വിനോദിപ്പിക്കാന്‍ ജീവിതബലി

Saturday 6 August 2016 9:34 pm IST

വിയറ്റ്‌നാം വീട് എന്ന സിനിമയുടെ പോസ്റ്റര്‍

നാടകത്തില്‍നിന്നു വന്ന് സിനിമയില്‍ ജീവിതം വിന്യസിച്ചവരുടെ നിരയിലെ അവസാന നക്ഷത്രങ്ങളിലൊന്നായിരുന്നു സുന്ദരം. നാടകത്തമിഴകം വിജയരഥത്തിലെഴുന്നള്ളിച്ച നാടകപ്രഭുവായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകള്‍ നീണ്ടുനിന്നിരുന്നു സുന്ദരത്തിന്റെ നാടകഗരിമയുടെ പെരുമ.

ശിവാജി ഗണേശന്റെ നാടകമണ്‍റമടക്കമുള്ള നാടകക്കൂട്ടായ്മകള്‍ സുന്ദരത്തിന്റെ കഥാപാത്രങ്ങളെയും മുഹൂര്‍ത്തങ്ങളെയും രാജ്യമെമ്പാടുമുള്ള വേദികളില്‍ നിറഞ്ഞാടി.
‘സുന്ദര’രചനയില്‍ ഒരു നാടകം കാണാന്‍ എനിക്കവസരമുണ്ടായി. തന്നാട്ടഭിമാനികളും ലോകമാടമ്പിപദവിക്കുവേണ്ടി വെറിപൂണ്ടു കടന്നുവന്ന യാങ്കികളുംചേര്‍ന്ന് വിയറ്റ്‌നാമിനെ യുദ്ധഭൂമിയാക്കി ചോരപ്പുഴയൊഴുക്കുന്ന കാലം.

തമിഴകത്തെ കൂട്ടുകുടുംബ വ്യവസ്ഥയില്‍ സ്‌നേഹസിംഹാസനങ്ങളിലിരുന്നു കുടുംബം ഭരിച്ചിരുന്ന മാതാപിതാക്കള്‍ മക്കള്‍ ആട്ച്ചിയുടെ കലാപഘോഷത്തില്‍ നോക്കുകുത്തികളായി മൂലചേരാന്‍ വിധിക്കപ്പെട്ട അവസ്ഥാന്തരങ്ങളെ, അതിലെ ദൈന്യതകളെയും നാട്യങ്ങളെയും അവകാശധാര്‍ഷ്ട്യങ്ങളെയും ധര്‍മസങ്കടങ്ങളെയും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളാക്കി മുഹൂര്‍ത്തസന്ധികളില്‍ നിവേശിപ്പിച്ച സുന്ദരത്തിന്റെ നാടകമിടുക്ക് ആദരവുണര്‍ത്തിയ ആഹ്‌ളാദാനുഭവമായി.
പ്രമേയഗാത്രത്തില്‍ ഉള്‍വേശിതമായ ഒളിപ്പോരുകളുടെയും, പൊട്ടിത്തെറികളെ പേറുന്ന മറവുശീലങ്ങളുടെയും, അമര്‍ത്തിയ തേങ്ങലുകളുടെയും ജ്വലിക്കുന്ന രോഷത്തിന്റെയും സാത്മ്യതലത്തിലാവണം, നാടകത്തിന് ‘വിയറ്റ്‌നാം വീട്’ എന്ന പേരുവീണു. ആ നാടകം തീര്‍ത്ത തരംഗത്തില്‍ നാടകനാമം സുന്ദരത്തിന്റെ പേരിന് ആദരവിശേഷണമായി. സുന്ദരം ‘വിയറ്റ്‌നാംവീട് സുന്ദര’മായി.

‘വിയറ്റ്‌നാംവീട്’ പിന്നീട് സിനിമയായി. ശിവാജി ഗണേശനും പത്മിനിയും മത്‌സരബുദ്ധിയോടെ ആടിത്തിമിര്‍ത്ത ചിത്രം സംവിധാനം ചെയ്തത് പി. മാധവനാണ്. ശിവാജി ഗണേശനോടൊപ്പം അഭിനയിക്കുമ്പോള്‍ നടീനടന്മാര്‍ നേരിടുന്ന വലിയ വെല്ലുവിളി ഉച്ചസ്ഥായിയും മന്ദസ്ഥായിയും പൊടുന്നനെ മുന്നറിയിപ്പുകളില്ലാതെ ഇടകലര്‍ത്തുന്ന അദ്ദേഹത്തിന്റെ ഭാവപ്രകാശനശൈലിയാണ്.

ഒപ്പമെത്താന്‍ അതേ ശ്രുതി ചേര്‍ന്നാല്‍ അതിലെ അനിബദ്ധമട്ടത്തില്‍ തുല്യപ്പെടാന്‍ കഴിയാതെ മെലോഡ്രാമയുടെ വിഴപ്പുചുമക്കേണ്ടിവരും, മറ്റുള്ളവര്‍ക്ക്. പക്ഷെ ഈ ചിത്രത്തില്‍ പത്മിനിക്ക് ആ ദുര്യോഗമുണ്ടായില്ല. അതിനുള്ള ക്രെഡിറ്റ് സുന്ദരത്തിനാണ് ശിവാജി ഗണേശന്‍ പതിച്ചുനല്‍കിയത്. സംഭാഷണത്തില്‍നിന്നും സംഭാഷണത്തിലേക്കു കുതിക്കാന്‍ വിടാതെ വാചാലമായ മൗനത്തിനു തിര.

രചനയില്‍ ഇടംതീര്‍ത്തു, സുന്ദരം. സ്വയവും പരസ്പരവും സംയമനത്തിന്റെ തീച്ചൂളയില്‍ കഥാപാത്രത്തിന്റെ ഉള്‍വേവുകളെ പാകപ്പെടുത്തി പ്രകാശനധാരയില്‍ ഉള്‍ച്ചേര്‍ക്കാന്‍ പ്രകോപിപ്പിച്ചു, ആ ഇടവീര്‍പ്പുകള്‍ കനിഞ്ഞുനല്‍കിയ തുറവികള്‍. അവിടെ ഒരാള്‍ക്ക് ഒരാള്‍ നടനത്തില്‍ അനുബന്ധവും പൂരകവുമാകാതെ വയ്യായിരുന്നു.

എഴുത്തുവഴിയില്‍ നാടകത്തിന്റെ ശ്രുതിയല്ല സിനിമയുടേതെന്ന് തിരിച്ചറിയുന്ന സുന്ദരത്തെയാണ് ഇതു സാക്ഷ്യപ്പെടുത്തുന്നതെന്ന് കെ.എസ്. സേതുമാധവന്‍ പറയുമായിരുന്നു. സേതുമാധവന് സുന്ദരത്തിന്റെ തൂലികയുടെ പ്രാപ്തി വൈഭവം നേരറിവായിരുന്നു. അദ്ദേഹത്തിന്റെ എംജിആര്‍ ചിത്രമായ ‘നാളെ നമതൈ’യുടെയും തോപ്പില്‍ഭാസിയുടെ ‘കൈയും തലയും പുറത്തിടരുത്’ നാടകത്തിന്റെ തമിഴ്ഭാഷ്യമായ ‘നിജങ്കളു’ടെയും എഴുത്തുപുരയിലെ പങ്കാളി സുന്ദരമായിരുന്നു.
‘വിയറ്റ്‌നാം വീട്’ തമിഴിലെ ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിലെ ക്ലാസിക്കുകളില്‍ അവസാനത്തേതാണെന്നു പറയുമായിരുന്നു എ.വിന്‍സന്റ്: ”ഹാറ്റ്‌സ് ഓഫ് ടു സുന്ദരം!”
പി. മാധവനോടൊപ്പമായിരുന്നു സുന്ദരത്തിന്റെ കൂടുതലും തിര.

രചനകള്‍ എന്നാണോര്‍മ്മ. ‘ഗൗരവം’ ആയിരുന്നു സുന്ദരത്തിന്റെ മറ്റൊരു മികച്ച രചന. ഒരിക്കലേ നേരില്‍ പരിചയപ്പെടാന്‍ ഇടയുണ്ടായുള്ളൂ; സേതുമാധവന്റെ വീട്ടില്‍വച്ച്. സിനിമക്കുവേണ്ടി രാപകല്‍ തുടര്‍ച്ചയായി വിട്ടുനില്‍ക്കുമ്പോള്‍ കുടുംബം അവരനുഭവിക്കുന്ന നമ്മുടെ അസാന്നിധ്യത്തെക്കുറിച്ച് പറയുന്ന പരാതികളായിരുന്നു സംസാരവിഷയം.

”മറ്റുള്ളവരെ എന്റര്‍ടെയിന്‍ ചെയ്യുക നിയോഗമായേറ്റെടുക്കുമ്പോള്‍ സ്വന്തം വിനോദവും വിശ്രമവും കുടുംബത്തിന്റ ഉല്ലാസവും ത്യജിക്കേണ്ടിവരും. അതു നേര്‍ച്ചക്കോഴികളുടെ നിത്യവിധി.”ആ വാക്കുകള്‍ക്കു കീഴെ ഞാനന്നു മനസ്സുകൊണ്ടും കൈയൊപ്പുചാര്‍ത്തി.
സുന്ദരം ഇനി ഓര്‍മ്മ; സ്വസ്തി!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.