ആലപ്പുഴയില്‍ 14 പേര്‍ക്ക് എച്ച്1എന്‍1

Wednesday 6 July 2011 12:38 pm IST

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 14 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. 11 പുരുഷന്‍മാരിലും 3 സ്‌ത്രീകളിലുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. രോഗബാധിതരില്‍ ഒരു ഗര്‍ഭിണിയും നാല്‌ കുട്ടികളുമുണ്ട്‌. മഴയെത്തുടര്‍ന്നാണ് ഇത്രയുമധികം അസുഖം റിപ്പോര്‍ട്ട് ചെയ്തതെന്നു ഡി.എം.ഒ അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം 25 പേര്‍ക്ക് എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹരിപ്പാട്, അമ്പലപ്പുഴ, പുറക്കാട്, രാമങ്കരി എന്നിവിടങ്ങളിലാണ് അസുഖം റിപ്പോര്‍ട്ട് ചെയ്തത്. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്‌സയിലുള്ളവരുടെ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ്‌ 14 പേര്‍ എച്ച്‌ - 1 എന്‍ - 1 ബാധിതരാണെന്ന്‌ കണ്ടെത്തിയത്‌. ആരുടെയും നില ഗുരുതരമല്ലെന്നും എല്ലാവരും ഒ.പി ചികിത്‌സയിലാണെന്നും ഡി.എം.ഒ ഡോ. സിറാബുദ്ദീന്‍ പറഞ്ഞു. രോഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. അസുഖബാധിതര്‍ക്കു വണ്ടാനം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്നു മരുന്നു നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.