കള്ളപ്പിള്ള

Saturday 6 August 2016 9:27 pm IST

'പിള്ള മനസ്സില്‍ കള്ളമില്ലെ'ന്ന പഴഞ്ചൊല്ലിനോളം പ്രശസ്തമാണ് തെക്കന്‍ജില്ലകളിലൊക്കെ 'കള്ളപ്പിള്ള' എന്ന പ്രയോഗവും. ഇമ്മാതിരി ഒരു പിള്ളയാണ് തന്നെ മാലോകരൊക്കെ കുരിശുപിള്ളയെന്നാണ് വിളിക്കുന്നതെന്ന് നെഞ്ചത്തുതട്ടി ഊറ്റം കൊണ്ടതും വീട്ടില്‍ വിളിച്ചുവരുത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ കുമ്പസരിച്ചതും. കുഞ്ഞുമാണിയും കുട്ടിയമ്മയും ധ്യാനം കൂടാന്‍ പോയ അതേ നാളിലായിരുന്നു കുരിശുപിള്ളയുടെ കുമ്പസാരം. അവിടെയും ഇവിടെയുമൊക്കെ താന്‍ പറഞ്ഞ വാക്കുകള്‍ വെട്ടിമാറ്റി കൂട്ടിച്ചേര്‍ത്ത് തന്നെ ഒരു ന്യൂനപക്ഷവിരുദ്ധനാക്കാന്‍ ഇറങ്ങിത്തിരിച്ചവരോടായി ഒരു പ്രതിജ്ഞയുടെ‘ഭാവത്തില്‍ അദ്ദേഹം പറഞ്ഞതാണ് ശ്രദ്ധേയം, 'മരിക്കുന്നതുവരെ താന്‍ ന്യൂനപക്ഷങ്ങളോടൊപ്പമായിരിക്കും.' ഉറുക്കും നൂലും കെട്ടി മതേതരപുരോഗമനവാദം ഉദ്‌ഘോഷിക്കുന്ന സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന് ഇതുപോലൊരു കൂട്ടുകാരനെ വേറെ കിട്ടാനിടയില്ല. ശുദ്ധമതേതരനാണ് ഹാജി ബാലകൃഷ്ണപിള്ള. തനിക്ക് ഹജ്ജിന് പോയി പുണ്യം നേടാനാവാത്തതിനാല്‍ ലക്ഷങ്ങള്‍ ചെലവാക്കി മറ്റൊരാളെ ഹജ്ജിന് അയച്ച് ആ പുണ്യം സ്വന്തമാക്കിയ വിശുദ്ധന്‍. അതുംപോരാഞ്ഞ് കൊല്ലത്തില്‍ അഞ്ച് മുസ്ലിംപള്ളികളില്‍ പ്രാര്‍ത്ഥിക്കുന്ന ഏകവിശ്വാസി. കേരളത്തിലെ എല്ലാ ക്രിസ്ത്യന്‍ പള്ളികളിലും വിശ്വാസമുള്ള പരമഭക്തന്‍. ഇങ്ങനെയൊരു മതേതരനെ കിട്ടാന്‍ ഏത് കോടിയേരിയാണ് കൊതിക്കാത്തത്. പിള്ളഅച്ചായനെന്നും കുരിശുപിള്ളയെന്നുമൊക്കെയുള്ള പേര് അങ്ങനെവന്നുവീണതാണ് ബാലകൃഷ്ണപിള്ളയ്ക്ക്. എന്തായാലും ഇങ്ങനെ പറന്നുനടന്ന് മതേതരനാകാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് അറിയാതെപോലും കൊട്ടാരക്കര ഗണപതിയെ കാണാന്‍പോകും എന്ന് പറഞ്ഞില്ല പിള്ള. അതാണ് പിള്ളയുടെ നാക്ക്. അറിഞ്ഞുകൊണ്ടല്ലാതെ അറിയാതെ ഒന്നും പറയില്ല. നാക്ക് ചൊറിഞ്ഞുവരുമ്പോള്‍ അറിയുന്നതും മനസ്സിലിരിക്കുന്നതുമൊക്കെ തോന്നിയപാട് വിളിച്ചുപറഞ്ഞുപോകുമെന്നതൊഴിച്ചാല്‍ നിരപരാധിയാണ് താനെന്നാണ് പിള്ളയുടെ വാദം. എന്തായാലും സാധ്വി പ്രാചിയെയും യോഗി ആദിത്യനാഥിനെയുമൊക്കെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി വിചാരണ നടത്തി ഒടുവില്‍ അതിനെല്ലാം മോദി നേരിട്ടുവന്ന് പ്രായച്ഛിത്തം ചെയ്യണമെന്ന് വാദിച്ച ആരെയും രണ്ടുദിവസമായി കാണാനില്ല. പിള്ളയുടെ കമുകുംചേരി പ്രസംഗത്തിന്റെ പേരില്‍ പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് ആരും പറഞ്ഞുകേട്ടതുമില്ല. എന്തായാലും അച്ഛന്റെ നാക്കുപിഴയ്ക്ക് മകന്‍ മാപ്പപേക്ഷയുമായി കൈയുംകൂപ്പി മുന്നേ ഇറങ്ങിയിട്ടുണ്ട്. പാവം.. അല്ലാതെന്തുവഴി.. അച്ഛനായിപ്പോയില്ലേ... ഗണേശന്റെ പൊതുമാപ്പപേക്ഷയ്ക്ക് പിന്നാലെയാണ് അഞ്ചുപള്ളികളിലെ നിസ്‌കാരത്തഴമ്പുമായി പിള്ളയുടെ ഖേദപ്രകടനം. താന്‍ മതേതരനാണെന്ന് ആവര്‍ത്തിക്കുന്ന കൂട്ടത്തില്‍ പിള്ള ഒരുകാര്യം ഊന്നിപ്പറഞ്ഞു. പള്ളികളിലെ ബാങ്കുവിളി പട്ടിയുടെ കുര പോലെയാണെന്ന് പറയാന്‍ തനിക്ക് ഭ്രാന്തില്ല എന്നതാണത്. എണ്‍പത്തൊന്ന് വയസായി പിള്ളയ്ക്ക്. ഇക്കാലമത്രയും പ്രസംഗിച്ചുനടന്നതൊക്കെ ഓര്‍ത്തെടുക്കുന്ന ആരും ഇക്കാര്യം അടിവരയിട്ട് സമ്മതിക്കും. നിറം മാറുന്ന കാര്യത്തില്‍ ഓന്തെത്ര ഭേദമെന്ന് പണ്ടേക്കുപണ്ടേ ഇദ്ദേഹത്തെക്കുറിച്ചൊരു ആക്ഷേപമുണ്ട്. ഗണേശനും മന്ത്രിസ്ഥാനവും പിള്ളയുടെ ജയില്‍ വാസവും ഗണേശന്റെ വിവാഹമോചനവും സരിതയുടെ കത്തും ഉമ്മന്‍ചാണ്ടിയും വിഎസും ഇപ്പോഴത്തെ പിണറായി പ്രേമവും എല്ലാം കൂട്ടിച്ചേര്‍ത്തുവായിക്കുന്ന ആരും ഇത് സമ്മതിക്കുകയും ചെയ്യും. സാക്ഷാല്‍ മന്നത്ത് പത്മനാഭന്‍ സ്ഥാപിച്ച നായര്‍ സര്‍വീസ് സൊസൈറ്റി എന്ന സാമൂഹ്യ നവോത്ഥാനപ്രസ്ഥാനത്തിന്റെ പത്തനാപുരം താലൂക്ക് യൂണിയന്റെ അമരക്കാരനാണ് ഇപ്പറയുന്ന മതേതരന്‍. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എടുക്കുന്ന നിലപാടുകളുടെ ശരിതെറ്റുകള്‍ ചൂണ്ടിക്കാട്ടി അല്ലറ ചില്ലറ വിമര്‍ശനങ്ങളും കുത്തുവാക്കുകളും പരിഹാസവും ഒക്കെ പലകോണുകളില്‍ നിന്ന് ഏല്‍ക്കേണ്ടിവരാറുണ്ട് എന്നതൊഴിച്ചാല്‍ എന്‍എസ്എസ് ഉണ്ടായതില്‍പിന്നെ ഇന്നേവരെ പിള്ള വരുത്തിവെച്ച ദുഷ്‌പേര് കേള്‍ക്കേണ്ടിവന്നിട്ടില്ല. പുറത്തുപറയാന്‍ പറ്റാത്തത് പലതും സമുദായയോഗത്തില്‍ പറയുമെന്നാണ് കുരിശുപിള്ളയുടെ വെളിപ്പെടുത്തല്‍. പിള്ള പറഞ്ഞതൊക്കെയാണോ സമുദായയോഗത്തില്‍ പറയാറുള്ളതെന്ന് വെളിപ്പെടുത്തേണ്ടത് ആ സംഘടനയുടെ നേതാക്കളാണ്. അതല്ല സര്‍വധര്‍മ്മസമഭാവവും സമാനതയും സമാധാനവും രാഷ്ട്രീയത്തില്‍ കേട്ടുപരിചയിച്ച സമദൂരവുമൊക്കെയാണ് നിലപാടെങ്കില്‍ പിള്ള ഒന്നുംകൂടി കുമ്പസരിക്കേണ്ടിവരും. അത് എന്‍എസ്എസ് എന്ന മഹാപ്രസ്ഥാനത്തോടായിരിക്കണം. പത്തനാപുരത്ത് കമുകുംചേരിയിലെ എന്‍എസ്എസ് കരയോഗത്തിന്റെ വാര്‍ഷികപൊതുയോഗത്തില്‍ പിള്ള പറഞ്ഞത് എന്‍എസ്എസ് നിലപാടല്ലെന്നും വായില്‍തോന്നിയതൊക്കെ വിളിച്ചുപറയാനുള്ള വേദിയല്ല കരയോഗത്തിന്റേതെന്നും താക്കീത് കൊടുക്കേണ്ടത് സംഘടനയുടെ നേതാക്കളാണ്. അതിന് തയ്യാറായില്ലെങ്കില്‍ എന്‍എസ്എസിനെ ഇതരമതങ്ങള്‍ക്കെതിരെ രഹസ്യയോഗം ചേരുന്ന സംഘടനയെന്ന് കരിവാരിത്തേക്കുംവിധത്തില്‍ മനസ്സിലെ ചെളി മുഴുവന്‍ തികഞ്ഞ പരിഹാസത്തോടെ വിളിച്ചുകൂവിയ പിള്ളയെ താലൂക്ക് യൂണിയന്‍ ചുമതലയില്‍നിന്ന് പുറത്താക്കണം എന്നു തുടങ്ങിയ ആവശ്യങ്ങളാണ് ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ കൊട്ടാരക്കരയിലെയും പത്തനാപുരത്തെയും പല സമുദായാംഗങ്ങളും ഇപ്പോള്‍ മുന്നോട്ടുവെക്കുന്നത്. പറഞ്ഞുവന്നാല്‍ പിള്ള പറഞ്ഞ പലകാര്യങ്ങളും പുതുമയുള്ളതല്ല. പിള്ള കരുതുംപോലെ അടച്ചിട്ട മുറിയില്‍ ആരുംകേള്‍ക്കാതെ രഹസ്യമായി പറയേണ്ടതോ പറഞ്ഞിട്ടുള്ളതോ അല്ല. പിള്ളയുടെ നിലവാരവും സംസ്‌കാരവും അനുവദിക്കുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങളൊഴിച്ചാല്‍ പറഞ്ഞ പലതിലും വസ്തുതകളുണ്ട്. പിള്ളയ്ക്കത് പരമരഹസ്യമായി പറയേണ്ടിവരുന്നത് ആര്‍ക്കുമുന്നിലും വളയുന്ന അഴകൊഴമ്പന്‍ നട്ടെല്ലാണ് ആകെയുള്ള ആസ്തി എന്നതുകൊണ്ടുമാത്രമാണ്. അയോധ്യയും കാശിയും ലൗജിഹാദും സംഘടിതമതങ്ങളുടെ കയ്യേറ്റവുമൊക്കെ പൊതുനിരത്തുകളില്‍ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായപ്പോള്‍ പിള്ള കുരിശുപിള്ളയും പിള്ളക്കാക്കയുമായിരുന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദനിക്കുവേണ്ടി പിള്ളയോളം അലറിവിളിച്ച ഒരു നേതാവ് വെറെയുണ്ടായിട്ടില്ല. കേരളത്തിലെ ഹിന്ദുസമൂഹം നിലനില്‍പിനായി പൊരുതിയപ്പോഴൊക്കെ അതിനെ അധിക്ഷേപിക്കാനും അപഹസിക്കാനുമാണ് പിള്ള മുതിര്‍ന്നിട്ടുള്ളത്. താന്‍ ന്യൂനപക്ഷവിരുദ്ധനല്ലെന്ന് ആണയിട്ട് കുമ്പസരിച്ച പിള്ള ഒരിക്കല്‍ പോലും താന്‍ ഹിന്ദുവിരുദ്ധനല്ലെന്ന് പറയാന്‍ സന്നദ്ധനായിട്ടില്ലെന്നും ഓര്‍ക്കണം. 1967ല്‍ കൊട്ടാരക്കരയില്‍ നടന്ന പൊതുയോഗത്തില്‍ വെച്ച് 'ഞാന്‍ ചക്കരയ്ക്കും കള്ളിനും വേണ്ടി ഒരുപോലെ ചെത്തുന്നവനല്ലെന്ന് ബാലകൃഷ്ണപിള്ള മനസ്സിലാക്കട്ടെ' എന്ന് മന്നത്ത് പത്മനാഭന്‍ പറഞ്ഞത് ആരെ ഊന്നിയാണെന്ന് ഇപ്പോള്‍ കേരളം തിരിച്ചറിയുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.