അരുണാചലം മുരുകാനന്ദം - സ്ത്രീശാക്തീകരണത്തിന്റെ പുരുഷമാതൃക

Sunday 9 April 2017 5:00 pm IST

അരുണാചലം മുരുകാനന്ദം

ലോകത്തിലേറ്റവും ബഹുമാന്യമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹാർവാർഡ് സർവകലാശാല. ലോകാരാധ്യരായ ഒരുപാട് മഹാരഥർ പഠിച്ചിറങ്ങുകയും മാർഗ്ഗം തെളിക്കുകയും ചെയ്ത ഈ യൂണിവേഴ്സിറ്റിയിൽ, ലോകത്തെ എണ്ണം പറഞ്ഞ വ്യക്തികളുടെ പ്രഭാഷണങ്ങൾ പതിവാണ്. സ്റ്റീവ് ജോബ്സ്, സുക്കർബർഗ് തുടങ്ങിയ വൻ ബിസിനസ് തലവന്മാർ മുതൽ രാഷ്ട്രനേതാക്കൾ വരെ ഹാർവാർഡിലെ പതിവ് പ്രഭാഷകരാണ്.

പക്ഷെ 2010 ലെ ഒരു സായാഹ്നത്തിൽ നിറഞ്ഞു കവിഞ്ഞ അവിടുത്തെ സദസ്സ് കാത്തിരുന്നത് കണ്ണഞ്ചിപ്പിക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമകളെയോ, ലോകത്തെ ചൂണ്ടുവിരലിൽ വട്ടം കറക്കുന്ന രാഷ്ട്രനേതാക്കളെയോ അല്ല. തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ കഴിയാതിരുന്ന ഒരു പാവം തമിഴനെയായിരുന്നു. പരിചയം കൊണ്ടുമാത്രം പഠിച്ചെടുത്ത പ്രാകൃതമായ ഇഗ്ളീഷിലുള്ള ആ മനുഷ്യന്റെ വാക്കുകൾ അത്ഭുതത്തോടെയാണ് ആ സദസ്സ് കേട്ടിരുന്നത്.

കോയമ്പത്തൂരിലെ ഒരു തുണിമില്ലിലെ തൊഴിലാളിയായ അരുണാചലത്തിന്റെ മകന്റെ ബാല്യം കടന്നുപോയത് കൊടിയ ദാരിദ്ര്യത്തിന്റെ നിഴലിലൂടെയാണ്. അച്ഛന്റെ മരണത്തെ തുടർന്ന് പതിനാലാം വയസ്സിൽ വിദ്യാഭ്യാസമുപേക്ഷിച്ച് ജോലിക്കിറങ്ങി. ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിൽ മെക്കാനിക്കിന്റെയും കർഷകത്തോഴിലാളിയുടെയും വെൽഡറുടെയും വഴിയോരക്കച്ചവടക്കാരന്റെയുമൊക്കെ വേഷം കെട്ടി.

സാമൂഹ്യജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്ന ജനകോടികളിലൊരുവനായി മുരുകാനന്ദവും തന്റെ ജീവിതം അങ്ങനെ മുൻപോട്ടു കൊണ്ടുപോയി. 1998 ൽ ജീവിതാവഴിയിലേക്ക് ഭാര്യ ശാന്തിയും ഒഴുകിയെത്തി. ചില ദിവസങ്ങളിൽ എന്തിനാണ് തന്റെ ഭാര്യ വളരെ അസാധാരണമായി പരിക്ഷീണയാവുകയും അവളുടെ നടപ്പിൽ പോലും വ്യത്യാസം വരുകയും ചെയ്യുന്നത് എന്ന് അയാൾ അത്ഭുതപ്പെട്ടു. ആ ദിവസങ്ങളിൽ അവർ പഴയ തുണികൾ ശേഖരിക്കുകയും നനച്ചുണങ്ങുന്നതും എന്തിനാണ് എന്നയാൾ ചോദിച്ചപ്പോൾ അവർ ഒഴിഞ്ഞു മാറുകയും ശകാരിക്കുകയും ചെയ്തു. ഒരു സാധാരണ നാട്ടിൻപുറത്തെ അതിസാധാരണക്കാരനായ മുരുഗാനന്ദത്തിനു സ്ത്രീശരീരത്തെ പറ്റി അത്രക്കൊക്കെ അറിവേ ഉണ്ടായിരുന്നുള്ളു.

കൂടുതൽ മനസ്സിലായപ്പോൾ ഒട്ടും ആരോഗ്യകരമല്ലാത്ത ഈ തുണിക്കഷണങ്ങൾ വലിയ ദോഷം ചെയ്യും എന്ന് അയാളുടെ ചെറിയ ബുദ്ധിയിൽ മനസ്സിലായി. അയാൾ കാര്യങ്ങൾ വീണ്ടും അന്വേഷിച്ചപ്പോഴാണ് സ്ത്രീകൾക്ക് മാസമുറക്കാലത്ത് ഉപയോഗിക്കാനുള്ള നാപ്കിനുകൾ ലഭ്യമാണ് എന്ന് മനസ്സിലായത്. പക്ഷെ അതിന്റെ വില അയാളെ ഞെട്ടിച്ചു. തുണിമിൽ തൊഴിലാളിയായ അരുണാചലത്തിന്റെ മകന് നൂറു ഗ്രാം പരുത്തിക്ക് എന്ത് വിലയുണ്ട് എന്ന് വ്യക്തമായറിയാമായിരുന്നു. സ്ത്രീകളുടെ ഈ നിസ്സഹായാവസ്ഥ വൻകിട കമ്പനികൾ എങ്ങിനെയാണ് മുതലെടുക്കുന്നത് എന്നത് അയാൾ ഒരു ഞെട്ടലോടെ മനസ്സിലാക്കി. ആ ഞെട്ടൽ ഒരു കൊടുങ്കാറ്റിന്റെ പ്രഭവകേന്ദ്രമായിരുന്നു.

എങ്ങനെ വിലകുറഞ്ഞ ശുചിത്വമുള്ള നാപ്കിനുകൾ ഉണ്ടാക്കാം എന്നതായി അദ്ദേഹത്തിന്റെ അന്വേഷണം. പഞ്ഞിയും തുണിയുമൊക്കെ വെച്ച് അദ്ദേഹമൊരെണ്ണം ഉണ്ടാക്കുകയും ചെയ്തു. അത് ഭാര്യയിൽ തന്നെ പരീക്ഷിച്ചു. വളരെ അസൗകര്യപ്രദമായിരുന്നതിനാൽ അവരത് ഉപയോഗിച്ചില്ല. മുരുഗാനന്ദം പരീക്ഷണം തുടർന്നു. പ്രധാന പ്രശ്നം മാസത്തിലൊന്നേ പരീക്ഷിക്കാനാകൂ വീണ്ടും ഒരു മാസം കാക്കണം എന്നതാണ്. ശാന്തി ഈ ഭ്രാന്തിൽ മനം മടുത്തു തുടങ്ങി. അയാൾ തന്റെ സഹോദരിമാരെ സമീപിച്ചു. അത് വീട്ടിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. പക്ഷെ മുരുഗാനന്ദം പിൻവാങ്ങിയില്ല.

അദ്ദേഹം പുതിയ പുതിയ പാഡുകൾ നിർമ്മിച്ച് കൊണ്ടേയിരുന്നു. അടുത്തുള്ള മെഡിക്കൽ കോളേജിലെ പെൺകുട്ടികളെ സമീപിച്ച് തന്റെ പാഡുകൾ ഉപയോഗിക്കാൻ നിർബന്ധിച്ചു. മെഡിക്കൽ വിദ്യാർത്ഥിനികൾ ആണെങ്കിലും ഇങ്ങനെയൊരാവശ്യത്തോടുള്ള അവരുടെ പ്രതികരണം അയാളെ അത്ഭുതപ്പെടുത്തി. എങ്കിലും അവർ സമ്മതിച്ചു. പക്ഷെ കൃത്യമായ ഒരു ഫീഡ്ബാക്ക് കിട്ടിയില്ല. ഇങ്ങനെയുള്ള കാര്യങ്ങൾ തുറന്നു പറയുന്നതിനുള്ള സങ്കോചം തന്നെ കാരണം.

പിന്നീടയാൾ ഉപയോഗിച്ച പാഡുകൾ ശേഖരിച്ച് അതിൽ നിന്നും പുതിയ വിവരങ്ങൾ അറിയാൻ തുടങ്ങി. ആരും കൊടുക്കുന്ന സാധനമല്ലല്ലോ ഇത്. വഴിവക്കുകളിലും ചവറ്റുകുട്ടകളിലും ഉപേക്ഷിക്കപ്പെടുന്ന പാഡുകൾ ശേഖരിച്ച് വീട്ടിൽ കൊണ്ടുവരാൻ തുടങ്ങിയപ്പോൾ ജീവിതം പൊട്ടിത്തെറിയിലെത്തി. ഭാര്യയും അമ്മയും സഹോദരങ്ങളുമെല്ലാം അയാളെ ഉപേക്ഷിച്ച് പോയി. പക്ഷെ മുരുഗാനന്ദം തന്റെ ദൗത്യത്തിൽ നിന്നും പിൻവാങ്ങിയില്ല.

ദുരിതങ്ങളുടെയും അധിക്ഷേപങ്ങളുടെയും വർഷങ്ങൾക്കൊടുവിൽ പൈൻ മരത്തിന്റെ പൾപ്പിൽ നിന്നും വേർതിരിച്ച ഫൈബറുകളുപയോഗിച്ച് മൾട്ടി നാഷണൽ കമ്പനികളുടെ ഉത്പന്നങ്ങളെ വെല്ലുന്ന നാപ്കിനുകൾ അയാൾ ഉണ്ടാക്കുക തന്നെ ചെയ്തു. പക്ഷെ വ്യാവസായികമായി നിർമ്മിക്കാനുള്ള മെഷീൻ അന്വേഷിച്ചപ്പോൾ അതിന്റെ വില മൂന്നരക്കോടി. പിന്നീടുള്ള അദ്ദേഹത്തിന്റെ ശ്രമം വില കുറഞ്ഞ ഒരു മെഷീൻ ഉണ്ടാക്കുക എന്നതായിരുന്നു. 2006 ൽ അദ്ദേഹം അതും സാധിച്ചു. പ്രോസസ്സ് ചെയ്ത പൈൻ പൾപ്പ് പാഡുകളാക്കി അത് അൾട്രാവയലറ്റ് രശ്മികൾ കൊണ്ട് സ്റ്റെറിലൈസ് ചെയ്യുന്ന മുരുഗാനന്ദം നിർമ്മിച്ച മെഷീനിന്റെ ചെലവ് 65000 രൂപ.

അക്കൊല്ലം ചെന്നൈ IITയിലെ ഒരു പരിപാടിയിൽ അദ്ദേഹമിത് അവതരിപ്പിച്ചു. അക്കൊല്ലം തന്നെ National Innovation foundationന്റെ അവാർഡിന് മുരുഗാനന്ദം അർഹനായി. തമിഴ്നാട്ടിലെ ജയശ്രീ ഇൻഡസ്ട്രീസ് അദ്ദേഹത്തിന്റെ ഈ മെഷീൻ മാർക്കറ്റു ചെയ്യാൻ സമ്മതിച്ചു. ഇന്ന് തമിഴ്‌നാട്ടിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ സ്ത്രീ സ്വയംസഹായ സംഘങ്ങളിലൂടെ വിലകുറഞ്ഞ ശുചിത്വമുള്ള പാഡുകൾ ഉണ്ടാക്കുന്നു. ആർത്തവശുചിത്വത്തിന്റെ സന്ദേശങ്ങൾ ഓരോ സാധാരണ വീടുകളിലുമെത്തുന്നു. സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ ഈ പാഡുകൾ വൻ വിലക്കുറവിൽ വിതരണം ചെയ്യപ്പെടുന്നു. തമിഴ്‌നാട്ടിൽ സുലഭമായ നേന്ത്രക്കായയുടെ ഫൈബറിൽ നിന്നും പാഡുകൾ നിർമ്മിക്കാനുള്ള ശ്രമം 2011ൽ വിജയിച്ചതോടെ വില വീണ്ടും കുറഞ്ഞു. അതോടെ കാർഷിക മേഖലയും പുതുജീവനിലേക്ക് ചുവടുവെച്ചു.

മുരുഗാനന്ദം മാറ്റിമറിച്ചത് ലക്ഷക്കണക്കിന് സ്ത്രീകളുടെ ജീവിതനിലവാരം തന്നെയാണന്നും തന്റെ ഭർത്താവ് അവർക്ക് ദൈവത്തിനെപ്പോലെയാണന്നും മനസ്സിലാക്കിയതോടെ ശാന്തി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ഈ മനുഷ്യനെ കാണാൻ അയാളുടെ വാക്കുകൾ കേൾക്കാൻ അയാളുടെ വിപ്ലവത്തിന്റെ സന്ദേശം ഉൾക്കൊള്ളാൻ IITകളിലും IIM കളിലും ലോകത്തിലെ വൻനിര ബിസിനസ്സ് സ്‌കൂളുകളിലും ആയിരങ്ങൾ തടിച്ചുകൂടി.

ചില ജീവിതങ്ങൾ അങ്ങനെയാണ്. ഉത്ഭവിക്കുമ്പോൾ എല്ലാ വൻ നദികളും വെറുമൊരു നീർച്ചാലു മാത്രമാണ്. ചിലവ അങ്ങനെ തന്നെ അസ്തമിച്ച് പോകും. ചിലവ അരുവികളായി ഒഴുകി എവിടെയെങ്കിലുമൊക്കെ ചെന്ന് ചേരും. ചിലവ മാത്രം. പ്രതിസന്ധികളുടെ പാറക്കൂട്ടങ്ങളെ അതിജീവിച്ച് വൻ നദികളായി മാറും. അവയുടെ കരകളിൽ ജീവിതവും സംസ്കാരവും ഉടലെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.