വിദ്യാര്‍ത്ഥി സമരത്തെയനുകൂലിച്ച പിടിഎ പ്രസിഡണ്ടിനെ പുറത്താക്കി

Saturday 6 August 2016 12:52 pm IST

കാസര്‍കോട്: ബേള സെ ന്റ് മേരീസ് കോളേജില്‍ അഴിമതി നടത്തിയ പ്രിന്‍സിപ്പാലിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച പിടിഎ പ്രസിഡണ്ടിനെ മാനേജ്‌മെന്റ് പുറത്താക്കി. പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് മെറിറ്റ് സീറ്റില്‍ വ്യത്യസ്ഥ രീതിയില്‍ ഫീസ് വാങ്ങിയെന്നും മതപരമായ വിവേചനം കാണിച്ചുവെന്നുമുള്ള പരാതിയുമായാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. കഴിഞ്ഞ ഒരാഴ്ചയായിലധികമായി സെന്റ് മേരീസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്.
കൃത്യമായി കുട്ടികളില്‍ നിന്ന് പിടിഎ ഫീസെന്ന് പറഞ്ഞ് വര്‍ഷാവര്‍ഷം പണം പിരിക്കുന്നതല്ലാതെ നിലവില്‍ പിടിഎ കമ്മറ്റി പോലും സ്ഥാപനത്തിലുണ്ടായിരുന്നില്ല. സമരം ശക്തമായതോടെ വിദ്യാര്‍ത്ഥികളുടെയും പോലീസിന്റെയും ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് രക്ഷിതാക്കളുടെ യോഗം വിളിച്ച് കഴിഞ്ഞ ദിവസം പിടിഎ കമ്മറ്റി രുപീകരിച്ചിരുന്നു. അതിന്റെ പ്രസിഡണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി പ്രിന്‍സിപ്പാളിനോട് സംസാരിച്ചുവെന്നാരോപിച്ചാണ് മാനേജ്‌മെന്റ് തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. പുതിയ പിടിഎ നിലവില്‍ വന്ന് അന്ന് തന്നെ പ്രസിഡണ്ടിനെ പ്രിന്‍സിപ്പള്‍ വിളിച്ച് സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു.
പിടിഎ യോഗത്തില്‍ പ്രിന്‍സിപ്പളിന്റെ രാജി ആവശ്യപ്പെടാന്‍ തീരുമാനമെടുത്തതിന്റെ വൈരാഗ്യമാണ് പുറത്താക്കലിന് പിന്നിലെന്നാണ് ആരോപണം. പിടിഎ യോഗത്തില്‍ പങ്കെടുത്ത അധ്യാപകരും, രക്ഷിതാക്കളും മറ്റും ഒറ്റകെട്ടായിട്ടാണ് പ്രിന്‍സിപ്പള്‍ രാജിവെച്ച് അധ്യയനം സുഖമമായി നടത്തനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സഭ പ്രിന്‍സിപ്പാളിന് അനുകൂലമായ നിലപാട് ആണ് സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നു. എട്ടാം തീയ്യതി പോലീസിന്റെ ആവശ്യപ്രകാരം കോളേജില്‍ വീണ്ടും പിടിഎ യോഗം വിളിച്ചിട്ടുണ്ട്. ഇന്നലെ പ്രദേശത്തുള്ള വലത് മുന്നണിയുടെ ചില നേതാക്കള്‍ കോളേജിലെത്തി മാനേജുമെന്റുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തുകയും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടതായി ആരോപണമുണ്ട്. മാനേജുമെന്റിന് പിന്തുണ നല്‍കുകയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ കണ്ട് കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും രാഷ്ട്രീയക്കാര്‍ മാനേജ്‌മെന്റിന് ഉറപ്പ് നല്‍കുകയും ചെയ്തതായി രക്ഷിതാക്കള്‍ തന്നെ പറയുന്നു.
യുണിവേഴ്‌സിറ്റി അനുവദിക്കുന്ന കലാ-കായിക മത്സരങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുപ്പിക്കുക വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയ പ്രിന്‍സിപ്പളിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോളേജില്‍ നടക്കുന്ന ന്യായമായ സമാധാനപരമായ സമരത്തെ പുറത്തു നിന്നുള്ള പിന്തുണ ഉപയോഗിച്ച് ചെറുക്കാനുള്ള ശ്രമങ്ങളാണ് മാനേജ്‌മെന്റ് നടത്തുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.