തൃക്കാക്കരയിലും നൂറോളം പേര്‍ സിപിഎം വിടുന്നു

Saturday 6 August 2016 11:52 am IST

കൊച്ചി: വിഭാഗീയത രൂക്ഷമായതിനെതുടര്‍ന്ന് എറണാകുളം ജില്ലയില്‍ സിപിഎമ്മില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ഉദയംപേരൂര്‍, പള്ളുരുത്തി, കവളങ്ങാട്, നേര്യമംഗലം, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ നിന്നും നൂറ്കണക്കിന് പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസങ്ങളിലായി സിപിഎം വിട്ടത്. ഇതിന് ചുവടുപിടിച്ച് തൃക്കാക്കരയില്‍ നിന്നും നിരവധി പേരാണ് സിപിഎം വിടാന്‍ ഒരുങ്ങിയിട്ടുള്ളത്. സിപിഎം വിടുന്നവരെ സ്വീകരിക്കാന്‍ കൃഷ്ണപിള്ള ദിനമായ 19ന് കാക്കനാട് ജംഗ്ഷനില്‍ സിപിഐ പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ജനപ്രതിനിധികളും ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരും ഉള്‍പ്പെടുന്ന നൂറോളം പേരാണ് സിപിഐയില്‍ ചേരുക. തൃക്കാക്കരയില്‍ നിന്നും സിപിഎം വിടുന്നവര്‍ വിഎസ് അനുകൂലികളാണ്. തൃക്കാക്കര നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളാണ് വിഎസ് പക്ഷക്കാര്‍ സിപിഎം ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് എത്തിനില്‍ക്കുന്നത്. കളമശ്ശേരി ഏരിയ കമ്മറ്റിക്ക് കീഴിലാണ് തൃക്കാക്കര. വിഎസ് അനുകൂല നേതൃത്വമായിരുന്നു നേരത്തെ. എന്നാല്‍, ജില്ലാ കമ്മറ്റിയില്‍ പിണറായി പക്ഷം പിടിമുറുക്കിയതോടെ ഇപ്പോള്‍ ഏരിയ കമ്മറ്റി പിണറായിപക്ഷത്തിന്റെ നേതൃത്വത്തിലാണ്. സക്കീര്‍ ഹുസൈനാണ് ഏരിയാ സെക്രട്ടറി. ടി.കെ. പരീതാണ് ഇവിടെ വിഎസ് പക്ഷത്തിന് നേതൃത്വം നല്‍കുന്നത്. സിപിഎം വിടുന്നവരെ സിപിഐ സ്വീകരിക്കുന്നത് ജില്ലയില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടിയിരുന്നു. ഉദയംപേരൂരില്‍ ഏരിയാ കമ്മറ്റിയംഗമായിരുന്ന രഘുവരന്റെ നേതൃത്വത്തില്‍ 50 ഓളം പേര്‍ സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്നതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സിപിഎം വിട്ടവരെ മാലയിട്ട് സ്വീകരിച്ചത്. ഉദയംപേരൂരില്‍ സിപിഎം 15 ബ്രാഞ്ചുകമ്മറ്റികള്‍ ഉള്ളതില്‍ 12 എണ്ണവും സിപിഐയുടെ കൂടെയായി. 190 പാര്‍ട്ടി മെമ്പര്‍മാരും സിപിഐയില്‍ ചേര്‍ന്നവരില്‍ ഉള്‍പ്പെടും. 4000 ഓളം അംഗങ്ങളുള്ള മത്സ്യ പ്രവര്‍ത്തക യൂണിയന്റെ നേതാവാണ് രഘുവരന്‍. ഈ സമിതി ഇപ്പോള്‍ സിപിഐയുടെ നിയന്ത്രണത്തിലായി. പള്ളുരുത്തിയിലെ മുന്‍ ഏരിയ സെക്രട്ടറി ജോണിന്റെ നേതൃത്വത്തിലും നിരവധിപേര്‍ അന്ന് സിപിഐയില്‍ ചേര്‍ന്നിരുന്നു. എഐടിയുസി യൂണിയന്‍ നേതാവായിരുന്ന സുബാഷിന്റെ പേരിലുള്ള സ്മാരകവുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ തര്‍ക്കം ഇതോടെ സംഘട്ടനത്തിലേക്ക് നീങ്ങിയേക്കും. സിപിഐക്കാരാണ് സുഭാഷ് സ്മാരകം നിര്‍മ്മിച്ചത്. സുഭാഷിനെ വെട്ടിക്കൊലപ്പെടുത്തിയത് സിപിഎമ്മുകാരായിരുന്നു. എന്നാല്‍ ഇവിടെയുള്ള എഐടിയുസികാര്‍ കൂട്ടത്തോടെ സിഐടിയുവില്‍ ചേര്‍ന്നതോടെ സുഭാഷ് സ്മാരകത്തിന്റെ നിയന്ത്രണം സിപിഎമ്മിന്റെ കൈകളിലായി. സിപിഐ ജില്ലാ സെക്രട്ടറിയുടെ പേരിലാണ് ഇപ്പോഴും സ്മാരകം. കോടതി വിധി സിപിഐയ്ക്ക് അനുകൂലമായിട്ടും സ്മാരകം വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറായില്ല. ഈ പ്രശ്‌നം രഘുവരന്റെ മാറ്റത്തോടെ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.