ജീയുടെ ദിനോസറിന് എന്താ ഇപ്പോള്‍ ഡിമാന്‍ഡ്!!

Sunday 7 August 2016 11:00 pm IST

സീ തൊ ഷെങ് ജീ ഇപ്പോള്‍ പത്തൊമ്പതു വയസ്സുപിന്നിട്ടെങ്കിലും ഓട്ടിസം ബാധിച്ചതിന്റെ പരിമിതികളുണ്ട്. കുട്ടിയായിരിക്കെ, ഒരിക്കല്‍ ജീ നിര്‍ത്താതെ ബഹളം വച്ചപ്പോള്‍ അച്ഛന്‍ അവനൊരു കളിപ്പാട്ടം നല്‍കി; ദിനോസര്‍ പാവ. ബഹളം മാറി, ജീ ശാന്തനായി. പക്ഷേ, ആ ദിനോസറില്‍നിന്ന് ജീ നേടിയ പ്രചോദനം അവനെ ഇത്രയും പ്രശസ്തനാക്കുമെന്ന് അന്നാരും പ്രതീക്ഷിച്ചതേയില്ല. ജീയുടെ 'ദിനോസര്‍' പഴ്‌സ് അത്രമാത്രം ശ്രദ്ധിക്കപ്പെട്ടു; അതിലൂടെ ഏറെ പണവും കൊയ്തു. ദിനോസറിന്റെ ചിത്രങ്ങള്‍ പ്രിന്റുചെയ്ത് ജീ രൂപകല്‍പ്പന ചെയ്ത പഴ്‌സുകളിലൊന്ന് ഒരുപാടിഷ്ടപ്പെട്ട് വാങ്ങിയത് മറ്റാരുമല്ല; സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ഭാര്യ ഹോചിങ്. ഭര്‍ത്താവിന്റെ അമേരിക്കന്‍ ഔദ്യോഗിക സന്ദര്‍ശന വേളയില്‍ ഹോ ചിങ്ങും ഒപ്പമുണ്ടായിരുന്നു. അന്ന് പ്രസിഡന്റിന്റെ ഭാര്യ മിഷേല്‍ ഒബാമയ്‌ക്കൊപ്പം ഹോ ചിങ് നില്‍ക്കുന്ന ചിത്രത്തിലൂടെ കൈയിലിരുന്ന പഴ്‌സ് ശ്രദ്ധിക്കപ്പെട്ടു. പടം വൈറലായി. ഒപ്പം പേഴ്‌സുണ്ടാക്കിയ ജീയും. സിംഗപ്പൂരിലെ, ഓട്ടിസം റിസോഴ്‌സ് സെന്ററിലെ പാത്ത്‌ലൈറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ജീ. റിസോഴസ് സെന്റര്‍ നടത്തിയ ഫണ്ട്‌ശേഖരണ പരിപാടിയിലാണ് സ്ഥാപനം ഉപദേശകകൂടിയായ ഹോ ചിങ് പഴ്‌സ് വാങ്ങിയത്. പാത്ത്‌ലൈറ്റ് സ്‌കൂള്‍ അധികൃതരും വലിയ സന്തോഷത്തിലാണ്. ഒരൊറ്റദിവസം കൊണ്ട് വിറ്റുപോയത് 200 പഴ്‌സുകള്‍. രണ്ടു മാസത്തേക്കുള്ള ഓര്‍ഡറും ലഭിച്ചു കഴിഞ്ഞു. മുമ്പ് കുട്ടികളുണ്ടാക്കുന്ന കരകൗശല വസ്തുക്കള്‍ വില്‍ക്കാന്‍ മാസങ്ങളെടുക്കുമായിരുന്നു. സ്‌കൂളിന്റെ കലാവിഭാഗത്തിനും കുട്ടികളുടെ സൃഷ്ടികള്‍ക്കും പ്രചോദനമാകുകയാണ് ഹോ ചിങ് വാങ്ങിയ പഴ്‌സെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിന്റാ കോ പറയുന്നത് അഭിമാനപൂര്‍വ്വം. ജീ യുടെ പഴ്‌സാണ് വൈറ്റ്ഹൗസ് സന്ദര്‍ശന വേളയില്‍ ഹോ ചിങ് കൈയില്‍ സൂക്ഷിച്ചിരുന്നതെന്ന് സ്‌കൂളില്‍ നിന്ന് അറിയിച്ചിരുന്നെങ്കിലും അത് തമാശയെന്ന മട്ടിലേ ജീയുടെ അച്ഛന്‍ ജാസണ്‍ കണക്കാക്കിയുള്ളു. ടാക്‌സി ഡ്രൈവറാണ് അദ്ദേഹം. വൈറലായിമാറിയ ചിത്രം കണ്ടപ്പോള്‍ ജീയുടെ ആഹ്ലാദം കുറച്ചൊന്നുമായിരുന്നില്ല. ശാന്തനായി ജീ ഇപ്പോഴും വരച്ചു കൊണ്ടിരിക്കുകയാണ് തന്റെ പ്രിയപ്പെട്ട ദിനോസര്‍ ചിത്രങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.