രാജ്യം അരാജകത്വത്തില്‍

Sunday 7 August 2016 9:48 pm IST

അന്ന് എനിക്ക് വയസ് 21. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഗോവാലിയ ടാങ്കിനു സമീപം കെംപ്‌സ് കോര്‍ണറില്‍ കെമിസ്റ്റായി പ്രവര്‍ത്തിക്കുകയായിരുന്നു. രാജ്യസ്‌നേഹം സകലരിലും ജ്വലിച്ചുനില്‍ക്കുന്ന കാലം. ആഗസ്റ്റ് 8 രാത്രി. ഗാന്ധിയടക്കം പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം അറസ്റ്റിലായി. അടുത്തദിവസം, അല്‍പ്പം അകലെയുള്ള ശിവജി പാര്‍ക്കില്‍ പ്രസംഗിക്കേണ്ട കസ്തൂര്‍ബാ ഗാന്ധിയേയും അറസ്റ്റുചെയ്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ ഈ സമയത്തുതന്നെ അവിടെ എത്തിയിരുന്നു. പ്രസംഗിക്കേണ്ട കസ്തൂര്‍ബയെ അറസ്റ്റുചെയ്തതോടെ അന്നുമുഴുവന്‍ അവിടെ പ്രശ്‌നമായിരുന്നു. ജനങ്ങളെക്കൊണ്ട് തെരുവുകള്‍ വീര്‍പ്പുമുട്ടി. ഗോവാലിയ ടാങ്ക് മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടാന്‍ അവര്‍ ലാത്തിച്ചാര്‍ജ്ജ് നടത്തി, കണ്ണീര്‍വാതകംവരെ പ്രയോഗിച്ചു. ഇനി എന്തുചെയ്യണമെന്ന് ആര്‍ക്കും അറിയാത്ത അവസ്ഥ. ഗാന്ധി ഒരു നിര്‍ദ്ദേശവും നല്‍കിയിരുന്നില്ല. തന്നെ അറസ്റ്റുചെയ്യുമെന്ന് ഗാന്ധി കരുതിയിരിക്കില്ല. ചിലര്‍ ടെലിഗ്രാഫ് വയറുകള്‍ അറുത്തു. അതോടെ ട്രെയിന്‍ ഗതാഗതവും സ്തംഭിച്ചു. രാജ്യത്ത് ആകെ അരാജകത്വമായിരുന്നു. കരേംഗെ യാ മരേംഗെ എന്ന ഗാന്ധിയുടെ മുദ്രാവാക്യത്തെച്ചൊല്ലിയും ആശയക്കുഴപ്പമുണ്ടായി. ഗാന്ധിയെ അറസ്റ്റുചെയ്തതാണ് ഇതിനുകാരണമെന്ന് തോന്നുന്നു. എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് മരിക്കേണ്ടത്. എങ്ങനെ ബ്രിട്ടീഷുകാരെ നേരിടും? ഗാന്ധിയുടെ അറസ്റ്റുവഴി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തിന്റെ ജീവന്‍തന്നെ അപകടത്തിലാക്കിയെന്ന് അന്ന് ഞാന്‍ ഡയറിയില്‍ കുറിച്ചു. തൊഴില്‍ സമരങ്ങള്‍ ഉണ്ടാകുമെന്നും മില്ലുകള്‍ പൂട്ടുമെന്നും വൈകാതെ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും എനിക്ക് തോന്നി. വിപ്ലവത്തിന്റെ തീപ്പന്തമാണ് കൊളുത്തിയത്. ആ അഗ്‌നി ഭാരതമെങ്ങും പടരും, 40 കോടി ജനങ്ങളെ ഉണര്‍ത്തും. അവര്‍ക്കെല്ലാം ഒരേ ഒരു മുദ്രാവാക്യമേ ഉണ്ടാകൂ, കരേംഗെ യാ മരേംഗെ (പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക). ആഗസ്റ്റ് ഒന്‍പതിനുശേഷം പുലര്‍ച്ചെ അഞ്ചരയോടെ എന്റെ വീട്ടില്‍ ആരോ ക്വിറ്റ് ഇന്ത്യയെപ്പറ്റി വിശദീകരിക്കുന്ന 50 ന്യൂസ് ബുള്ളറ്റിനുകള്‍ കൊണ്ടിട്ടിരുന്നു. ഞാന്‍ അത് വീടുകളില്‍ എത്തിച്ചശേഷം മുങ്ങണം. ഞാന്‍ അത് ഏതാണ്ട് ഒരു മാസം ചെയ്തു. പിന്നെ അത് നിലച്ചു. ആഗസ്റ്റ് 25ന് വിദ്യാര്‍ഥികള്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ച ലഘുലേഖ എനിക്ക് കിട്ടി. സംസ്‌ക്കാരത്തിലും ജീവിതത്തിലും ഭാരതീയനാകുക, സ്‌കൂളുകളും കോളേജുകളും ബഹിഷ്‌ക്കരിക്കുക, നമ്മുടെ മണ്ണില്‍ വിദേശീയരെ ബഹിഷ്‌ക്കരിക്കുക, ദേശവിരുദ്ധ പത്രങ്ങള്‍ ബഹിഷ്‌ക്കരിക്കുക, നഗരങ്ങളിലും ഗ്രാമങ്ങളിലും സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ സംഘടിപ്പിക്കുക, കുട്ടികളെയും ജനങ്ങളെയും ബോധവല്‍ക്കരിക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ സ്തംഭിപ്പിക്കുക, ജോലി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുക, സൈന്യത്തെയും യുദ്ധസാമഗ്രികളും കൊണ്ടുപോകുന്ന ലോറികള്‍ കേടുവരുത്തുക, വാര്‍ത്താ വിനിമയ കേബിളുകള്‍ മുറിക്കുക, റെയില്‍പ്പാളങ്ങള്‍ എടുത്തുമാറ്റുക എന്നിവയായിരുന്നു അതില്‍. ജോലിക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയായിരുന്നു: മില്ലുകളുടെയും ഫാക്ടറികളുടേയും വര്‍ക്ക്‌ഷോപ്പുകളുടേയും പ്രവര്‍ത്തനം നിര്‍ത്തുക, ഗ്രാമങ്ങള്‍ വളര്‍ത്തുക, അവിടങ്ങളില്‍ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക, നൂല്‍ നൂല്‍ക്കുക, തുണി നെയ്യുക. സ്ത്രീകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍: നൂല്‍നൂല്‍ക്കുക, നെയ്യുക, കുട്ടികളെ പഠിപ്പിക്കുക, പരിക്കേറ്റവരെ പരിചരിക്കുക, രാജ്യസ്‌നേഹികള്‍ക്കായി ഫണ്ട് പിരിക്കുക. നഗരങ്ങളിലും ഗ്രാമങ്ങളിലും വനിതകളെ സംഘടിപ്പിക്കുക. ഗാന്ധിയുടെ മറ്റ് സമരങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം. മറ്റുസമരങ്ങളില്‍ എല്ലാം എന്താണ് ചെയ്യേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയാമായിരുന്നു. ഉപ്പു സത്യാഗ്രഹത്തില്‍ കടലില്‍ പോയി ഉപ്പുണ്ടാക്കണമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ആഗസ്റ്റ് ഒന്‍പതിന് അത്തരം നിര്‍ദ്ദേശങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ആരാണ് ആ ബുള്ളറ്റിനുകളിലെ നിര്‍ദ്ദേശങ്ങള്‍ നല്‍കിതെന്ന് എനിക്കറിയില്ലായിരുന്നു. അവ ആരാണ് അച്ചടിച്ചതെന്നുപോലും അറിയില്ലായിരുന്നു. അരുണാ ആസഫലിയും ജയപ്രകാശ് നാരായണനുമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരത്തിലെ രണ്ടു വലിയ നേതാക്കള്‍. അക്രമാസക്തമായ പ്രക്ഷോഭം നയിച്ച അരുണയെ ഒടുവില്‍ അവര്‍ അറസ്റ്റു ചെയ്തു. മോചിപ്പിച്ചപ്പോള്‍ നാവിക സേനാ കലാപത്തിന് നേതൃത്വം നല്‍കി. ജയപ്രകാശ് നാരായണനെയും അറസ്റ്റുചെയ്തു. പക്ഷെ അദ്ദേഹം ജയിലില്‍നിന്ന് രക്ഷപ്പെട്ടു. ഇരുവരും അക്കാലത്തെ വലിയ രണ്ടു നേതാക്കളായിരുന്നു. നാം സ്വാതന്ത്യത്തിന് വളരെ അടുത്തോയെന്ന് ഞങ്ങള്‍ക്ക് അറിയില്ല. 1946ല്‍ പോലും നാം എപ്പോള്‍ സ്വതന്ത്രരാകുമെന്ന് അറയില്ലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.