തീരുമാനം തെറ്റിയെന്ന് ബോധ്യപ്പെടും ; മാണിയോട് ചെന്നിത്തല

Sunday 7 August 2016 11:48 pm IST

കൊല്ലം: കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അങ്ങനെ പോയത് തെറ്റായിപ്പോയെന്ന് കാലം ബോധ്യപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മാണിയുടെയും കേരളകോണ്‍ഗ്രസ് എമ്മിന്റെയും മുന്നണിവിടല്‍ സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് കോണ്‍ഗ്രസിനോട് നേരിട്ടോ മുന്നണിയോഗത്തിലോ ഉന്നയിക്കാമായിരുന്നു. അത്തരത്തില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചാണ് മുന്നണിസംവിധാനം മുന്നോട്ടുപോകുന്നത്. സംസ്ഥാനത്ത് പിണറായി നടത്തുന്നത് ട്രാന്‍സ്ഫര്‍ ഭരണമാണ്. പോലീസ് സേനയിലെ മൂവായിരത്തോളം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത് ലെഫ്റ്റ്-റൈറ്റ് ട്രാന്‍സ്ഫറാണ്. ഇത് രാഷ്ട്രീയപ്രേരിതമാണ്. മുഖ്യമന്ത്രിയില്‍ നിന്ന് പോലീസിന്റെ കടിഞ്ഞാണ്‍ പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേ സമയം, കോണ്‍ഗ്രസിനെ വിരട്ടി കാര്യം സാധിക്കാമെന്ന് ആരും കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തും പറഞ്ഞു. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞെന്നാണ് ചിലരുടെ ധാരണ. ആ ധാരണ തെറ്റാണ്. അങ്ങനെ ആരും ധരിക്കേണ്ട. യുഡിഎഫ് യോഗത്തില്‍ പറയാത്ത കാര്യങ്ങളാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം. മാണി ഇപ്പോള്‍ പറയുന്നത്. അദ്ദേഹത്തെ കോണ്‍ഗ്രസ് ചതിച്ചു എന്ന് പരാതിപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. കോണ്‍ഗ്രസിനോടും അദ്ദേഹം ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. യുഡിഎഫില്‍ തുടരണോ വേണ്ടയോ എന്ന മാണിയുടെ അന്തിമതീരുമാനം വന്നശേഷം കോണ്‍ഗ്രസ് പ്രതികരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.