ഈ കുട്ടികള്‍ എവിടെ പോകുന്നു?

Saturday 6 August 2016 10:10 pm IST

കോട്ടയം: ചിത്രത്തില്‍ കാണുന്ന 13 വയസ്സുള്ള ശ്രീറാമിനെ (യഥാര്‍ത്ഥപേരല്ല) കൊച്ചി നഗരത്തില്‍നിന്നും 1.1.2016 മുതല്‍ കാണാതായി. തെരക്കേറിയ ഒരു ബസ് സ്റ്റാന്‍ഡില്‍ കാണുന്ന അറിയിപ്പാണിത്. കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ദ്ധനയിലേക്കുള്ള ചൂണ്ടുപലകകൂടിയാണ് ഇത്. ആകുലതകള്‍ മാതാപിതാക്കള്‍ക്ക് മാത്രമായി അവശേഷിക്കുന്നു. കണക്കുകള്‍ നോക്കിയാല്‍ കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ് . 2011 ല്‍ 951 കേസുകളാണ് കുട്ടികളെ കാണാതായതിന് എടുത്തിരുന്നത്. ഇതില്‍ 521 പെണ്‍കുട്ടികള്‍. 2012 ല്‍ ഇത് 1073ആയി. 2013 ല്‍ 1167 പേരെയും 2014 ല്‍ 1209 പേരെയും കാണാതായി. 2015 1600 കുട്ടികളെയാണ് കാണാതായത്. ഇതില്‍ തിരുവനന്തപുരംജില്ലയാണ് മുന്നില്‍. 242 കുട്ടികളെ കാണാതായി. മലപ്പുറം തൊട്ടുപിന്നിലുമാണ്(201). കുട്ടികള്‍ ആരുടെയൊക്കെയോ അശ്രദ്ധകൊണ്ട് എവിടേക്കോ പോകുന്നു. ചിലപ്പോള്‍ തട്ടിക്കൊണ്ടു പോകപ്പെടുന്നു. മാസങ്ങള്‍ കഴിഞ്ഞ് ചില കുട്ടികളെയും കണ്ടെത്താറുണ്ട്. അപ്പോഴേക്കും അവരുടെ സ്വഭാവത്തില്‍ മാറ്റങ്ങലുണ്ടാകും. 2011-15 ല്‍ ആറായിരത്തില്‍പരം കാണാതായ കേസുകളാണ് ഉണ്ടായത്. 3220 പേര്‍ പെണ്‍കുട്ടികള്‍. ഇതിന് മുന്‍വര്‍ഷങ്ങളില്‍ ഇത്തരം കേസുകള്‍ താരതമ്യേന കുറവായിരുന്നു. ഒന്നരപതിറ്റാണ്ടില്‍ 12841 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ 6761 പേര്‍ പെണ്‍കുട്ടികം. ഇതില്‍ 12117 പേരെ കണ്ടെത്തി. 700 ല്‍ അധികം കുട്ടികളെ കണ്ടെത്താനുണ്ട്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും മുകളിലാണെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ രംഗത്തെ വിദഗ്ധര്‍ പറയുന്നു. വീട്ടില്‍നിന്നും വഴക്കിട്ട് ഒരു സ്‌കൂള്‍കുട്ടി തൃശൂരില്‍ നാടോടികളോടൊപ്പം കൂടിയ വാര്‍ത്ത വന്നത് ഒരാഴ്ചയ്ക്ക് മുമ്പാണ്. വൈകിട്ട് ചില സന്നദ്ധ പ്രവര്‍ത്തകര്‍ കണ്ടെത്തി കുട്ടിയെ പോലീസിലും തുടര്‍ന്ന് മാതാപിതാക്കളുടെ പക്കലും എത്തിക്കുകയായിരുന്നു. എന്നാല്‍ 2005 മെയ് 18 ന് ആലപ്പുഴയില്‍ നിന്നും കാണാതായ രാഹുല്‍ എന്ന ഏഴുവയസ്സുകാരനെ ഇന്നും കണ്ടെത്താനായിട്ടില്ല. കുട്ടികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷന്‍ വാത്സല്യ. പോലീസും സാമൂഹ്യക്ഷേമവകുപ്പും ചേര്‍ന്നാണ് പ്രവര്‍ത്തനം. ചൈല്‍ഡ് ലൈന്‍ ആക്ടിവിസ്റ്റുകളും ഇതുമായി ബന്ധപ്പെടുന്നു. വയനാട്ടില്‍ തുടക്കമിട്ട പദ്ധതി ഇപ്പോള്‍ സംസ്ഥാനമൊട്ടാകെയുണ്ട്. എന്നാല്‍ കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.