കനാലില്‍ യാത്ര മുടക്കി മരക്കൊമ്പുകള്‍

Sunday 7 August 2016 4:35 pm IST

ആലപ്പുഴ: ടൂറിസത്തിന് അനന്തസാദ്ധ്യതയുള്ള വാടക്കനാലിലെ ബോട്ട് ഗതാഗതം ദുരിതത്തില്‍. തോടിന്റെ ഇരുകരകളിലും നിന്ന മരങ്ങള്‍ തോട്ടിലേക്ക് മുറിച്ചിട്ടതാണ് തോട്ടിലൂടെയുള്ള ബോട്ട് ഗതാഗതത്തിന് തടസ്സമായിരിക്കുന്നത്. കൂടാതെ ഉണങ്ങിവീണ കൊമ്പുകളും ഒഴിഞ്ഞ പ്‌ളാസ്റ്റിക് കുപ്പികളും വരെ തോട്ടില്‍ കിടക്കുന്നത് ബോട്ടു ഗതാഗതത്തെത്തന്നെ സാരമായി ബാധിക്കുന്നു. ഒഴുക്ക് നിലച്ചതും വാടക്കനാലിന്റെ നില പരിതാപകരമാക്കി. നിരവധി മാലിന്യ പ്രശ്‌നങ്ങളും തോട് അഭിമുഖീകരിക്കുന്നു. തോടിനു സമീപമുള്ള കച്ചവടസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ദിനംപ്രതി തോട്ടിലേക്ക് നിക്ഷേപിക്കുന്നത്. ഇതും തോടിന്റെ മനോഹാരിത നഷ്ടപ്പെടാനും ജലത്തിന് ദുര്‍ഗന്ധമുണ്ടാകാനും കാരണമാകുന്നു. മരക്കൊമ്പുകള്‍ വാടക്കനാലില്‍ കിടക്കുന്നതു കാരണം ബോട്ടുകളും ചെറുവള്ളങ്ങളും കടന്നുപോകുമ്പോള്‍ മരക്കൊമ്പുകളില്‍ തട്ടി ഇവയ്ക്ക് സാരമായ കെടുപാടുകള്‍ സംഭവിക്കുന്നതായും ബോട്ടുടമകള്‍ പറയുന്നു. സ്വദേശികളും വിദേശികളും അടക്കം നിരവധി വിനോദസഞ്ചാരികള്‍ ഈ തോട്ടിലൂടെ യാത്ര ചെയ്യുന്നു. വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതിനാല്‍ മിക്കപ്പോഴും ഇത്തരം യാത്രകള്‍ ഒഴിവാക്കുകയാണ് ബോട്ടുടമകള്‍ ചെയ്യുന്നത്. ഇത് ഇവരെ സാമ്പത്തികമായി തകര്‍ക്കുകയാണ്. വിനോദസഞ്ചാരികളില്‍ നിന്നും ഈടാക്കുന്ന തുച്ഛമായ തുകയില്‍ നിന്ന് ബോട്ടുകളുടെയും വള്ളങ്ങളുടെയും കേടുപാടുകള്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ടൂറിസം മേഖല വികസിപ്പിക്കുമെന്നു പറഞ്ഞു നടക്കുന്ന നഗരസഭയും സംസ്ഥാന സര്‍ക്കാരും ആലപ്പുഴയിലെ ടൂറിസം മേഖലയെ തകര്‍ക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വാടക്കനാലിലെ മരക്കൊമ്പുകള്‍ നീക്കം ചെയ്യുകയും തോടിനെ നവീകരിച്ച് ഇരുകരകളും മോടി പിടിപ്പിച്ച് വിനോദമേഖല പുഷ്ടിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.