വിജയവീഥിയില്‍ പുതിയ ദൗത്യം

Friday 5 August 2016 10:32 pm IST

നരേന്ദ്ര മോദിയെ പിന്തുടര്‍ന്ന് ആനന്ദി ബെന്‍ പട്ടേല്‍. അവരുടെ പിന്‍ഗാമിയായി എത്തുകയാണ് വിജയ് രുപാനി. മന്ത്രിയെന്ന നിലയ്ക്ക് വലിയ അനുഭവപരിചയം ലഭിച്ചിട്ടില്ലെങ്കിലും ജനകീയനായ നേതാവാണ് ഈ 60 കാരന്‍. കറകളഞ്ഞ സ്വയംസേവകന്‍. ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവ്. ഇതൊക്കെയാണ് രുപാനിയെ വ്യത്യസ്തനാക്കുന്നത്. 1956 ആഗസ്റ്റ് രണ്ടിന് ജനനം. ജൈന ബനിയ കുടുംബാംഗം. പിതാവ് രമണിക് ലാല്‍ രുപാനി. സ്‌കൂള്‍ പഠനസമയത്തുതന്നെ ആര്‍എസ്എസില്‍ ആകൃഷ്ടനായി. അങ്ങനെ സ്വയംസേവകനായി. എബിവിപിയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍. ബിരുദമെടുത്തശേഷം എല്‍എല്‍ബി ഡിഗ്രിയുമെടുത്ത് അഭിഭാഷകനായി. 1971ല്‍ ഭാരതീയ ജനസംഘത്തില്‍ ചേര്‍ന്നു. പിന്നെ ബിജെപിയില്‍. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചു. പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ സജീവമായതോടെ തെരഞ്ഞെടുപ്പിലും മല്‍സരിച്ചു. അങ്ങനെ രാജ്‌കോട്ട് കോര്‍പ്പറേഷന്‍ മേയര്‍, രാജ്യസഭാംഗവുമായി. കേശുഭായ് പട്ടേലിന്റെ കാലത്ത് പ്രകടനപത്രിക സമിതി അധ്യക്ഷനായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തന മികവ് കണക്കിലെടുത്ത് പിന്നീട് അദ്ദേഹത്തെ ഗുജറാത്ത് ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ധനകാര്യബോര്‍ഡ് ചെയര്‍മാനായി. 2014 ആഗസ്റ്റില്‍ വാജുഭായി വാല എംഎല്‍എ പദവി രാജിവച്ചപ്പോള്‍ ആ ഒഴിവില്‍ രാജ്‌കോട്ട് വെസ്റ്റില്‍നിന്നാണ് മല്‍സരിച്ച് ജയിച്ചത്. മോദിയില്‍ നിന്ന് അധികാരമറ്റേ ആനന്ദി ബെന്‍ പട്ടേല്‍ മന്ത്രിസഭ വിപുലീകരിച്ചപ്പോള്‍ രുപാനിയെ ഗതാഗത, ജലവിതരണ തൊഴില്‍ മന്ത്രിയാക്കി. നിലവില്‍ മന്ത്രിപദവിക്കുപുറമേ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്. പട്ടീദാര്‍ സമുദായവുമായി അടുത്ത ബന്ധുള്ളയാളും സംഘടനാ പാടവമുള്ള നേതാവുമാണ്‌രൂപാണി. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയെ വീണ്ടും വിജയകിരീടമണിയിക്കുകയെന്നതാണ് ദൗത്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.