അധികൃതരുടെ ഒത്താശയോടെ നടക്കുന്ന ഖനനം നിര്‍ത്താലക്കണം : ക്വാറിവിരുദ്ധ ആക്ഷന്‍ കമ്മിറ്റി

Sunday 7 August 2016 9:13 pm IST

കല്‍പ്പറ്റ : അധികൃതരുടെ ഒത്താശയോടെ റവന്യു-ആദിവാസി ഭൂമികള്‍ കൈയേറി കോടികണക്കിന് രൂപയുടെ പാറഖനനം നടത്തുന്നത് നിര്‍ത്താലക്കണമെന്ന് ക്വാറിവിരുദ്ധ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വെള്ളമുണ്ട പഞ്ചായത്തിലെ നാരോക്കടവ് വാര്‍ഡില്‍ വാളാരംകുന്ന് കൊയറ്റ് പാറക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ് കമ്പനിയാണ് 75 ഓളം ആദിവാസി കുടുംബങ്ങള്‍ക്ക് പാറ പൊട്ടിച്ച് ദുരിതം തീര്‍ക്കുന്നത്. കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പാറു എന്ന സ്ത്രീയുടെ സ്ഥലം കൈയേറിയാണ് അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ് കമ്പനി ക്വാറി നടത്തികൊണ്ടിരിക്കുന്നതെന്നും ആരോപണമുണ്ട്. പ്രദേശവാസികളുടെ എതിര്‍പ്പിനിടയില്‍ ക്വാറി മാഫിയ കൈയേറിയ ആദിവാസി ഭൂമിയിലെ ക്വാറി മണ്ണിട്ട് മൂടുകയും തൊട്ടടുത്ത റവന്യു ഭൂമിയില്‍ ക്വാറി പ്രവര്‍ത്തിക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. ആദിവാസികള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്നുവെന്ന് എസ്ഡിഎം കോടതി ഉത്തരവ് പ്രകാരം നിര്‍ത്തിയ ക്വാറി, ഹൈകോടതിയുടെ ഉത്തരവ് പ്രകാരം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. ക്വാറി പ്രവര്‍ത്തനത്തിനെതിരെ ആക്ഷന്‍ കമ്മിറ്റി ഹൈക്കോടതിയില്‍ കക്ഷി ചേരുകയും തുടര്‍ന്ന് കോടതി ഉത്തരവുപ്രകാരം ജില്ലാ കളക്ടര്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് ഉത്തരവിടുകയുമായിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ ക്വാറിമഫിയ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പച്ചുകൊണ്ട് ഉത്തരവ് നേടി ക്വാറി പ്രവര്‍ത്തനം പുനരാരംഭിച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വെള്ളമുണ്ട വില്ലേജില്‍ സര്‍വ്വെനമ്പര്‍ 622/1 എയില്‍ 956.81 ഏക്കര്‍ ഭൂമിയാണുള്ളത്. റവന്യു ഭൂമിയായ 593.62 ഏക്കര്‍ സ്ഥലത്തിന് 1964 മുതല്‍ 1989 വരെ 293 പട്ടയം കൊടുത്തിട്ടുണ്ട്. പട്ടയം കൊടുക്കാത്ത സര്‍ക്കാര്‍ ഭൂമി 363.1 ഏക്കര്‍ ഉണ്ട്. സര്‍വ്വെ നമ്പര്‍ 622/1എയില്‍ റിസര്‍വ്വെ നമ്പര്‍ 239 ല്‍ ആണ് ക്വാറി പ്രവര്‍ത്തിക്കേണ്ടത്. പക്ഷേ വര്‍ഷങ്ങളായി ആദിവാസി ഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറി അനുവദിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിരിക്കുന്നത് മൂന്ന് പട്ടയഭൂമികളാണ്. എല്‍എ 21/84 ചീനിക്കോട്ടില്‍ നാരായണന്‍ ഒരു ഏക്കര്‍, എല്‍എ 27/86 ടി.കെ.കണ്ണന്‍ നായര്‍ ഒരു ഏക്കര്‍ 65 സെന്റ് എല്‍എ 12/69 പി.പി. കുട്ടപ്പന്‍ ഒരു ഏക്കര്‍ 50 സെന്റ് മൂന്ന് പട്ടയങ്ങളും കൂടി നാല് ഏക്കര്‍ 15 സെന്റ് ഭൂമിയാണ് ലിസ്സിന് അത്താണി ബ്രിക്‌സ് ആന്‍ഡ് മെറ്റല്‍സ് കമ്പനിക്ക് അനുവദിച്ചിട്ടുള്ളത്. ഈ ഭൂമികള്‍ ഒന്നും തന്നെ പരസ്പരം അതിര്‍ത്തി പങ്കിടുന്നില്ലെന്ന് പട്ടയ സ്‌ക്കെച്ചുകള്‍ പ്രകാരം ബോധ്യപ്പെടുന്നതാണ്. റിസര്‍വ്വെ 239ല്‍ മൊത്തം 6.15 ഏക്കര്‍ഭൂമിയാണുള്ളത്. വിവിധ ഭാഗങ്ങളിലായി അതിര്‍ത്തികള്‍ പങ്കിടാത്ത ഭൂമിക്ക് 2009 ല്‍ റവന്യു ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഭൂമി ഉള്‍പ്പെടുന്ന പ്രദേശം ഉള്‍പ്പെടെ ലൊക്കേഷന്‍ സ്‌ക്കെച്ച് വരച്ച് നല്‍കി ക്വാറി മാഫിയക്ക് ലൈസന്‍സ് നല്‍കുന്നതിന് കൂട്ടു നിന്നു. ഇപ്പോള്‍ ക്വാറിക്ക് മൈനിംഗ് ആന്റ് ജിയോളജിയുടെ അനുമതിയുമില്ല. കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം ലിസ്റ്റ് അനുവദിച്ച ഭൂമിയുടെ അതിര്‍ത്തിക്ക് ഉള്ളിലാണോ ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് നിര്‍ണ്ണയിക്കാന്‍ ഫെബ്രുവരി 13 ലെ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ക്വാറി മാഫിയക്ക് വെള്ളമുണ്ട വില്ലേജ് ഓഫീസര്‍ കൂട്ടുനില്‍ക്കുന്നതായി ഇവര്‍ ആരോപിച്ചു. ഇതിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പത്രസമ്മേളനത്തില്‍ ഇ.കെ.രാധാകൃഷ്ണന്‍, കെ.എസ്.ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.