യുഡിഎഫ് പ്രതിസന്ധിയില്‍

Sunday 7 August 2016 10:25 pm IST

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ വിട്ടുപോക്ക് യുഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ജനതാദള്‍(യു), ആര്‍എസ്പി തുടങ്ങിയ ഘടകകക്ഷികളും കടുത്ത അസംതൃപ്തിയോടെയാണ് യുഡിഎഫില്‍ തുടരുന്നത്. ഇവരും മാണിക്കു പുറകെ യുഡിഎഫ് വിടുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ബുധനാഴ്ചത്തെ യുഡിഎഫ് യോഗം വളരെ നിര്‍ണായകമാകും. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് തെരഞ്ഞെടുപ്പിന് ശേഷം പുതിയ തലങ്ങളിലെത്തി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറിനില്‍ക്കുകയാണെങ്കിലും അദ്ദേഹത്തിന് കീഴിലുള്ള എ ഗ്രൂപ്പ് അവസരം വരുമ്പോള്‍ ആഞ്ഞടിക്കാമെന്ന തീരുമാനത്തിലാണ്. ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് പദവി കൈമാറിയെങ്കിലും ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും അവസരം കാത്തിരിക്കുന്നു. ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും പുറമെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും ചെറുതല്ല. സുധീരന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന് മാത്രമല്ല യുഡിഎഫിന് മൊത്തത്തില്‍ ഗുണകരമല്ലെന്ന ചിന്തയാണ് ഘടകകക്ഷികള്‍ക്ക് പൊതുവെ. യുഡിഎഫ് രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച മാണിയുടെ വിട്ടുപോകല്‍ മുന്നണിയുടെ ശിഥിലീകരണത്തിന്റെ തുടക്കമാണെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ചെറുകക്ഷികളാണെങ്കിലും ജനതാദളും ആര്‍എസ്പിയുംകൂടി പോയാല്‍ അത് തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. കെപിസിസി പുനഃസംഘടനകൂടി നടന്നാല്‍ പാര്‍ട്ടി തമ്മിലടിച്ച് നിലംപരിശാകുമെന്ന ഭയവും നേതാക്കള്‍ക്കുണ്ട്. അതിനാല്‍ തന്നെ ഗ്രൂപ്പ് ഭേദമെന്യേ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരുപോലെ പുനഃസംഘടനയെ എതിര്‍ക്കുന്നു. എന്നാല്‍ പുനഃസംഘടനയിലൂടെ ചാണ്ടിയെയും ചെന്നിത്തലയെയും ഒതുക്കി എന്നെന്നേക്കുമായി കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മൂക്കുകയറിടാനാകുമെന്ന പ്രതീക്ഷയിലാണ് സുധീരന്‍. പരസ്പരം പോരടിക്കുന്നുണ്ടെങ്കിലും സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടാണ്. പ്രധാനനേതാക്കള്‍ പരസ്പരം കടിച്ചുകീറാന്‍ അവസരം പാര്‍ത്തിരിക്കുമ്പോഴാണ് മുന്നണിയുടെ ശൈഥില്യത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. യുഡിഎഫ് ശിഥിലീകരിക്കപ്പെട്ടാല്‍ പിന്നെ മുസ്ലിംലീഗും മറുകണ്ടം ചാടാന്‍ അമാന്തമുണ്ടാകില്ല. യുഡിഎഫിന്റെ കെട്ടുറപ്പ് കോണ്‍ഗ്രസ് പുനഃസംഘടനവരെ മാത്രമേ ഉണ്ടാകുള്ളൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.