അടിമാലി: കല്ലാര്‍കുട്ടി ഡാമിന് സമീപം ഇടുക്കി റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വെള്ളക്കെട്ടായതിനെ തുടര്‍ന്ന് ഗതാഗതം രൂക്ഷമായി. രണ്ടാഴ്ച്ചയായി ഡാം ടോപ്പില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഗതാഗതം നിരോധിച്ചതോടെ പണിക്കന്‍കുടി നെടുങ്കണ്ടം മേഖലകളിലേക്കുള്ള ചെറുവണ്ടികളും ഇടുക്കി റോഡിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനിടെ അറ്റകുറ്റ പണികള്‍ക്കായി മെറ്റല്‍ ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കള്‍ വഴിയോരത്ത് തന്നെ ശേഖരിച്ചിരിക്കുന്നതിനാല്‍ പ്രതിസന്ധി രൂക്ഷമായി. കത്തിപ്പാറ- കല്ലാര്‍കുട്ടി മേഖലകളില്‍ നിന്നെത്തുന്ന മഴവെള്ള ഓടകളുടെ അഭാവം മൂലം റോഡിലെ കുഴികള്‍ നിറഞ്ഞ് റോഡ് തോടായി മാറിയ സ്ഥിതിയാണ്. കട്ടപ്പന-ഇടുക്കി മേഖലകളിലേക്കുള്ള യാത്രാബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്ക്കൂടിയാതോടെ ഗതാഗത തടസം രൂക്ഷമായിട്ടുണ്ട്. ചെളിവെള്ളം നിറഞ്ഞ റോഡില്‍ ഗര്‍ത്തങ്ങള്‍ മനസിലാക്കാതെ നിരവധി ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവമാണ്. ഓടകള്‍ വൃത്തിയാക്കി വെള്ളം ഒഴുകി പോകുന്നതിന് വേണ്ട നടപടികളെങ്കിലും അധികൃതര്‍ സ്വീകരിച്ചെങ്കില്‍ അപകടം കുറയ്ക്കുവാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പോ പഞ്ചായത്ത് അധികൃതരോ പ്രശ്നത്തില്‍ ഇടപെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: