ഭൂമിക്കുവേണ്ടി സമരം പ്രഖ്യാപിച്ച് സി.കെ. ജാനു

Friday 5 August 2016 11:31 pm IST

കല്‍പ്പറ്റ: ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിക്കുന്നില്ലെന്നും ഓരോ വനവാസി കുടുംബത്തിനും കിടപ്പാടം ലഭ്യമാകും വരെ അത് തുടരുമെന്നും ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു. വയനാട് കളക്ടറേറ്റിനുമുന്നില്‍ സൂചനാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുത്തങ്ങ സമരത്തിനുശേഷം 162 ദിവസത്തെ നില്‍പ്പ് സമരപാക്കേജ് വ്യവസ്ഥകള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഓരോ കുടുംബത്തിനും ഒരേക്കര്‍ ഭൂമിയും ജയിലിലടച്ച കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കുമെന്നും യുഡിഎഫ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ആറ് മാസം കഴിഞ്ഞിട്ടും കൈവശ രേഖ ലഭിച്ചവര്‍ക്ക് ഭൂമി ഏതെന്നറിയില്ല. നറുക്ക് കിട്ടിയവര്‍ സംസ്ഥാന ലോട്ടറി പോലെ നറുക്കും കൊണ്ട് നടക്കുന്നു. ഇടതുപക്ഷ സര്‍ക്കാരിനും വനവാസികളോടുള്ള സമീപനത്തില്‍ മാറ്റമില്ല. ജില്ലയിലെ ഒരു പ്രധാന സമരകേന്ദ്രത്തില്‍ കുടില്‍ കെട്ടി താമസിക്കുന്ന 160 കുടുംബങ്ങളില്‍ 110 കുടുംബങ്ങള്‍ക്കുമാത്രമാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഇവര്‍ക്ക് ചുവന്ന കൊടിയുടെ പിന്‍ബലമുണ്ട്. ഒരു കൊടിയുടെയും പിന്‍ബലമില്ലാത്ത കുടുംബങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. അവര്‍ പറഞ്ഞു. ഗോത്രമഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു കാക്കത്തോട്, രക്ഷാധികാരി മാമന്‍ മാസ്റ്റര്‍, ജില്ലാസെക്രട്ടറി ബാബു കാര്യമ്പാടി, ആദിവാസി ഫോറം ജില്ലാപ്രസിഡണ്ട് എ.ചന്തുണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.