ഇരുമുന്നണികളിലെയും ഘടകകക്ഷികള്‍ അസംതൃപ്തര്‍: കുമ്മനം

Saturday 6 August 2016 5:28 pm IST

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളിലെ പല ഘടകകക്ഷികളും അസംതൃപ്തരാണെന്ന് ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അതില്‍ ആരൊക്കെ ഏതൊക്കെ മുന്നണികള്‍ വിട്ടുപോകുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. യുഡിഎഫിലാകട്ടെ അന്തഃഛിദ്രവും പടലപ്പിണക്കവും അസംതൃപ്തിയും രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസും ചെയര്‍മാന്‍ കെ.എം. മാണിയും എന്‍ഡിഎയില്‍ വരുമോ ഇല്ലയോ എന്ന ചോദ്യം സാങ്കല്‍പ്പികമാണ്. ബിജെപിയോ എന്‍ഡിഎ മുന്നണിയോ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. രാഷ്ട്രീയകക്ഷി എന്ന നിലയില്‍ യുഡിഎഫ് വിട്ട് പുറത്തുവന്ന് കേരള കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടനുസരിച്ചായിരിക്കും അവരുടെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച തീരുമാനം. എന്‍ഡിഎയിലേക്ക് വരണമെന്നുണ്ടെങ്കില്‍ കേരള കോണ്‍ഗ്രസ് ആദ്യം നയം വ്യക്തമാക്കട്ടെ. ബാര്‍ കോഴക്കേസില്‍ ബിജെപി മുന്‍നിലപാടില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. കെ.എം. മാണിക്കെതിരായ ആരോപണത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നു. അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നാണ് ബിജെപി ഇപ്പോഴും ആവശ്യപ്പെടുന്നത്, അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.