ആനകള്‍ ഇടഞ്ഞത്‌ പരിഭ്രാന്തി പരത്തി

Friday 2 March 2012 9:53 am IST

തൃശൂര്‍: ഇരിങ്ങാലക്കുടയിലും ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയിലും ആനയിടഞ്ഞത്‌ പരിഭ്രാന്തി പരത്തി. ഇരിങ്ങാലക്കുട ദേവസ്വത്തിന്റെ മേഘാര്‍ജ്ജുനനും ഏങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ബാലറാമുമാണ്‌ ഇടഞ്ഞത്‌. നീരിലായിരുന്ന മേഘാര്‍ജ്ജുനനെ ദേവസ്വം പറമ്പില്‍ നിന്നും കൊട്ടിലാക്കല്‍ പറമ്പിലേക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ്‌ ഇടഞ്ഞോടിയത്‌.
ഇരിങ്ങാലക്കുടയില്‍ കുട്ടിക്കൊമ്പന്റെ കുറുമ്പ്‌ നഗരത്തില്‍ അല്‍പനേരം പരിഭ്രാന്തി പരത്തി. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ആന മേഘാര്‍ജ്ജുനനാണ്‌ ഇന്നലെ രാവിലെ പത്തുമണിയോടെ അനുസരണക്കേട്‌ കാണിച്ചത്‌. മൂന്‍ന്മാസമായി നീരിലായിരുന്ന ആനയെ മഹാത്മാഗാന്ധി ലൈബ്രറിയുടെ പരിസരത്തുള്ള ദേവസ്വം പറമ്പിലാണ്‌ തളച്ചിരുന്നത്‌. ഇന്നലെ രാവിലെപത്ത്‌ മണിയോടെ ആനയെ അഴിച്ച്‌ കൊട്ടിലാക്കല്‍പറമ്പിലേക്ക്‌ കൊണ്ടുവരുമ്പോള്‍ ക്ഷേത്രത്തിനുമുന്‍പില്‍ മെയിന്‍റോഡില്‍ വച്ച്‌ പാപ്പാന്മാരുടെ നിയന്ത്രണത്തില്‍ നിന്നും വിട്ട്‌ തിരിഞ്ഞോടുകയായിരുന്നു.
രണ്ടു കിലോമീറ്ററോളം ഓടിയ ആനയെ ഒന്നരമണിക്കൂറിനുശേഷമാണ്‌ നിയന്ത്രിക്കാനായത്‌. ഇതിനിടെ പുറത്തിരുന്ന രണ്ടാം പപ്പാന്‍ കോട്ടക്കല്‍ സ്വദേശി വിഷ്ണു ചാടിയിറങ്ങിയതിനെതുടര്‍ന്ന്‌ പരിക്കേറ്റു. നിരന്തരംപാപ്പാന്മാര്‍ മാറുന്നതുമൂലമാണ്‌ ആന അനുസരണക്കേട്‌ കാട്ടുന്നതെന്ന്‌ നാട്ടുകാരും ആനപ്രേമി സംഘവും പറയുന്നു.
ഏങ്ങണ്ടിയൂരില്‍ പൊക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഇന്ന്‌ പുലര്‍ച്ചെ നടന്ന കൂട്ടിയെഴുന്നള്ളിപ്പിനിടെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ബാലറാമാണ്‌ ഓടിയത്‌. പാപ്പാന്മാരുടെ അവസരോചിതമായ ഇടപെടല്‍മൂലം ഉടന്‍ തന്നെ ആനയെ തളയ്ക്കാന്‍ സാധിച്ചു. ആന ഓടിയതറിഞ്ഞ്‌ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഇതിനിടയില്‍ കുന്നംകുളത്ത്‌ ആന വിരണ്ടോയെന്ന വ്യാജ വാര്‍ത്ത പരന്നത്‌ പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫന്റ്‌ സ്ക്വാഡും പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താന്‍ സാധിച്ചില്ല. അക്കിക്കാവിലാണ്‌ ആന ഓടിയതായ വാര്‍ത്ത പരന്നത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.