കോക്കറാത്സാര്‍ ഭീകരാക്രമണം: ആക്രമിയുടെ ദൃശ്യങ്ങള്‍ പുറത്ത്

Saturday 6 August 2016 3:14 pm IST

ഗുവാഹത്തി: ആസമിലെ കോക്കറാത്സാറില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന് പങ്കുണ്ടെന്ന് കരുതുന്ന ഭീകരന്റെ ദൃശ്യങ്ങള്‍ പുറത്ത്. നാലംഗ അക്രമി സംഘത്തിലുണ്ടായിരുന്നെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നീല ചെക്ക് ഷര്‍ട്ടും  ജീന്‍സും റെയിന്‍ കോട്ടും ധരിച്ച്  ബാഗില്‍ തോക്കുമായി നടന്നു നീങ്ങുന്ന ദൃശ്യങ്ങളാണ് വെളിവാകുന്നത്. വെടിവെപ്പിന് മുമ്പ് തിരക്ക് മനസിലാക്കാന്‍ ആള്‍കൂട്ടത്തിനിടയില്‍ അല്‍പനേരം നില്‍ക്കുന്ന ചിത്രവും ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ദൃസാക്ഷിയായ ഒരാള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇയാള്‍ ഉള്‍പ്പെടെയുള്ള സംഘം ഓടി രക്ഷപ്പെട്ടതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം എന്‍ഐഎ സംഘം ഇന്ന് സ്ഥലം സ്ന്ദര്‍ശിച്ച് വിവരങ്ങള്‍ ആരായും. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഗുവാഹതിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ കോക്കറാത്സാറിലെ തിരക്കേറിയ ബാലാജാന്‍ ടിനിയാലി ചന്തയില്‍ ഭീകരാക്രമണം നടന്നത്. കറുത്ത വേഷം ധരിച്ചെത്തിയ നാല് ഭീകരര്‍ ജനങ്ങള്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. ഇയാളില്‍ നിന്ന് പോലീസ് എകെ 47, എകെ 56 തോക്കുകളും കൈബോംബുകളും പിടിച്ചെടുത്തു. മൂന്നു ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചിലാരംഭിച്ചിട്ടുണ്ട്. ഇവര്‍ വന്നതെന്ന് കരുതുന്ന വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ഡോവല്‍ മുഖ്യമന്ത്രി സോനോവാളിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. മൂന്നു ദിവസം മുന്‍പാണ് നാഷണല്‍ ഡെമോക്രാറ്റിക ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡില്‍ പെട്ട നാലു ഭീകരരെ പോലീസ് പിടിച്ചത്. ഇവരില്‍ നിന്ന് പിസ്റ്റളുകളും റിവോള്‍വറുകളും റൈഫിളുകളും കൈബോംബുകളും പിടിച്ചെടുത്തിരുന്നു. വിവരം വിശദമായി പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സര്‍വ്വാനന്ദ് സോനോവാള്‍ പറഞ്ഞു. ഭീകരര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.കോക്കറാത്സാര്‍ സംഭവം വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഇന്നലെ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.