കാലിത്തീറ്റ കുംഭകോണം: ലാലു ഉള്‍പ്പെടെ നാലുപേര്‍ക്ക്‌ കുറ്റപത്രം

Thursday 1 March 2012 10:16 pm IST

പാട്ന: കാലീത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ്‌ യാദവ്‌, ജഗന്നാഥ്‌ മിശ്ര, ജനതാദള്‍ (യു) എംപി ജഗദീഷ്‌ ശര്‍മ്മ എന്നിവര്‍ക്കെതിരെ സിബിഐ കോടതി കുറ്റപത്രം നല്‍കി. മുന്‍ ആര്‍ജെഡി എംപി പി.കെ. റാണക്കെതിരെയും ഇതേ കേസില്‍ കുറ്റപത്രം നല്‍കിയിട്ടുണ്ട്‌. മൃഗസംരക്ഷണ വകുപ്പില്‍നിന്നും നാല്‍പത്തിയാറ്‌ ലക്ഷം രൂപ അനധികൃതമായി പിന്‍വലിച്ചുവെന്നാരോപിച്ച്‌ സിബിഐ ജഡ്ജ്‌ വി.കെ. ശ്രീവാസ്തവ ഇവര്‍ക്കെതിരെ മറ്റൊരു കുറ്റപത്രം കൂടി നല്‍കിയിട്ടുണ്ട്‌. 1994 - 96 വര്‍ഷത്തില്‍ ബന്‍ക, ബഗല്‍പൂര്‍ എന്നീ ട്രഷറികളിലാണ്‌ സംഭവം. കൃത്രിമമായി തയ്യാറാക്കിയ ബില്ലാണ്‌ ട്രഷറിയില്‍ സമര്‍പ്പിച്ചത്‌. ഈ കാലയളവില്‍ ലാലുപ്രസാദ്‌ യാദവ്‌ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു. കേസ്‌ കെട്ടിച്ചമച്ചതാണെന്നാണ്‌ ലാലുവിന്റെ വാദം. 2003 മാര്‍ച്ച്‌ മാസം ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്‌ ആരോപിച്ച്‌ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേറ്റീവ്‌ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കേസ്‌ അടിസ്ഥാനരഹിതവും തന്റെ രാഷ്ട്രീയ ഭാവിയെ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതുമാണെന്ന്‌ ഇതിന്‌ മുമ്പ്‌ കോടതിയില്‍ ഹാജരായ ലാലു അവകാശപ്പെട്ടിരുന്നു. ജനങ്ങള്‍ എന്നെ കാലീത്തീറ്റ മോഷ്ടാവ്‌ എന്നാണ്‌ വിളിക്കുന്നത്‌. എനിക്ക്‌ കോടതിയില്‍ വിശ്വാസമുണ്ട്‌. കോടതിയില്‍ നിന്നും എനിക്ക്‌ നീതി ലഭിക്കും. ലാലുവിന്റെ വിശദീകരണം രേഖപ്പെടുത്താന്‍ മൂന്ന്‌ മണിക്കൂര്‍ എടുത്തു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട്‌ ആറ്‌ കേസുകളാണ്‌ നിലവിലുള്ളത്‌. അഞ്ചെണ്ണം റാഞ്ചിയിലും ഒന്ന്‌ പാട്നയിലും. ആകെ 950 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ്‌ കണക്ക്‌. അന്‍പത്തിമൂന്ന്‌ കേസില്‍ നാല്‍പത്തിയൊന്ന്‌ കേസുകള്‍ പൂര്‍ത്തിയായി. ആരോപണങ്ങളെല്ലാം നിഷേധിച്ച ലാലു ശക്തമായ തെളിവുകളാണ്‌ അനുകൂലമായി നിരത്തിയത്‌. കേസില്‍ ഉള്‍പ്പെട്ട ചില പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നുള്‍പ്പെടെയുള്ള ആരോപണങ്ങളും ലാലു നിഷേധിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റായതും അടിസ്ഥാനരഹിതവുമാണ്‌. തന്റെ രാഷ്ട്രീയ എതിരാളികള്‍ സിബിഐ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്‌ കേസ്‌ കെട്ടിച്ചമച്ചതാണ്‌. തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ്‌ ആരോപണമുണ്ടാക്കിയത്‌. തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നും തടയുകയാണ്‌ അവരുടെ ലക്ഷ്യം. 1977 മുതല്‍ കേസ്‌ നടക്കുകയാണെന്നും രണ്ട്‌ ട്രക്കുകളിലായി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ സിബിഐകൃത്രിമം കാട്ടിയതായും ലാലു ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.