അമേരിക്കന്‍ യുവാവ് അറസ്റ്റില്‍; ചാരനെന്ന് പാക്കിസ്ഥാന്‍

Sunday 7 August 2016 10:02 pm IST

ഇസ്ലാമാബാദ്: അമേരിക്കന്‍ പൗരനെ പാക്കിസ്ഥാന്‍ അറസ്റ്റു ചെയ്തു. ഇയാള്‍ ചാരപ്പണി നടത്തിയതിനു പിടിയിലായി വര്‍ഷങ്ങള്‍ക്കു മുന്‍പ് നാടുകടത്തപ്പെട്ടയാളാണെന്ന് പാക്കിസ്ഥാനില്‍ വിശദീകരിച്ചു. അമേരിക്ക പ്രതികരിച്ചിട്ടില്ല. അമേരിക്കയിലെ അലബാമ സ്വദേശി മാത്യു ക്രെയിഗ് ബാരറ്റാണ് അറസ്റ്റിലായത്. ഇയാള്‍ അമേരിക്കന്‍ ചാരനാണെന്ന പാക്കിസ്ഥാന്‍ പ്രസ്താവനയോട് വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല. 2011ല്‍ ഇയാളെ അതീവ രഹസ്യമേഖലയായ ഫറ്റെ ജാങ് സൈനിക ഗവേഷണ കേന്ദ്രത്തിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ പാക്കിസ്ഥാന് ഒരു ആണവ കേന്ദ്രം കൂടിയുണ്ട്. തുടര്‍ന്ന് ഇയാളെ കരിംപട്ടികയില്‍ പെടുത്തി നാടുകടത്തി. ചാരവൃത്തി ആരോപിച്ചായിരുന്നു നടപടി. ഗുരതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് കരിംപട്ടികയില്‍ പെടുത്താറുള്ളതെന്ന് പാക് ആഭ്യന്തരമന്ത്രാലയ വക്താവ് സര്‍ഫരാസ് ഹുസൈന്‍ പറഞ്ഞു. ബാരറ്റിന്റെ ഇപ്പോഴത്തെ അറസ്റ്റ് പാകിസ്ഥാനിലെത്തി അതിഥി മന്ദിരത്തില്‍ താമസം തുടങ്ങി മണിക്കൂറുകള്‍ക്കകം. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. എപ്പോഴാണ് അറസ്റ്റെന്നത് വെളിപ്പെടുത്തിയിട്ടില്ല. വ്യാജ രേഖകളുപയോഗിച്ചാണോ ഇയാള്‍ എത്തിയെന്നതിനും വിശദീകരണമില്ല. രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചത് ഒരു എഫ്‌ഐഎ സബ് ഇന്‍സ്‌പെക്ടറും അയാളുടെ മകനുമാണെന്ന് എഫ്‌ഐഎ പറയുന്നു. റാവല്‍പിണ്ടിയിലെ ബേനസീര്‍ ഭൂട്ടോ രാജ്യാന്തര വിമാനത്താവളം വഴിയാണ് എത്തിയത്. ഹൂസ്റ്റണിലെ പാക് നയതന്ത്രകാര്യാലയമാണ് വിസ നല്‍കിയത്. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കൗണ്ടറിലും ഇയാള്‍ പിടിക്കപ്പെട്ടില്ല. കുടുംബ സന്ദര്‍ശനത്തിനെന്ന് പറഞ്ഞാണ് ഇയാള്‍ ഒരു മാസത്തെ വിസ സമ്പാദിച്ചത്. സംഭവത്തില്‍ രണ്ട് എഫ്‌ഐഎ ഉദ്യോഗസ്ഥര്‍ക്കും ഹൂസ്റ്റണിലെ നയതന്ത്ര ഉദ്യോഗസ്ഥനായ സയീദ അല്‍ത്താഫിനുമെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കി. സംഭവത്തെക്കുറിച്ച് അമേരിക്കന്‍ നയതന്ത്രകാര്യാലയം പ്രതികരിച്ചിട്ടില്ല. വ്യക്തികളുടെ വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ പറയാനാകില്ലെന്നാണ് അവരുടെ നിലപാട്. ഇതിനിടെ പാകിസ്ഥാന്‍ നിരവധി വിമാനത്താവള ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. എവിടെയാണ് അശ്രദ്ധയുണ്ടായതെന്ന് കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. ബാരറ്റ് നാല് കൊല്ലം പാകിസ്ഥാനില്‍ ജീവിച്ചിട്ടുണ്ട്. ഇയാള്‍ക്ക് ഒരു പാകിസ്ഥാനി ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അമേരിക്കയും പാകിസ്ഥാനും തമ്മിലുളള ശത്രുതയുടെ ഇരയാണ് താനെന്നാണ് ഇയാളുടെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.