സിപിഎമ്മുമായി കൂട്ടുകൂടാന്‍ ലീഗ് ഒരുങ്ങുന്നു

Saturday 6 August 2016 10:56 pm IST

മലപ്പുറം: കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം യുഡിഎഫിന്റെ പ്രവര്‍ത്തനം ഫലപ്രദമാകാത്തതില്‍ മുസ്ലിം ലീഗിന് അതൃപ്തി. കേരള കോണ്‍ഗ്രസ്(എം) മുന്നണി വിട്ടേക്കുമെന്ന് സൂചന ലഭിച്ചതോടെ ഇനിയിവിടെ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന നിലപാടിലാണ് ലീഗും. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് രൂപപ്പെട്ട കോമാലി സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസിനെ പുറത്താക്കി സിപിഎമ്മുമായി കൈകോര്‍ക്കാന്‍ ഒരുങ്ങുകയാണ് ലീഗ്. പലതവണ ലീഗ് നിര്‍ബന്ധിച്ചിട്ടും യുഡിഎഫ് യോഗം വിളിച്ചിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളെ കളിയാക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ഒരു വിഭാഗം ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ടാല്‍ കേരളത്തില്‍ യുഡിഎഫിന് സ്ഥാനമുണ്ടാകില്ലെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പഴയ ചങ്ങാതിമാരായ സിപിഎമ്മിനോടുള്ള പിണക്കം പറഞ്ഞുതീര്‍ത്ത് അവരുമായി സഹകരിക്കാനാണ് ലീഗിന്റെ രഹസ്യ തീരുമാനം. ലീഗ് നേതാവും രാജ്യസഭ എംപിയുമായ പി.വി.അബ്ദുള്‍വഹാബ് മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മമിത്രമാണ്. ലീഗിനെ സിപിഎമ്മിനോടടുപ്പിക്കാന്‍ വഹാബ് കുറെ നാളുകളായി ഗൃഹപാഠത്തിലാണ്. കേരളത്തിലെ തീവ്രവാദ വിഷയവും സക്കിര്‍ നായിക് വിഷയത്തിലും കോണ്‍ഗ്രസ് കൈകൊണ്ട നിലപാട് ലീഗിന് തിരിച്ചടിയായിരുന്നു. ഈ വിഷയങ്ങളില്‍ സിപിഎമ്മിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പിന്തുണ ലീഗിനായിരുന്നു. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മലപ്പുറത്തെത്തിയ മുഴുവന്‍ സിപിഎം നേതാക്കളും ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് പ്രഖ്യാപിച്ചത് അന്ന് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. എല്‍ഡിഎഫിലേക്കുള്ള പച്ചക്കൊടിയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ സിപിഎമ്മിന്റെ പ്രസ്താവനയെ വിലയിരുത്തുന്നത്. മലപ്പുറത്തെ ലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിപക്ഷം മൗനത്തിലാണ്. യൂത്ത് ലീഗും എംഎസ്എഫും അടക്കം എല്ലാവരും മുന്നണി മാറ്റത്തെ പിന്തുണക്കുന്നുണ്ടെങ്കിലും ദളിത് ലീഗിന് ചില അഭിപ്രായ വിത്യാസങ്ങളുണ്ട്. കാരണം മലപ്പുറം ജില്ലയിലെ ദളിത് ലീഗ് പ്രവര്‍ത്തകരില്‍ കൂടുതല്‍ പേരും സിപിഎമ്മില്‍ നിന്നും രാജിവെച്ചെത്തിയവരാണ്. ഇവരെ അനുനയിപ്പിക്കാനായി പിന്നോക്ക വിഭാഗങ്ങളുടെ പ്രത്യേക യോഗം വിളിക്കാന്‍ ആലോചിക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.