കാഞ്ഞങ്ങാട്: കാസര്‍കോട്ടേ കുടുംബൂര്‍ ആദിവാസി കോളനി നിവാസികള്‍ക്ക് വീടില്ല, ആശിച്ച ഭൂമിയില്ല.
കാസര്‍കോട് ജില്ലയിലെ കള്ളാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് കുടുംബൂര്‍ കോളനി. 43 വീടുകള്‍. പകുതിയും താമസയോഗ്യമല്ല. പത്തോളം വീടുകള്‍ക്ക് മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റ്. ചുവരുകള്‍ക്ക് ഓലമറ. കണ്ടാല്‍ കോഴിക്കൂടുപോലെ. സുരക്ഷിതത്വം തീരെയില്ലാത്ത ഈ വീടുകളിലാണ് പെണ്‍കുട്ടികളടക്കമുള്ള കുടുംബങ്ങള്‍ താമസിക്കുന്നത്.
ട്രൈബല്‍ വകുപ്പ് ഇവിടെ അനുവദിച്ച വീടുകളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. പക്ഷെ, വീടുകള്‍ അനുവദിച്ചത് യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടവര്‍ക്കല്ല. സിമന്റ് തേച്ച്, നല്ല അടച്ചുറപ്പുള്ള വീടുകള്‍ ഉളളവര്‍ക്കാണ് പുതിയത് കിട്ടിയത്. അവ പൊളിച്ചാണ് പുതിയതു നിര്‍മ്മിക്കുന്നത്. രാഷ്ട്രീയം നോക്കിയാണ് വീട് അനുവദിച്ചതെന്നും ആക്ഷേപം. വീടിന് അപേക്ഷ നല്കിയവരില് പ്ലാസ്റ്റിക് കൂരയ്ക്ക് കീഴെ കഴിയുന്നവരുണ്ടായിരുന്നു. പക്ഷേ, ട്രൈബല്‍ വകുപ്പ് അര്‍ഹരെ ഒഴിവാക്കിയെന്നാണ് ആക്ഷേപം. മുന്‍ഗണനാ ക്രമമാണ് നോക്കിയതെന്നും വകുപ്പ് വ്യാഖ്യാനിക്കുന്നു.
പത്ത് വര്‍ഷത്തോളമായി പ്ലാസ്റ്റിക് മേല്‍ക്കുരക്ക് കീഴെയാണ് കെ.വി. ബാബുവും കുടുംബവും. കുടുംബ സ്വത്തിന്റെ ഒരുഭാഗത്ത് മൂന്നു സെന്റ് സ്ഥലത്താണ് കൂര. നാല് മക്കളും ഭാര്യയുമൊപ്പം അതിലാണ്. മൂത്തമകന് ശരത് കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചാംതരം വിദ്യാര്‍ത്ഥി. രണ്ട് അനുജന്മാര് കുടുംബൂര്‍ ട്രൈബല്‍ വെല്‍ഫെയര്‍ വക സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ പഠിക്കുന്നു. കൂലിവേലയാണ് ബാബുവിന്റെ വരുമാന മാര്‍ഗം.
റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ സര്‍ക്കാരിന്റെ സൗജന്യ റേഷനും അര്‍ഹതയില്ല. കോളനിയിലെ പല കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ല. ബാബുവിന്റെ അനുജന് മധുവും കോളനിയില്‍ പ്ലാസ്റ്റിക് ഷീറ്റിട്ട കൂരയിലാണ്.
കോളനിയിലെ ശിവപ്രസാദ് കൊട്ടോടി സ്കൂളില്‍ ഒമ്പതില്‍ പഠിക്കുന്നു. ശിവപ്രസാദിന്റെ വീടിന് മേല്‍ക്കൂര പ്ലാസ്റ്റിക് ഷീറ്റാണെങ്കിലും, ഒരാള്‍ പൊക്കത്തില്‍ മൂന്ന് മണ്ചുമരുണ്ട്. അച്ഛന് എലുമ്പന് വീടിനായി ട്രൈബല്‍ വകുപ്പില്‍ അപേക്ഷ നല്കി.
മൂന്ന് കുട്ടികളാണ് എലുമ്പനുള്ളത്. എല്ലാവരും കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍. പഠനച്ചെലവും വാഹന വാടകയും കൂലിപ്പണിക്കാരനായ എലുമ്പന് അധികഭാരം.
‘ആശിക്കുന്ന ഭൂമി ആദിവാസിക്ക്’ പദ്ധതി ഇവര്‍ക്ക് അപരിചിതമാണ്. ഭാര്യക്കും ഭര്‍ത്താവിനും കുടുംബസ്വത്തായി 10 സെന്റില്‍ കുറവ് ഭൂമിയാണെങ്കില് അവര്‍ക്ക് ആശിക്കുന്ന ഭൂമി വാങ്ങി നല്കുന്ന പദ്ധതിയാണ് ‘ആശിക്കുന്ന ഭൂമി ആദിവാസിക്ക്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: