കേരഗ്രാമം പദ്ധതിയുടെ തടസ്സം നീക്കാന്‍ കൃഷി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കും

Saturday 6 August 2016 7:24 pm IST

ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കേരഗ്രാമം പദ്ധതിയില്‍ ലഭിക്കേണ്ട ഒന്നരക്കോടി രൂപയുടെ ആനുകൂല്യം വിതരണം ചെയ്യുന്നതിനുള്ള സാങ്കേതിക കുരുക്ക് അഴിക്കുവാന്‍ കൃഷി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കാന്‍ തീരുമാനമായി. പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും കൃഷി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് വിതരണം ചെയ്യേണ്ട പണം അക്കൗണ്ടിലേക്ക് മാറ്റികിട്ടിയിട്ടും മുന്‍ കൃഷി ഓഫിസര്‍ ബോധപൂര്‍വം തടസ്സങ്ങളുണ്ടാക്കുകയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കൃഷി ഓഫിസര്‍ക്ക് എതിരെ അച്ചടക്കനടപടിക്ക് ഡയറക്ടര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അബ്ദുള്‍ കരീം പറഞ്ഞു. കര്‍ഷകര്‍ക്ക് അടിയന്തരമായി പണം ലഭിക്കുന്നതിന് കൃഷി ഓഫിസര്‍ ആദ്യം നല്‍കിയ പത്രിക പ്രകാരം നടപടി സ്വീകരിക്കുന്നതിന് അനുമതി തേടി കൃഷി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുമെന്നും പറഞ്ഞു. അനുമതി ലഭിക്കുന്നമുറയ്ക്ക് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റുമെന്നും പറഞ്ഞു. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ബീന നടേശ്, അസി. ഡയറക്ടര്‍ ജയാമണി, മങ്കൊമ്പ് കീടനിയന്ത്രണകേന്ദ്രം ഓഫീസര്‍ മാത്യു എബ്രഹാം, ചേര്‍ത്തല തെക്ക് കൃഷി ഓഫീസര്‍ എം.വി അനൂപ്, പഞ്ചായത്ത് അംഗങ്ങളായ സുജിത് കോനാട്ട്, സുധീഷ്, കേരഗ്രാമം സൊസൈറ്റി പ്രസിഡന്റ് സരോജ് കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബി.സലിം, വി.വിനോജ്, എന്‍.ടി.ഭദ്രന്‍, സി.വി.മനോഹരന്‍ തുടങ്ങിയവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.