സംസ്ഥാനത്തെ 10 ജില്ലകള്‍ ഇന്ധനക്ഷാമത്തിലേക്ക്

Saturday 6 August 2016 10:38 am IST

കൊച്ചി: രണ്ടാം ദിവസവും ഇരുമ്പനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റില്‍ നിന്നും ലോഡ് എടുക്കുന്നതില്‍ നിന്നും ട്രക്ക് ഉടമകളും തൊഴിലാളികളും വിട്ടു നിന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്ധന നീക്കം നിലച്ചു. മൂന്ന് എണ്ണക്കമ്പനികളിലും ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകള്‍ സമരം ചെയ്യുകയാണ്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 10 ജില്ലകള്‍ ഇന്ധനക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. വിമാന ഇന്ധനനീക്കവും നിലച്ചു. അതേസമയം, സര്‍ക്കാര്‍ ഇടപെടല്‍ ഇതുവരെയുണ്ടായിട്ടില്ല. പുതിയ ടെണ്ടര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ട്രക്ക് ഉടമകളും തൊഴിലാളികളും ബഹിഷ്‌കരണസമരം നടത്തുന്നത്. ദിവസേന അറുനൂറിലധികം ലോഡുകളാണ് പ്ലാന്റില്‍ നിന്നും പോകുന്നത്. പുതിയ ടെണ്ടറില്‍ കരാറുകാര്‍ക്ക് പത്തു ശതമാനം വരെ ക്വോട്ട് ചെയ്യാം എന്ന വ്യവസ്ഥയാണ് തര്‍ക്കത്തിനിടയാക്കിയിരിക്കുന്നത്. നിലവില്‍, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലൊഴികെ ബാക്കി പതിനൊന്നു ജില്ലകളിലും ഇന്ധനനീക്കം സ്തംഭിച്ചു. ഇന്നു മുതല്‍ ഈ മൂന്നു സംസ്ഥാനങ്ങളില്‍ക്കൂടി സമരം ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മുഴുവന്‍ പമ്പുകളും നിശ്ചലമാകുന്ന അവസ്ഥയാണ്. ഇന്ധനം കൊണ്ടുപോകുന്ന ടാങ്കറുകളില്‍ സെന്‍സര്‍ ഘടിപ്പിക്കണമെന്ന നിര്‍ദേശമാണ് പ്രതിഷേധത്തിനു കാരണം. ഇതുമൂലം മൂന്നു ലക്ഷം രൂപയോളം അധികബാധ്യതയുണ്ടാകുമെന്നാണ് കരാറുകാറുടെ നിലപാട്. പുതിയ ടെന്‍ഡര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നു കരാറുകാര്‍ അറിയിച്ചു. സ്വന്തമായി ടാങ്കറുകളുള്ള പെട്രോള്‍ പമ്പുകള്‍ മാത്രമാണ് ഇന്ധനം കൊണ്ടുപോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.