പരവൂരില്‍ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചു

Sunday 7 August 2016 1:27 pm IST

പരവൂര്‍: പരവൂര്‍ നഗരത്തില്‍ രണ്ടിടത്തായി സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകള്‍ പണിമുടക്കിയിട്ടു മാസങ്ങളായി. പരവൂര്‍ ജംഗ്ഷനും മാര്‍ക്കറ്റും ഇരുട്ടില്‍ തപ്പുകയാണ്. രാത്രി ഒമ്പതിനുശേഷം ജംഗ്ഷനിലെ കടകമ്പോളങ്ങള്‍ അടച്ചു പൂട്ടിയാല്‍ പിന്നെ ആ വെളിച്ചവും നഷ്ടമാകും. പിന്നെയുള്ള സമയം പരവൂര്‍ മാര്‍ക്കറ്റും പരിസരപ്രദേശവും ഇരുട്ടിലാണ്. മാര്‍ക്കറ്റിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റ് കെ.എന്‍.ബാലഗോപാലിന്റെ എംപി ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ളതാണ്. ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ലൈറ്റ് മുനിസിപ്പാലിറ്റി ഫണ്ട് ഉപയോഗിച്ച് ചെയ്തിട്ടുള്ളതാണ്. ഈ രണ്ടു ലൈറ്റുകളും സ്ഥാപിക്കുന്ന സമയത്ത് ഏറെ കൊട്ടിഘോഷിച്ചു കൊണ്ട് നടന്നതാണ്. പക്ഷേ അത് കഴിഞ്ഞ് അതിന്റെ അറ്റകുറ്റപണികള്‍ വരുന്ന സമയത്ത് ആരും തിരിഞ്ഞു നോക്കാറില്ല. മുനിസിപ്പാലിറ്റിയാകട്ടെ ഒന്നും കണ്ടില്ലെന്നു നടിക്കുന്നു. മുനിസിപ്പാലിറ്റിയില്‍ ഇതിന്റെ മെയിന്റിനന്‍സിനുള്ള ഫണ്ട് വകയിരുത്തുന്നു എന്നും പറഞ്ഞു കേള്‍ക്കുന്നു. പക്ഷേ ഇരുട്ടകറ്റാന്‍ ഒരു നടപടിയും കാണുന്നില്ല. രാത്രി വെളിച്ചം ഇല്ലാത്തതുകൊണ്ടു അപകടങ്ങള്‍ പതിവാണ്. പരവൂര്‍ ജംഗ്ഷനിലുള്ള ട്രാഫിക് റൗണ്ടിന്റെ ഭാഗത്ത് യാതൊരു ബോര്‍ഡുകളും സ്ഥാപിക്കരുതെന്ന് ഇവിടുത്തെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. പക്ഷെ കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ സംഘടനയായ ഡിഫിയുടെ ബോര്‍ഡ് ഇപ്പോഴും അവിടെ സ്ഥാപിച്ചിട്ടുണ്ട്. ഭരണകക്ഷി ആയതിനാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞുപോലും നോക്കുന്നില്ല. പരവൂരിനെ സംബന്ധിച്ചു 32 വാര്‍ഡുകളിലും ഇപ്പോള്‍ തെരുവ് വിളക്കിന്റെ പ്രശ്‌നം നിലനില്‍ക്കുകയാണ്. രണ്ടുദിവസം മുമ്പ് പെരുമ്പുഴ ഭാഗത്തുള്ള ഒരു വാര്‍ഡില്‍ പോസ്റ്റുകളില്‍ മണ്ണെണ്ണ വിളക്ക് കത്തിച്ചുവച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. രാത്രിയാകുമ്പോള്‍ തെരുവ്‌നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യമാണ്. കൗണ്‍സിലര്‍മാരാകട്ടെ നാട്ടുകാരെ പേടിച്ച് ഇരുട്ടുന്നതിനുമുമ്പ് വീട്ടില്‍ കയറും. പരവൂര്‍ ജംഗ്ഷനിലടക്കം 32 വാര്‍ഡുകളിലും തെരുവുവിളക്ക് പ്രകാശിപ്പിക്കുന്നതിന് അടിയന്തിരനടപടി എടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.