരാതിരിക്കാന്‍ നോക്കണം എന്നോ ഇതില്‍ പറയുന്നില്ല. എല്ലാ ആനകള്‍ക്കും വ്രണങ്ങള്‍ ഉണ്ടാവണം എന്നുമില്ല. https://youtu.be/R0vCJjM1qgo ഈ ഡോക്യുമെന്ററിയില്‍ കൂടുതല്‍ ഭാഗങ്ങളിലും തൃശൂര്‍ പൂരം, തിരുവമ്പാടി ക്ഷേത്രം, അവരുടെ ലക്ഷ്മി, ശിവസുന്ദര്‍ എന്നീ ആനകള്‍ ഇവയെല്ലാം ആണ് കാണിക്കുന്നത്. തൃശൂരിനെയും തൃശൂര്‍ പൂരത്തിനെയും നന്നായി അറിയുന്ന ഒരാള്‍ക്ക്‌ ഈ ഡോക്യുമെന്ററി കണ്ടാല്‍ തന്നെ ഇവരുടെ ഉദ്ദേശം മനസ്സിലാവും. പ്രത്യേകിച്ച് അവരുടെ ചോദ്യോത്തര വേളയിലെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍, അതൊക്കെ മുന്‍ വിധിയോടെ ആയിരുന്നു എന്ന് മനസ്സിലാക്കാം. അടുത്തിടെ അവരുടെ ഫേസ്ബുക്ക് പേജില്‍ ( Voice for Asian Elephants ) അവര്‍ ലക്ഷ്മി എന്ന ആനയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. അതിനെ കാഞ്ചി മഠത്തില്‍ നിന്ന് കൊണ്ട് വന്ന മൂന്നു പിടിയാനകളുടെ കൂടെ മദിരാശിക്കടുത്തുള്ള മാരക്കാനത്തുള്ള ഒരു NGOയുടെ ആന താവളത്തിലേക്ക് മാറ്റുന്ന കാര്യം സൂചിപ്പിക്കുന്നു. മാത്രമല്ല, ഇവരുടെ തന്നെ സംഘത്തിലെ ചിലർ, പൂരത്തിന് ദിവസങ്ങൾക്കു മുന്നേ എന്ത് വില കൊടുത്തും ഞങ്ങൾ പൂരം മുടക്കുമെന്നു സമൂഹമാധ്യമങ്ങളിൽ തുറന്ന വെല്ലുവിളികൾ നടത്തിയതിനു മതിയായ തെളിവുകൾ ലഭ്യമാണ്. ശ്രീ വടക്കുംനാഥന്റെ കൃപ കൊണ്ടോ എന്തോ, യാതൊരു വിധത്തിലുള്ള അപകടങ്ങളും കൂടാതെ തൃശൂർ പൂരം പൂർവാധികം ഭംഗിയായി സമാപിച്ചു. എന്നാൽ അവിടെയും ആനിമൽ വെൽഫെയർ ബോർഡിന്റെ പ്രതിനിധികൾ പീഡനം ആരോപിച്ചു. AWBI പ്രതിനിധികളായ ഡോ. രാകേഷ് ചിറ്റൊറ, സുനില്‍ ഹവല്‍ധാര്‍, എം.എന്‍. ജയചന്ദ്രന്‍, പ്രീതി ശ്രീവത്സന്‍ (റിപ്പോര്‍ട്ടില്‍ നിന്ന് ലഭിച്ചത് ) എന്നിവരെ 2016 ലെ തൃശൂര്‍ പൂരത്തിന് ആനകളെ പരിശോധിക്കുവാന്‍ അനുവദിച്ചില്ല എന്ന് ഡോ. ചിന്നി കൃഷ്ണ ( VC, AWBI ) പറഞ്ഞു. എന്നാല്‍, പൂരം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ PETA എന്ന സംഘടന മേല്‍പ്പറഞ്ഞ 4 പ്രതിനിധികള്‍ തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട്‌ അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആനകളെ പരിശോധിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇത്ര വിശദമായ റിപ്പോര്‍ട്ട്‌ എങ്ങിനെ ഉണ്ടാക്കി? ഈ റിപ്പോര്‍ട്ട്‌ പൂരത്തിന് മുന്‍പ് തന്നെ ഉണ്ടാക്കിയതാണോ ? ഇങ്ങനെ ഒരു റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഇവര്‍ക്കുള്ള യോഗ്യത എന്താണ്? ഇത് പ്രസിദ്ധീകരിക്കാന്‍ 65% വിദേശഫണ്ടിൽ പ്രവർത്തിക്കുന്ന, അമേരിക്കയിലെ വിര്ജീനിയയിൽ നിന്നുള്ള PETA എന്ന സംഘടനയ്ക്ക് എന്ത് അവകാശമാണ് ഉള്ളത്? ഇവര്‍ക്ക് ഇതാര് കൊടുത്തു ? വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരം (RTI No. 25-45/2016-17/RTI) അനുസരിച്ച് തൃശൂര്‍ പൂരത്തിന് AWBI മറ്റു രണ്ടു വ്യക്തികളെയും (ഡോ. ബൂണ്‍ ആല്‍വിന്‍ , ശ്രീ ശ്രീധര്‍ വിജയകൃഷ്ണന്‍) നിയോഗിച്ചിരുന്നു. അതില്‍ വന്യജീവി ഗവേഷകനായ ശ്രീ. ശ്രീധര്‍ ആനകളെ വിശദമായ് പരിശോദിച്ചതായും ഒരു പ്രായോഗികമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചതായും പറയുന്നുണ്ട്. ഡോ. ചിന്നി കൃഷ്ണ തൃശൂര്‍ പൂരത്തിന്റെ കാര്യം ഒരുപാട് സംസാരിച്ചെങ്കിലും ഈ റിപ്പോര്‍ട്ടിന്റെ കാര്യം ഒരിക്കല്‍ പോലും പരാമര്‍ശിച്ചില്ല. AWBI അവര്‍ നിയോഗിച്ച വ്യക്തി നല്‍കിയ റിപ്പോര്‍ട്ട്‌ എന്തിനു മറച്ചു വെക്കണം? ഒരു കാര്യം വ്യക്തമാണ്, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തന്നെയാണ് ഇവരുടെ ലക്ഷ്യം. ഒരു പക്ഷേ ഭാരതത്തിന്റെ തന്നെയും ആവാം. തമിഴ് നാട്ടിലെ ജെല്ലികെട്ട് നിരോധനം നമ്മള്‍ കണ്ടതാണ്. സമൂഹ മാധ്യമങ്ങളില്‍ ഇത്തരം സംഘടനകളുടെ ഇരട്ടത്താപ്പ് വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മേൽപ്പറഞ്ഞ ഡോക്യുമെന്ററിയുടെ അവസാന ഭാഗങ്ങളില്‍ സുന്ദര്‍ എന്നൊരു ആനയെക്കുറിച്ചാണ് പറയുന്നത്. പ്രസിദ്ധമായ (സംഗീതയുടെ വാക്കുകളില്‍ "കുപ്രസിദ്ധമായ") ജ്യോതിഭാ ക്ഷേത്രത്തിലെ ആനയായിരുന്നു സുന്ദര്‍. ഇതിനെ PETA എന്ന സംഘടന കര്‍ണാടകത്തിലെ ഒരു NGO നടത്തുന്ന ആനത്താവളത്തിലേക്ക് മാറ്റുകയുണ്ടായി. കോടിക്കണക്കിന് ഡോളറുകളാണ് ഇത്തരം ആനത്താവളങ്ങളുടെ പേരില്‍ ഇവര്‍ പിരിക്കുന്നത്. ചങ്ങലയില്ലാതെ സുന്ദറിനെ നോക്കുന്നുണ്ട് എന്നാണ് അവര്‍ അവകാശപ്പെടുന്നത്. അത് പോലെ ആനയെ ഒരു ആയുധവും ഉപയോഗിക്കാതെയാണ് കൊണ്ട് നടക്കുന്നത് എന്നും പറയുന്നു.എന്നാല്‍ ഫിലിമില്‍ വളരെ വ്യക്തമായിട്ട് ചങ്ങല കാണാവുന്നതാണ്,കൂടാതെ ആനക്കാരന്‍ വടി ഉപയോഗിക്കുന്നതായും കാണാം. ഇപ്പോള്‍ ഈ ആന കര്‍ണാടക വനം വകുപ്പിന്റെ കീഴില്‍ ബന്നര്‍ഘട്ടയിലാണ്. ഈ പരിപാടിയില്‍ ഉടനീളം ആനകളെ കേരളത്തില്‍ ഭിക്ഷാടനത്തിനു ഉപയോഗിക്കുന്നതായി പറയുന്നു. എന്നാൽ അങ്ങനെ ഒരു പരിപാടി മലയാളികള്‍ക്ക് കേട്ട് കേള്‍വി പോലും ഇല്ലാത്ത ഒരു കാര്യമാണ്. ഇവര്‍ എന്തിനാണ് ഇങ്ങനെ ഇല്ലാക്കഥകൾ പാടി വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത്? എന്ത്കൊണ്ടാണ് ഇവർ യഥാർത്ഥ പ്രശ്നങ്ങള്‍ പഠിക്കുവാന്‍ ശ്രമിക്കാതെ കെട്ടുകഥകൾ പാടിനടക്കുന്നത്? എന്താണ് അവരെ വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയുന്നതിൽ നിന്നും തടയുന്നത്? ആനകളെ മതപരമല്ലാത്ത ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കിക്കൂടെ? വലിയ പഴക്കം ഇല്ലാത്ത, ഈയടുത്തകാലങ്ങളിൽ ആനയെ ഉപയോഗിച്ച് തുടങ്ങിയ ഉത്സവങ്ങളില്‍ നിന്ന് ആനകളെ ഒഴിവാക്കികൂടെ? ഇങ്ങനെയൊക്കെ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നാല്‍ തന്നെ ആനകള്‍ക്ക് ആവശ്യത്തിന് വിശ്രമവും പരിരക്ഷയും ലഭിക്കില്ലേ ? ആനകളെ ഉത്സവങ്ങള്‍ക്ക് നിരോധിച്ചാല്‍ തന്നെ, അറുനൂറോളം ആനകളുടെ അവസ്ഥ എന്താകും എന്ന് ഇവര്‍ ചിന്തിച്ചിട്ടുണ്ടോ ? ഇവയെ സര്‍ക്കാരിനു ഏറ്റെടുക്കാന്‍ സാധിക്കുമോ? വിദേശികൾ സ്ഥാപിച്ച, മൂലധനമിറക്കുന്ന, NGOകള്‍ക്ക് എന്തിനു അറുന്നൂറിൽ പരം ആനകളെയും അവയെ പാർപ്പിക്കുവാനുള്ള ഭൂമിയും വിട്ടു കൊടുക്കണം? വന നശീകരണത്താല്‍ കാട്ടാനകളുടെ ആക്രമണം വളരെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കാട്ടിലേക്ക് തിരിച്ചു അയക്കാന്‍ ഒരിക്കലും ഇനി സാധിക്കില്ല. അവര്‍ നാട്ടിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്നവരായി മാറും. കേരളത്തിലെ നാട്ടാനകള്‍ കൂടുതലും കൊമ്പന്മാരാണ് എന്ന് കൂടെ ഓര്‍ക്കണം ലോകമെമ്പാടുമുള്ള ആനത്താവളങ്ങളില്‍ പിടിയാനകളാണ് കൂടുതലും. കൊമ്പനാനകളെ ഒരുമിച്ചു കൂട്ടമായി പരിപാലിക്കുവാന്‍ സാധ്യമല്ല . ഈ കപട മൃഗസ്നേഹികള്‍ക്ക് ആനകളെക്കുറിച്ചോ, ആന പരിപാലനത്തിനെക്കുറിച്ചോ യാതൊന്നും അറിയില്ല എന്ന് വ്യക്തം. നാട്ടാനകള്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്ന മൃഗസ്നേഹികള്‍ കാട്ടാനകളുടെയും ദിവസവും അറക്കപ്പെടുന്ന മറ്റു മൃഗങ്ങളുടെയും വേദനകള്‍ സൗകര്യപൂര്‍വ്വം മറക്കുന്നു. ആനകള്‍ക്ക് ഇണ ചേരാനുള്ള അവസരം ലഭിക്കുന്നില്ല എന്ന് വാദിക്കുന്ന ഇവര്‍ കാളകളുടെയും പശുക്കളുടെയും കൃത്രിമമായ ബീജസങ്കലനം പ്രോത്സാഹിപ്പിക്കുന്നു. ഇറച്ചിക്ക് വേണ്ടി ഹോര്‍മോണുകള്‍ കുത്തി വെക്കുന്ന കോഴികളുടെ കാര്യം മറക്കുന്നു. ഏതു മൃഗമായാലും അവയോടുള്ള പരിചരണവും കാരുണ്യവും ഒരു പോലെ ആവണം. ഈ "രുചികരമായ" മൃഗങ്ങളുടെ കാര്യം ഇവര്‍ പരിഗണിക്കാത്തത് ഡോളറുകള്‍ കൊയ്യാനുള്ള അവസരം ഇല്ല എന്ന് അറിഞ്ഞിട്ടാവാം. എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. കുറിപ്പ്: തിരുവമ്പാടിയിലെ സുഹൃത്തുക്കള്‍ വഴി മനസ്സിലാക്കാന്‍ കഴിഞ്ഞത് സംഗീത അയ്യര്‍ അവിടത്തെ ഭാരവാഹികളോട് കേരളത്തിന്റെ തനതായ സംസ്കാരം ചിത്രീകരിക്കാന്‍ സഹായം അഭ്യര്‍ഥിച്ചാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അവർ പറഞ്ഞു നടക്കുന്ന പോലെ രഹസ്യമായല്ല ചിത്രീകരണം നടത്തിയത് എന്ന് ചുരുക്കം. അത് കൂടാതെ ആനക്കാരന്‍ ഗോപാലനോട്‌ ലക്ഷ്മിയുടെ കണ്ണില്‍ മരുന്ന് ഒഴിക്കാന്‍ ആവശ്യപെട്ടിട്ട് അത് ക്രൂരമായൊരു കാഴ്ചയായി അവതരിപ്പിച്ചു. ഇവരെക്കുറിച്ച് ഇനി എന്ത് പറയണം എന്നറിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.