പരിസ്ഥിതി സൗഹൃദ സുസ്ഥിരവികസനമാണ് വയനാടിന് അഭികാമ്യം : കേശവേന്ദ്രകുമാര്‍

Friday 5 August 2016 9:19 pm IST

കല്‍പ്പറ്റ : ഇന്ത്യയിലെ വളരെ പിന്നോക്കം നില്‍ക്കുന്ന ഒരു ജില്ലയാണ് വയനാട് എന്നാണ് പൊതുവെ പറയുന്നതെങ്കിലും ജൈവ വൈവിധ്യത്തിലും കാലാവസ്ഥയിലും വന്യജീവികളുടെ സമ്പുഷ്ടതയിലും വയനാട് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പ്രദേശമാണെന്ന് ജില്ലാകലക്ടര്‍ കേശവേന്ദ്രകുമാര്‍ പറഞ്ഞു. വയനാട്ടില്‍ അടുത്തകാലത്തായി നടന്നുവരുന്ന വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വികസനവും പരിസ്ഥിതി സൗഹൃദമായി രൂപപ്പെടുത്തിയാല്‍ മാത്രമേ വയനാടിന് ഭാവിയില്‍ പുരോഗതി കൈവരിക്കാന്‍ കഴിയൂ. വയനാട് ജില്ലാ പക്ഷി ഭൂപട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ്‌ലൈഫ് ബയോളജി, സോഷ്യല്‍ ഫോറസ്ട്രി വയനാട് ജില്ലാ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ പൂക്കോട് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതാപനം വന്‍തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമ്പോള്‍ ജീവിജാതികളുടെ നിരോധനം മനുഷ്യന്റെ തന്നെ നിലനില്‍പ്പിനെ അപകടപ്പെടുത്തുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച വെറ്ററിനറി ആനിമല്‍ സയന്‍സ് കോളേജിന്റെ ഡീന്‍ പ്രൊ. വിജയകുമാര്‍ പറഞ്ഞു. പക്ഷിഭൂപട നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള വിവരങ്ങള്‍ വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട പക്ഷികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങള്‍ നല്‍കുമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു. സാധാരണ ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രീയമായ പഠന പ്രക്രിയയായി പങ്കാളികളാക്കാന്‍ പക്ഷിഭൂപടം എന്ന ജനകീയ ശാസ്ത്ര പരിപാടി സഹായിച്ചുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.കെ.വിഷ്ണുദാസ് പറഞ്ഞു. സോഷ്യല്‍ ഫോറസ്ട്രി ഡിഎഫ്ഒ ഷജ്‌ന കരീം സ്വാഗതം പറഞ്ഞു. കേരള യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അഖില മോഹന്‍ ആശംസ അര്‍പ്പിച്ചു. ഡോ. രതീഷ് ആര്‍.എന്‍. നന്ദി പ്രകാശിപ്പിച്ചു. വയനാടിന്റെ പരിസ്ഥിതി വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ രണ്ട്‌വര്‍ഷത്തിനിടയില്‍ ജില്ലാകലക്ടര്‍ എന്ന നിലയില്‍നല്‍കിയ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് കേശവേന്ദ്രകുമാര്‍ ഐഎഎസ്. ന് ഹ്യൂംസെന്റര്‍ ഫോര്‍ ഇക്കേ ാളജി ആന്റ് വൈല്‍ഡ്‌ലൈഫ് ബയോളജി, നല്‍കുന്ന പ്രതേ്യക മെമെന്റോ ഡോ. വിജയകുമാര്‍ സമ്മാനിച്ചു. ജില്ലാ പക്ഷിഭൂപടം നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പക്ഷിനിരീക്ഷകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 300 ഓളം ആളുകള്‍ ശില്പശാലയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.