ആദിവാസികളുടെ വീട് നിര്‍മ്മാണത്തിന്റെ പേരില്‍ വന്‍ തട്ടിപ്പെന്ന് ആക്ഷേപം

Saturday 6 August 2016 10:35 pm IST

മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കല്‍ പട്ടിക വര്‍ഗ മേഖലയില്‍ ആദിവാസികളുടെ വീട് നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി ആക്ഷേപം. മലമ്പണ്ടാര വിഭാഗത്തില്‍ പെട്ടവര്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കുന്നതിലാണ് പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ചില ഉദ്യാഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പു നടത്തുന്നത്. ഇടുക്കി ജില്ലയിലെ പീരുമേട് പട്ടിക വര്‍ഗ്ഗ ആഫീസിന്റെ കീഴിലുളള പദ്ധതിയിലാണ് ആദിവാസികളായ സ്ത്രീകളെ കബളിപ്പിച്ച് വീട് നിര്‍മ്മാണ ജോലികള്‍ നടത്തി വരുന്നത്. വനത്തില്‍ നിന്നും ശേഖരിക്കുന്ന കായ്കള്‍ ഭക്ഷിച്ചും തേനും മറ്റു വന ഉത്പന്നങ്ങളും വില്‍പ്പന നടത്തിയും ഉപജീവനം നടത്തി വരുന്നവരുടെ വീട് നിര്‍മ്മാണത്തിലാണ് അഴിമതികഥകള്‍ പുറത്തു വന്നിരിക്കുന്നത്. മലപണ്ടാര വിഭാഗത്തില്‍പെട്ട നാലുപേര്‍ക്കാണ് ഇവിടെ ഭവന നിര്‍മ്മാണത്തിനു സര്‍ക്കാര്‍ ആനുകൂല്യം അനുവദിച്ചത്. വീട് ഒന്നിന് മൂന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. കുന്നേല്‍ തങ്കമ്മ, ചെല്ലമ്മ, മാധവന്‍, ജാനകി എന്നിവര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷം മുമ്പ് ചേര്‍ന്ന പട്ടിക വര്‍ഗ്ഗ ഊരുകൂട്ടത്തില്‍ വീടിനു അനുവാദം ലഭിച്ചത്. പണം ഇവരുടെ കൈവശം നല്‍കണമെന്ന നിയമം നിലനില്‍ക്കെ ഇവരുടെ കൈവശം പണം നല്‍കിയാല്‍ പദ്ധതി പാതി വഴിയില്‍മുടങ്ങും എന്ന പേരില്‍ ഡിപ്പാര്‍ട്ടുമെന്റി ലെ തന്നെ ചിലയാളുകള്‍ പദ്ധതി ഏറ്റെടുക്കുകയായിരുന്നു. വാസയോഗ്യമായ വീട് നിലവിലുണ്ടായിരുന്നപ്പോഴാണ് ഇവര്‍ക്കു ഉദ്യോഗസ്ഥന്‍മാരുടെ, സാന്നിധ്യത്തില്‍ വീണ്ടും അനുവദിച്ചത്. പന്ത്രണ്ട് വര്‍ഷം മുമ്പ് ഗ്രാമ പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍ പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ താത്പര്യമെടുത്തത്. തറ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ആദ്യ ഗഡുവായി ഒന്നര ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചു. ഇവരെ ഡിപ്പാര്‍ട്ടുമെന്റിലെ ചില ആളുകള്‍ പെരുവന്താനത്തെ ബാങ്കില്‍ കൂട്ടി കൊണ്ടുപോയി ചെക്ക് ഒപ്പിട്ടു നല്‍കിയശേഷം പണം അവര്‍ കൈക്കലാക്കുകയായിരുന്നുവത്രെ. കിട്ടിയ തുകയില്‍ നിന്നും അല്‍പ്പം കാശെങ്കിലും തങ്ങള്‍ക്കു തരാന്‍ ആവശ്യപെട്ടെങ്കിലും പണം കൈപ്പറ്റിയ ഉദ്യോഗസ്ഥ നല്‍കാന്‍ തയ്യാറായില്ലെന്നു മലമ്പണ്ടാര വിഭാഗത്തില്‍ പെട്ട തങ്കമ്മ പറഞ്ഞു. നിര്‍മാണത്തിനാവശ്യമായ സാധനങ്ങള്‍ എല്ലാം പുതിയതായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കാറ്റില്‍ പറത്തിയ ഈ ഉദ്യാഗസ്ഥര്‍ പൊളിച്ചു നീക്കിയ വീടിന്റെ കരിങ്കല്ല്, ഇഷ്ടിക, ജനല്‍, കട്ടള, കോണ്‍ക്രീറ്റ് കമ്പികള്‍ എന്നിവയാണ് പുതിയ കെട്ടിടത്തിനു ഉപയോഗിച്ചത്. പോലീസ് രഹസ്യാന്വേഷണ ഉദ്യാഗസ്ഥന്‍ സ്ഥലഞ്ഞെത്തി വിവരങ്ങള്‍ ശേഖരിച്ചു മേലുദ്യോഗസ്ഥര്‍ക്കു വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. പദ്ധതിയില്‍ വന്‍ അഴിമതി നടക്കുന്നതായണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ സാമ്പത്തികമായി മുന്നോക്കത്തിലുളള പട്ടിക വര്‍ഗവിഭാഗത്തില്‍പെട്ട മറ്റു പലര്‍ക്കും ഭവന നിമ്മാണ പദ്ധതി പ്രകാരം ആനുകൂല്യം അനധികൃമായി നല്‍കിയതായും പോലീസ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഡോക്ടര്‍, എന്‍ജിനീയര്‍, മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ എന്നിവരുള്‍പ്പെടുന്ന കുടുംബങ്ങള്‍ക്കുപോലും ഇവിടെ ദരിദ്രര്‍ക്കുളള ഭവന പദ്ധതി ആനുകൂല്യം നല്‍കിയതായും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.